അടുപ്പില്ലാത്ത
അടുക്കളയാണ് സ്വപ്‌നം.
കരിയും വെണ്ണീറും
അവശ്യത്തിലേറെ
മനസ്സിൽ അടിഞ്ഞുകിടപ്പുണ്ട്.
പാത്രങ്ങളിൽ പറ്റിപ്പിടിച്ച
തുപ്പൽമൂടിയ എച്ചിലുകൾ
തൊണ്ടക്കുഴിയിൽ
ഓച്ഛാനിച്ചു നിൽപ്പുണ്ട്.
മീൻ തല തേടിവരുന്ന പൂച്ച
തൈരും അച്ചാറും രസവും കൂട്ടി
ചോറു കഴിക്കുന്നതാണ് സ്വപ്‌നം
വരണ്ടു പീളകെട്ടിയ
രണ്ടു കണ്ണുകളിൽ
കിട്ടാക്കനിയായി
പൂച്ചയുറക്കം
കൊതിച്ചുകിടപ്പുണ്ട്.
വല നെയ്‌തു വല നെയ്‌തു
അടുക്കളച്ചുവരുകളിൽ
ഇരയെക്കാത്തിരിക്കുന്ന
എലുമ്പൻ കാലുകളാണ് സ്വപ്‌നം
എത്ര തൂത്തിട്ടും
കൊഴിഞ്ഞുപോവാത്ത
മാറാലമൂടിയ ഹൃദയത്തിൽ
കൂർത്ത കഴുകൻ കാൽനഖങ്ങൾ
ചുവന്ന ചിത്രങ്ങൾ വരയ്‌ക്കുന്നുണ്ട്.
അടുപ്പില്ലാത്ത
അടുക്കളയാണ് സ്വപ്‌നം.
അടുക്കളയില്ലാതെ
വീടാണ് സ്വപ്‌നം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.