ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ശ്രീലങ്കയില്‍ രാജ്യവ്യാപകമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ വസതി വളഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ട്രിങ്കോമാലിയിലെ നാവികസേനാ താവളത്തിലേക്ക് രക്ഷപ്പെട്ടു. സെെനിക സുരക്ഷയിലാണ് മഹിന്ദ നാവിക താവളത്തില്‍ അഭയം പ്രാപിച്ചത്. വസതിക്കുനേരെ പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബ് പ്രയോഗിച്ചതോടെ മഹിന്ദ സെെന്യത്തിന്റെ സഹായം തേടുകയായിരുന്നു.
തടിച്ചുകൂടിയവര്‍ക്കുനേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് സെെന്യം മഹിന്ദയെ നാവികത്താവളത്തിലേക്ക് മാറ്റിയത്. അവിടെ നിന്ന് മഹിന്ദ രക്ഷപ്പെട്ടേക്കും എന്ന സംശയത്താല്‍ കൊളംബോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള നാവിക താവളവും പ്രക്ഷോഭകര്‍ വളഞ്ഞിരിക്കുകയാണ്. മന്ത്രിമാരും രാജപക്സെ അനുകൂലികളും രാജ്യം വിടാതിരിക്കാന്‍ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിന് പുറത്തും പ്രക്ഷോഭകര്‍ കാവല്‍ ശക്തമാക്കി.
ഒരു മാസത്തിനിടെ ഇതാദ്യമായാണ് പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുൻപ് പാർലമെന്റ് യോഗം വിളിച്ചു ചേർക്കണമെന്ന് പ്രസിഡന്റിനോട് സ്പീക്കർ യാപ്പ അബെവർധന ആവശ്യപ്പെട്ടു.
രാജിവച്ചതിന് പിന്നാലെ മഹിന്ദയുടെ കുടുംബ വീട് പ്രക്ഷോഭകര്‍ തീവച്ച് നശിപ്പിച്ചിരുന്നു. മഹിന്ദയുടെ കുരുനാഗലയിലെ വസതിക്കും തീയിട്ടു. പ്രധാനമന്ത്രിയുടെ കൊളംബോയിലെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിന്റെ പിൻഭാഗത്തും തീപിടിത്തമുണ്ടായി. ഹംബന്തോട്ടയിൽ മഹിന്ദയുടെയും പ്രസിഡന്റ് ഗോതബയയുടെയും പിതാവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഡി എ രാജപക്സെ സ്മാരകവും പ്രക്ഷോഭകര്‍ നശിപ്പിച്ചു. മഹിന്ദയുടെ വസതിക്ക് പുറമെ സനത് നിഷാന്ത, രമേഷ് പതിരാന, മഹിപാല ഹെരാത്, തിസ്സ കുട്ട്യറച്ഛി, നിമല്‍ ലാന്‍സ തുടങ്ങി 41 ഭരണപക്ഷ എംപിമാരുടെ വസതികള്‍ക്കും നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ക്കും പ്രക്ഷോഭകര്‍ തീയിട്ടു. രണ്ട് മേയർമാരുടെ വീടുകളും അഗ്നിക്കിരയാക്കി.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സുരക്ഷാസേനയ്ക്ക് പ്രസിഡന്റ്ഗോതബയ രാജപക്സെ അമിതാധികാരം നല്കി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുനേരെ വെടിവയ്ക്കാനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പൊലീസിന് കെെമാറുന്നതിനു മുന്‍പ് ആളുകളെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കാനും സെെന്യത്തിന് കഴിയും.
വാഹനങ്ങളുള്‍പ്പെടെയുള്ള സ്വകാര്യ വസ്തുവകകള്‍ പരിശോധിക്കാനും പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അധികാരം നല്‍കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കര്‍ഫ്യു ബുധനാഴ്ച വരെ നീട്ടിയതായും പ്രസിഡന്റ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച തന്നെ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
English Summary:Extreme Sri Lanka; Mahinda Rajapaksa sought refuge at the naval base
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.