15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 21, 2024
October 18, 2024
October 5, 2024
August 11, 2024
August 9, 2024
August 7, 2024
July 28, 2024
June 30, 2024
June 22, 2024

കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ കോവിഡ് അനാഥര്‍ 4,345; കേരളത്തില്‍ നിന്നും 112 കുട്ടികള്‍ക്ക് ആനുകൂല്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2022 7:05 pm

കോവിഡില്‍ പൂര്‍ണമായി അനാഥരായ കുട്ടികള്‍ക്ക് പിഎം കെയേഴ്സ് പദ്ധതി പ്രകാരം നല്‍കുന്ന ധനസഹായത്തിന് അര്‍ഹരായവരില്‍ 3,806 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ആകെ 4,345 പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പട്ടികയില്‍ നിന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. കോവിഡില്‍ അനാഥരായ 18 വയസിനു താഴെയുള്ള കുട്ടികളില്‍ 67.5 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

3806ല്‍ 674 കുട്ടികളാണ് (17 ശതമാനം) മഹാരാഷ്ട്രയില്‍നിന്നുള്ള ഗുണഭോക്താക്കള്‍. യുപി, മധ്യപ്രദേശ് (390 വീതം), തമിഴ്‌നാട് (323), ആന്ധ്ര (307) എന്നിങ്ങനെയാണ് കണക്ക്. ലഡാക്ക്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ആരും പിഎം കെയേഴ്സ് പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്കാണ് സഹായം ലഭിക്കുന്നത്.

ഡല്‍ഹി (125), ഹരിയാന (83), ഉത്തരാഖണ്ഡ് (40), പഞ്ചാബ് (31), ഹമാചല്‍പ്രദേശ് (19), ജമ്മു കശ്മീര്‍ (13), ചണ്ഡീഗഢ് (12) എന്നിങ്ങനെയാണ് 18 വയസിനു താഴെയുള്ള ഗുണഭോക്താക്കളുടെ കണക്ക്. ഈ പ്രായപരിധിക്ക് മുകളില്‍ 539 പേര്‍ക്കും ആനുകൂല്യം ലഭിക്കും.

കുട്ടികള്‍ക്കുള്ള ധനസഹായവും സ്കോളര്‍ഷിപ്പും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിതരണം ചെയ്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി സംഘടിപ്പിച്ച പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റാണ് നല്‍കുക. 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും.

കഴിഞ്ഞ വര്‍ഷം മേയ് 29ന് പ്രഖ്യാപിച്ച പദ്ധതി കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കും. ആയുഷ്മാന്‍ ഭാരത്, പിഎം ജന്‍ ആരോഗ്യ യോജന എന്നിവയ്ക്കു കീഴില്‍ കുട്ടികള്‍ക്ക് പാസ്ബുക്കും ഹെല്‍ത്ത് കാര്‍ഡും നല്കും.

19.17 ലക്ഷമെന്ന് ലാന്‍സെറ്റ്

ഇന്ത്യയില്‍ കോവിഡ് മൂലം മാതാപിതാക്കളില്‍ രണ്ടുപേരെയോ ഒരാളെയുമോ നഷ്ടമായ കുട്ടികളുടെ എണ്ണം 19.17 ലക്ഷം വരുമെന്നാണ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് കണക്കുകൂട്ടിയിരിക്കുന്നത്.

രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ ആയി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത് 5.24 ലക്ഷമാണ്. എന്നാല്‍ ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ അടക്കമുള്ള സംഘടനകളുടെ കണക്ക്.

ഇതനുസരിച്ച് ആയിരക്കണക്കിന് കുട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തം. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അനാഥരായ കുട്ടികളുടെ എണ്ണം 10,386 ആണെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ മാര്‍ച്ചില്‍ ലാന്‍സെറ്റ് റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയില്‍ അറിയിച്ചിരുന്നു.

Eng­lish summary;central Govt orphans 4,345; Ben­e­fit to 112 chil­dren from Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.