ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.നടി നൽകിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാവരുടെയും സുരക്ഷക്കായാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാറിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂർവം പ്രവർത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയുമെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു. നടി ഈ ഹരജി നൽകിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും അതിൽ അവർ ശരി കാണുമെന്നും നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ കൊടുത്ത കാര്യം അവർ തീരുമാനിക്കുമെന്നും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയിൽ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്നും ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചാൽ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ ഇടപെടലുണ്ടായെന്ന ആരോപണത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
English Summary:LDF convener says UDF is playing dirty politics in Thrikkakara by-election
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.