27 October 2024, Sunday
KSFE Galaxy Chits Banner 2

പോര്‍മുഖം തുറന്ന് ജെഡിയു; ആര്‍സിപി സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 30, 2022 8:28 pm

രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രമന്ത്രിയെ ഒഴിവാക്കി എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു. കേന്ദ്ര മന്ത്രിസഭയിലെ ഏക അംഗമായ ആര്‍സിപി സിങ്ങിനാണ് സീറ്റ് നിഷേധിച്ചത്. ജെഡിയു ഝാര്‍ഖണ്ഡ് അധ്യക്ഷനും മുന്‍ എംഎല്‍എയുമായ ഖീരു മഹത്തോയാണ് ബിഹാറില്‍ നിന്നും രാജ്യസഭയിലേക്കുള്ള ജെഡിയു സ്ഥാനാര്‍ത്ഥി.

ജെഡിയു-ബിജെപി ബാന്ധവം അസ്വാരസ്യങ്ങളിലേക്ക് നീങ്ങിയിട്ട് ഏറെ നാളായി. ബിജെപി താല്പര്യങ്ങള്‍ക്ക് അപ്പുറം സ്വന്തം താല്പര്യം സംരക്ഷിക്കാനുള്ള ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നടപടികളില്‍ ബിജെപിക്ക് തികഞ്ഞ അതൃപ്തിയാണുള്ളത്. സമന്വയത്തിലൂടെ നിതീഷിനെ വരുതിയിലാക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ നിതീഷ് വീണ്ടും ബിജെപിക്ക് താക്കീത് നല്‍കിയിരിക്കുകയാണ്.

കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യമല്ല ലഭിച്ചതെന്ന പരാതിയാണ് നിതീഷ് കുമാറിനുള്ളത്. എന്നാല്‍ മൃഗീയ ഭൂരിപക്ഷത്തോടെ രണ്ടാംതവണ വിജയിച്ച ബിജെപി ഘടക കക്ഷികളുടെ ആവശ്യങ്ങളോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇത് ഘടകകക്ഷികളെ പ്രകോപിക്കുകയും ചെയ്തു. ശിവസേനയും അകാലിദളും എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു.

ജെഡിയുവും ആ വഴിക്കാണ് നീങ്ങുന്നതെന്ന സന്ദേശമാണ് നിലവിലെ മന്ത്രിയായ സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ നിതീഷ് വ്യക്തമാക്കിയിരിക്കുന്നത്.
ജെഡിയുവിനുള്ളിലെ വിമത നീക്കങ്ങള്‍ക്ക് കേന്ദ്ര ഉരുക്കു മന്ത്രിയായ സിങ് നീക്കം നടത്തുന്നത് തടയാനാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന വാര്‍ത്തകളും ഉയരുന്നുണ്ട്. സിങ്ങിനു വേണമെങ്കില്‍ ഒരു സഭയിലും അംഗമല്ലാതെ മന്ത്രി സ്ഥാനത്ത് ആറുമാസം തുടരാന്‍ കഴിയും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ അഭിപ്രായം തേടുമെന്നാണ് ആര്‍സിപി സിങ് പ്രതികരിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിതീഷിന്റെ പിന്മാറ്റം ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ മുഖ്താര്‍ അബ്ബാസ് നഖ്വിക്കും സിങ്ങിനും രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനാ സാധ്യതകളും ഉയര്‍ന്നു വരികയാണ്.

Eng­lish summary;RCP Singh was denied a Rajya Sab­ha seat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.