സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021–22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി. രേഖകൾ ഇല്ലാതെയും അപൂർണവും തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതിവെട്ടിപ്പ് ശ്രമങ്ങളാണ് പിടികൂടിയത്.
നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഈടാക്കി. വിവിധ ഇന്റലിജൻസ് സ്ക്വാഡുകൾ നേരിട്ടും അതിർത്തിയിൽ സ്ഥാപിച്ച ആട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ കാമറയുടെ സഹായത്തോടെ സർവൈലെൻസ് സ്ക്വാഡുകളുടെ പരിശോധനയിലൂടെയും പാഴ്സൽ ഏജൻസികൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തത്.
ജിഎസ്‌ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2,881 ടെസ്റ്റ് പർച്ചേസുകളാണ് നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ 1,468 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്ക് സേവന നികുതി നിയമം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത്. ഈ സാമ്പത്തിക വർഷവും പരിശോധന കര്‍ശനമായി തുടരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 154 കട പരിശോധനകളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തി. ഇതേ തുടർന്ന് എടുത്ത 84 കേസുകളിലായി 15.37 കോടി രൂപ ഈടാക്കി. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ബിനാമി രജിസ്ട്രേഷൻ, ബിൽ ട്രേഡിങ്ങ്, സർക്കുലർ ട്രേഡിങ്ങ്, വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള വെട്ടിപ്പുകൾ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary:There were 17,262 tax evasion cases in the last financial year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.