27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 6, 2022
June 15, 2022
May 26, 2022
February 11, 2022
January 13, 2022
November 26, 2021
November 23, 2021

യുവതികളെ കരുത്തരാക്കാൻ കണ്ണീർപൂക്കളല്ല വേണ്ടത്

അഡ്വ.എം എസ് താര
കേരള വനിതാ കമ്മിഷനംഗം
May 26, 2022 5:15 am

സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്മയ കേരളീയ മനഃസാക്ഷിക്കു മുന്നിൽ സജീവമായി വീണ്ടുമെത്തിയിരിക്കുന്നു. ജീവിതത്തിന്റെ സൗരഭ്യങ്ങൾ ആസ്വദിക്കേണ്ട പ്രായത്തിൽ ലോകത്തുനിന്ന് അവൾ ഓടിയൊളിക്കുകയായിരുന്നു. മലയാളിയെ ഞെട്ടിച്ച സംഭവത്തിൽ കുറ്റക്കാരന് കോടതി നൽകിയ ശിക്ഷ കൊണ്ടുമാത്രം വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് നമുക്ക് പറയാനാവില്ല. വിധി വിസ്മയയുടെ മാതാപിതാക്കൾക്കെന്ന പോലെ വേദനിക്കുന്നവർക്കെല്ലാം ആശ്വാസം നൽകുന്നുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ കോടതിയിൽ എത്തിക്കാൻ പൊലീസിന് കഴിഞ്ഞു എന്നതുകൊണ്ടുമാത്രമാണ് ഇങ്ങനെ ഒരു വിധി. ഭർത്താവിന്റെ അത്യാർത്തിക്കു മുന്നിൽ ജീവിതം ഹോമിച്ച യുവതിക്കുവേണ്ടി പഴുതില്ലാത്ത അന്വേഷണം നടത്തുവാനും കുറ്റാരോപിതർക്ക് എതിരായ എല്ലാ ശിക്ഷാവകുപ്പുകളും ചേർക്കാനും വനിതാ കമ്മിഷൻ അംഗം എന്ന നിലയിൽ ഇടപെടേണ്ടിവന്ന സാഹചര്യം ഇന്നും മുന്നിലുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ളതിന്റെ പേരിൽ മിക്കപ്പോഴും ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമപാലകർക്ക് പ്രയാസമനുഭവിക്കേണ്ടിവരുമെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. വിസ്മയയുടെ വേദനകളും വിധിയും കുടുംബത്തിന്റെ ദുഃഖവും സമൂഹത്തിന് മുന്നിൽനിന്ന് അല്പ ദിവസംകൊണ്ട് മാഞ്ഞുപോകും. അതിന് മുമ്പ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക് ബാധ്യതയുണ്ട്.

 


ഇതുകൂടി വായിക്കൂ:  സ്ത്രീപക്ഷ നവ കേരളം, ജനങ്ങള്‍ ഏറ്റെടുക്കണം


 

സ്ത്രീധനത്തിന്റെ പേരിലാണല്ലോ വിസ്മയയ്ക്ക് പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. ഇനിയൊരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെങ്കിൽ സ്ത്രീധനം എന്ന ശാപചിന്ത കുടുംബങ്ങളിൽനിന്ന് മാറണം. പക്ഷേ, നമ്മുടെ അവബോധം ആ നിലയ്ക്ക് ഉയരാത്തിടത്തോളം നിയമങ്ങളെ നോക്കുകുത്തിയാക്കി ഈ ദുരവസ്ഥ തുടർന്നുകൊണ്ടേയിരിക്കും. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സമൂഹം വച്ചുപുലർത്തുന്ന ധാരണകളെ അത്ര എളുപ്പം മാറ്റിയെടുക്കാനാവില്ല. ആഢംബര ജീവിതം കൊതിക്കുന്ന യുവാക്കളും അവരുടെ കുടുംബങ്ങളും വിവാഹം നടന്ന ശേഷമാണ് ഓരോ ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. ഇത്തരം അവസ്ഥകളെ നിയമങ്ങളിലൂടെ നിയന്ത്രിക്കുക മാത്രമെ നിർവാഹമുള്ളൂ. ആ നിലയ്ക്ക് പ്രസക്തമാകുന്ന ചില മാർഗനിർദേശങ്ങൾ വനിതാ കമ്മിഷൻ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.

സ്ത്രീധനം വാങ്ങുന്ന യുവാക്കളുടെ ബിരുദങ്ങൾ പിൻവലിക്കാനും സർ­ക്കാരിൽനിന്നുള്ള ജോലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനുമുള്ളയത്ര കടുത്ത നിയമങ്ങൾ ഈ ഘട്ടങ്ങളിലൊക്കെ നിർദേശങ്ങളായി ഉയർന്നുവരുന്നു എന്നത് ശുഭകരമാണ്. കാലം സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലേക്ക് കുതിക്കുന്നുവെന്ന് കരുതപ്പെടുമ്പോഴും ആർഭാടജീവിതങ്ങളുടെ ചോതനയാണ് വളർന്നുവന്നുകൊണ്ടിരിക്കുന്നത്. അതിനാൽ വിവാഹവുമായി ബന്ധപ്പെട്ട യുവതികൾ ബലിയാടാക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ഒന്നാമത്തെ ചുവടുവയ്പ് രക്ഷിതാക്കളിൽ നിന്നാണ് തുടങ്ങേണ്ടത്. എല്ലാം ഒരുക്കി നൽകി മക്കളെ സന്തോഷകരമായ ദാമ്പത്യത്തിലേക്ക് നയിക്കുക എന്ന അമിത ചിന്ത പുലർത്തുന്നവർക്കാണ് വലിയ ആഘാതങ്ങൾ നേരിടേണ്ടിവരുന്നതെന്നാണ് മനസിലാകുന്നത്.


ഇതുകൂടി വായിക്കൂ: സ്ത്രീധനം വാങ്ങില്ല,കൊടുക്കില്ല; അരുത് ആര്‍ഭാട വിവാഹം


വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തുടക്കത്തിലേ പരിഹരിക്കാൻ ശ്രമങ്ങൾ വേണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പരസ്പരധാരണ നഷ്ടപ്പെടുന്ന അവസരത്തിൽ വിവാഹബന്ധം അവസാനിപ്പിച്ച് മനഃസംഘർഷമില്ലാത്ത അവസ്ഥയിലേക്ക് യുവതികളെ കൂട്ടിക്കൊണ്ടുവരാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാ ദുഖങ്ങളും കടിച്ചമർത്തി കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത പെൺകുട്ടികളുടെ തലയിൽ വയ്ക്കുന്നത് ഭൂഷണമല്ല. തെറ്റായ അഭിമാന ബോധം ത്യജിച്ച് യുവതികളുടെ ജീവിതം സംഘർഷരഹിതമാക്കാൻ മടിക്കുന്നിടത്ത് വ്യസനകരമായ വാർത്തകൾ കേൾക്കേണ്ടിവരും.

സ്ത്രീധനത്തെക്കുറിച്ച് മാത്രം ചിന്തിക്കാനും നടപടികൾ നിർദേശിക്കാനുമുള്ള അവസരമല്ല ഇത്. സ്ത്രീയുടെയും പുരുഷന്റെയും സ്ഥാനങ്ങൾ കൂടി പുനർനിർണയിക്കാനുള്ള വേളയായിക്കൂടി ചർച്ചകൾ മാറണം. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ സ്ത്രീക്കും പുരുഷനും നാം നിർണയിച്ചു നൽകിയ സ്ഥാനങ്ങളാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരവസ്ഥകളുടെയും അടിത്തറ. പുരുഷ കേന്ദ്രീകൃതമായ ഒരു സാമൂഹിക വ്യവസ്ഥയിൽ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന അനർത്ഥങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലയ്ക്കു വളർന്നുവരുന്ന പുതിയ ചിന്തകളോട് ഏറ്റവും പ്രതികൂലമായാണ് സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവർ ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്റെ സഹായിയും നിഴലുമായി ജീവിതം സമർപ്പിക്കേണ്ടവരാണ് സ്ത്രീകൾ എന്ന ധാരണ പഴയകാല മൂല്യങ്ങളാണ്. പുതിയ തലമുറയെ സമത്വസൗഹൃദ സമീപനങ്ങളിലേക്ക് നയിക്കാനും അതിന്റെ ഊഷ്മളതകളിലേക്ക് വളർത്താനും സാമൂഹിക ചിന്തകർക്കും രാഷ്ടീയ നേതൃത്വത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണസംവിധാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തങ്ങളെ ബോധവല്ക്കരണ ചർച്ചകളി­ൽ പരിമിതപ്പെടുത്താതെ ക്രിയാത്മക കർമ്മപദ്ധതികളായി വികസിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാന തത്വങ്ങളിൽ സ്ത്രീപുരുഷ സമവാക്യങ്ങളുടെ പുനരാഖ്യാനത്തെ ബന്ധപ്പെടുത്താൻ എല്ലാ തലത്തിലും കഴിയണം. പാഠപുസ്തകങ്ങളടക്കം പരിഷ്കരിക്കുന്നതോടൊപ്പം ആവശ്യമായ നിയമനിർമ്മാണങ്ങളും സാമൂഹിക സമീപനങ്ങളിലെ പരിഷ്കാരങ്ങളും അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: സാമൂഹ്യതിന്മയുടെ കൂടി ഇരയാണ് വിസ്മയ


അധ്വാനത്തിന്റെ മഹത്വവും ജീവിത സൗകര്യങ്ങൾ ഇച്ഛിക്കുന്നതിലെ മിതത്വവും അവ നേടിയെടുക്കുന്നത് സ്വപ്രയത്നം വഴിയാകണമെന്ന ചിന്തയും പുതിയ തലമുറയെ ബോധ്യപ്പെടുത്തുക എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മത്സരാധിഷ്ഠിതമായി പുതിയലോക ക്രമത്തെ നിലനിർത്തുന്ന മുതലാളിത്തഭാവങ്ങളെ ഇന്ന് ഒരിടത്തും തിരിച്ചറിയുന്നില്ല. സ്വജീവിതത്തിന്റെ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം ആർജ്ജിച്ച അടിസ്ഥാന ജീവിതദർശനങ്ങൾ നാമറിയാതെ നമ്മിൽനിന്ന് അകലുന്നു. ഈ കുറ്റപ്പെടുത്തലിന്റെ മുന എല്ലാവിഭാഗങ്ങളിലേക്കും നീളുന്നുണ്ട്. പ്രതിസന്ധികളുടെ പാരമ്യത്തിൽ സ്വയം വിചിന്തനം നടത്താനും മറ്റുള്ളവർക്ക് ദുരവസ്ഥകൾ വന്നുചേരരുതെന്ന് ആശംസിക്കാനുമാണ് നമുക്ക് കഴിയുന്നത്. നിസഹായതയുടെ ആഴക്കയങ്ങളിൽ എത്തിപ്പെടുമ്പോഴുള്ള തിരിച്ചറിവുകളാണ് ഇതൊക്കെ.

ദുരന്തങ്ങൾ നേരിടുന്ന പെൺകുട്ടികൾക്ക് വേണ്ടി സമൂഹമനഃസാക്ഷി കണ്ണീർപൂക്കൾ സമ്മാനിച്ചിട്ട് കാര്യമില്ല. നമ്മുടെ പെൺകുട്ടികളെ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. അതിനുള്ള ഉത്തരവാദിത്തം പുതിയ കാലത്ത് ഏറെ വർധിച്ചിട്ടുണ്ടെന്നാണ് ഓരോ സംഭവവും വ്യക്തമാക്കുന്നത്. മാനസിക സംഘർഷം അനുഭവിക്കുമ്പോൾ അതു പങ്കുവച്ച് പരിഹാര മാർഗം തേടുന്നതിനുള്ള ശരിയായ വഴികൾ പോലും നിശ്ചയിച്ചു നൽകാൻ കഴിയുന്നില്ല. വനിതാ കമ്മിഷൻ അംഗം എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൈകാര്യം ചെയ്യേണ്ടിവന്ന നൂറുകണക്കിന് കേസുകളിൽ നിന്ന് ബോധ്യപ്പെട്ട വസ്തുത ഇതാണ്. മാനസിക സംഘർഷം അനുഭവിക്കേണ്ടിവരുന്ന ഘട്ടങ്ങളിൽ ശരിയായ മാർഗനിർദേശം ലഭിക്കാത്തിരിക്കുക മാത്രമല്ല, ചില അവസരങ്ങളിലെങ്കിലും സഹായഹസ്തവുമായി എത്തുന്നവർ പുതിയ ചൂഷകരും പ്രശ്നക്കാരുമായി മാറുന്ന അനുഭവങ്ങളുമുണ്ട്.


ഇതുകൂടി വായിക്കൂ: സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം


മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയുന്ന നിരവധി സംഭവങ്ങളിൽ നിസാരമായി പരിഹരിക്കാവുന്ന അവസരങ്ങൾ പെൺകുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് കാണാം. അവര്‍ക്ക് തുറന്ന് സംസാരിച്ച് മാർഗനിർദേശം തേടാൻ വീടുകളിൽ പരിമിതികൾ നേരിടുന്ന ഘട്ടത്തിൽ സാമൂഹികമായി സംവിധാനം ഒരുക്കുകയാണ് മാർഗം. മുകൾതലം മുതൽ താഴേതലം വരെ അത്തരമൊരു സംവിധാനത്തെക്കുറിച്ച് നമുക്ക് ചിന്തിച്ചു തുടങ്ങാം. സ്ത്രീകളെ കരുത്തരാക്കാനുള്ള ശ്രമങ്ങളില്‍ ചേർന്നു നിൽക്കുന്ന തരത്തിൽ സർക്കാ­രിന്റെ ഭാഗത്തുനിന്ന് തന്നെ അതിനുള്ള ശ്രമങ്ങൾ ഉണ്ടാകണം. പെൺകുട്ടികൾക്കു വേണ്ടി സൈക്കോളജിസ്റ്റുകളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ഓരോ കേന്ദ്രം ആരംഭിക്കുന്നതിനും ശരിയായ മാർഗനിർദേശവും നിയമോപദേശവും നിയമസഹായവും നൽകുന്നതിനും കഴിയുന്ന തരത്തിൽ ഈ കേന്ദ്രങ്ങളെ സജ്ജീകരിക്കാനും കഴിയേണ്ടതുണ്ട്. വിദ്യാർത്ഥിനികൾക്കും യുവതികൾക്കുമായി ഇപ്പോൾ വനിതാ കമ്മിഷൻ താഴേതട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന കൗൺസിലിങ് പരിപാടികൾ ഇങ്ങനെ രൂപീകരിക്കുന്ന കേന്ദ്രങ്ങളുമായി സഹകരിച്ച് നടപ്പിലാക്കാൻ കഴിയും. തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജാഗ്രതാ സമിതികളെ കാര്യക്ഷമമാക്കി നിലനിര്‍ത്താൻ കഴിയുന്ന തരത്തിലുള്ള സമഗ്രമായ സംവിധാനമായും ഇതിനെ വിപുലപ്പെടുത്താൻ കഴിയണം. സംഘർഷ രഹിതമായി നമ്മുടെ യുവതികൾ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുമ്പോൾ മാത്രമെ നാം സാംസ്കാരികമായി വളർന്നൂ എന്ന് രേഖപ്പെടുത്താൻ കഴിയൂ. അത്തരമൊരു സാഹചര്യത്തിലേക്ക് മുന്നേറാൻ പ്രതിബദ്ധതയോടെ കൂട്ടായി ചിന്തിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.