സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കൊച്ചുകൂരയും സ്വപ്നം കാണാത്തവരായി ആരാണുള്ളത്. എന്നാൽ, അങ്ങനെയൊന്ന് കേവലം സ്വപ്നമായി തന്നെ അവശേഷിക്കുമെന്ന് കരുതിയവർക്കു മുന്നിൽ, യാഥാർത്ഥ്യബോധത്തിന്റെ കൈത്തിരിയുമായി സംസ്ഥാന സർക്കാർ നിൽക്കുന്നതാണ് കഴിഞ്ഞ ആറുവർഷത്തെ പൊതുസമൂഹത്തിന്റെ അനുഭവം. തങ്ങളെ ചേർത്തുപിടിക്കാനും സംരക്ഷിക്കാനും നിറംകെട്ടുപോയ ജീവിതങ്ങൾക്ക് നിറംപകരാനും ഇവിടെ ഒരു ഭരണകൂടമുണ്ട് എന്ന തിരിച്ചറിവും ഉറപ്പും നാട്ടിലെ പാവപ്പെട്ട മനുഷ്യർക്ക് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. ആ ഇടപെടലുകളിൽ റവന്യു വകുപ്പിന്റെതായ ഒരു പങ്ക് നിർവഹിക്കാൻ കഴിയുന്നതിലുള്ള സന്തോഷവും ചെറുതല്ല. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ അരലക്ഷത്തിൽപ്പരം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റി മറ്റൊരു ചരിത്ര ദൗത്യംകൂടി നിർവഹിച്ച ചാരിതാർത്ഥ്യത്തിലാണ് റവന്യു വകുപ്പ്. ഇത് വെറും പട്ടയങ്ങളല്ല, സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ രജതരേഖയാണ്. ഈ ചരിത്രനേട്ടത്തിന്റെ അംഗീകാരം കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് അവകാശപ്പെട്ടതാണ്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ നാട്ടിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിക്കുന്നതിനാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി ഭൂമിയുടെ നേരവകാശികളാക്കി അവരെ മാറ്റുക എന്നതാണ്. അഞ്ചു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം നൂറുശതമാനം കൈവരിക്കുന്നതിനുള്ള പ്രയത്നത്തിലാണ് റവന്യു വകുപ്പും സംസ്ഥാന സർക്കാരും ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇടതുഭരണത്തിന്റെ ഈ ആറ് വര്‍ഷങ്ങളിലായി ആകെ വിതരണം ചെയ്തത് 2.31,546 പട്ടയങ്ങള്‍.
പട്ടയം എന്ന ജീവൽപ്രശ്നം
കൈവശത്തിലുള്ള ഭൂമിക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മതിയായ രേഖകളില്ലാത്തതിന്റെ പ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. എത്രയോ കാലമായി പട്ടയത്തിനായി ഉഴലുന്നവരുടെ ദൈന്യത നമുക്ക് മുന്നിലുണ്ട്. ഒരുകാലത്ത് കേരളത്തില്‍ ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ദാനം എന്നീ ഇനം ഭൂമികളായിരുന്നു. ജന്മിമാർക്ക് പാട്ടം കൊടുത്ത് യാതൊരു ഉറപ്പും ഇല്ലാതെ എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കാവുന്ന അവസ്ഥയിൽ അവിടെ ജീവിക്കുകയും കൃഷിചെയ്ത് വിളവുണ്ടാക്കി അതിന്റെ വലിയൊരു പങ്ക് ജന്മിമാർക്ക് നൽകുകയും ചെയ്യുന്ന അവസ്ഥ. ഇതിൽ നിന്നൊരു മാറ്റമുണ്ടായത് പണ്ടാരപ്പാട്ട വിളംബരത്തോടെയാണ്. ആയില്യം തിരുനാൾ മഹാരാജാവ് 1865ൽ പുറപ്പെടുവിച്ച പണ്ടാര പാട്ടവിളംബരം പണ്ടാരവക അഥവാ സർക്കാർ ഭൂമിയിൽ കുടിയാന്മാർക്ക് സ്ഥിരാവകാശം നൽകി. ഈ വിളംബരമാണ് പിൽക്കാലത്ത് ജന്മിമാരുടെ ഭൂമികളിലും കുടിയാന്മാർക്ക് ജന്മാവകാശം നൽകുന്ന ചിന്തയിലേക്ക് വഴി തെളിച്ചതും 1957 ലെ കാർഷിക ബന്ധ നിയമത്തിലേക്കും തുടർന്ന് 1969ലെ സമഗ്ര ഭൂപരിഷ്കരണ നിയമത്തിലൂടെ ഈ സങ്കല്പം സഫലീകരിക്കപ്പെട്ടതും. സർക്കാർ ഭൂമിയിൽ സ്ഥിരാവകാശം നൽകുന്ന നടപടി എന്ന നിലയിൽ പണ്ടാരപ്പാട്ടം വിളംബരം ശ്രദ്ധേയമാണ്. പട്ടയം നൽകുന്ന നടപടി എന്ന നിലയിൽ ആദ്യത്തേത് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പിന്നീട് 1950ൽ തിരുവിതാംകൂർ‑കൊച്ചി ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ ആക്ടും കേരള സംസ്ഥാന രൂപീകരണശേഷം 1960ൽ കേരള ഗവൺമെന്റ് ഭൂമി പതിച്ചു നൽകൽ ആക്ടും നിലവിൽ വന്നു. 1960ലെ നിയമം വന്നതോടെ 1950ലെ നിയമത്തിന് പ്രാബല്യം നഷ്ടപ്പെട്ടു. 1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള നിരവധി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമി ഭൂരഹിതർക്ക് പതിച്ചുകൊടുക്കുന്നതിനുള്ള നടപടികൾ തുടര്‍ന്ന് വരുന്നത്.
1970ൽ സി അച്യുതമേനോൻ സർക്കാർ 1969ലെ ഭേദഗതിയോടുകൂടിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതു മുതൽ കുടിയായ്മ പട്ടയങ്ങളും മിച്ചഭൂമി പട്ടയങ്ങളും കേരളത്തിൽ വിതരണം ചെയ്തുവരികയാണ്. രാജ്യത്തിനുതന്നെ മാതൃകയായ 1957ലെ കാർഷിക ബന്ധ നിയമത്തിലെ പല പ്രധാനപ്പെട്ട വ്യവസ്ഥകളും കോടതി വിധികളിലൂടെ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് 1960ലെ കേരള ഭൂപരിഷ്കരണ നിയമവും തുടർന്ന് 1969ൽ സമഗ്രമായ ഭേദഗതികൾ ഉൾക്കൊള്ളിച്ച് ഇന്നത്തെ നിലയിലുള്ള സമഗ്രനിയമവും നിലവിൽ വന്നത്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി 1970ൽ ചട്ടങ്ങൾ രൂപീകരിച്ചതോടുകൂടി നിയമം നടപ്പിലാക്കപ്പെടുകയും അതോടെ കർഷകർക്ക് കൃഷിഭൂമിയിന്മേലുള്ള അവന്റെ അവകാശം സ്ഥാപിച്ചെടുക്കാനുമായി. ഇത് പെട്ടന്നൊരു പുലരിയിൽ ഉയർന്നുവന്നതല്ല. നാട്ടിലെ അധ്വാനവർഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ സ്വാഭാവികമായ ഒരു തുടർച്ചയായിരുന്നു. തലമുറകളായി അടിച്ചമർത്തപ്പെട്ടിരുന്ന അധ്വാനവർഗത്തിന്റെ വിമോചന മാർഗമായിരുന്നു കൃഷിഭൂമിക്കു മേലുള്ള അവന്റെ അവകാശം.
യുണീക്ക് തണ്ടപ്പേർ സംവിധാനം
കുടിയാന് കൈവശഭൂമിയിൽ സ്ഥിരത നൽകുക, കുടികിടപ്പുകാരന് അവകാശം സ്ഥാപിച്ച് നൽകുക, ഭൂപരിധി നിർണയിക്കുന്നതിലൂടെ കണ്ടെത്തുന്ന ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു ഭൂപരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ലാന്റ് ട്രിബ്യൂണലുകളിൽ തീർപ്പാക്കാതെയുളള 1,27,242 കേസുകൾ ഉടനെ തീർപ്പാക്കുന്നതോടുകൂടി കുടിയായ്മ, കുടികിടപ്പ് എന്നീ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടും. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇത്തരം കേസുകൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഭൂപരിധിയുടെ അടിസ്ഥാനത്തിലുളള മിച്ചഭൂമി കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ കുറച്ചുകൂടി ഗൗരവത്തോടെ തുടരേണ്ടതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ യുണീക്ക് തണ്ടപ്പേർ സംവിധാനം (യുടിഎസ്) നടപ്പിലാക്കിയത്. വിദേശ കമ്പനികളുടെ കൈവശത്തിലുളള രേഖയില്ലാത്ത ഭൂമി ഏറ്റെടുക്കുന്നതിനുളള ശ്രമങ്ങൾ നടന്നുവരുന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ കൈവശത്തിലുള്ളതും ജനങ്ങൾ കുടിയേറി പാർത്തിട്ടുള്ളതും എന്നാൽ സർക്കാർ വകുപ്പുകൾക്ക് ആവശ്യമില്ലാത്തതുമായ ഭൂമി കുടിയേറ്റക്കാർക്ക് പതിച്ചു നൽകുന്നതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമഗ്രമായ പദ്ധതി തയാറാക്കും. ഇത്തരത്തിൽ ഭൂമി ലഭ്യമാക്കി ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം.
എംഎൽഎ ഡാഷ് ബോർഡ്
കേരളത്തിലെ ഉയർന്ന ജനസാന്ദ്രത, സവിശേഷമായ ഭൂഘടന, നിലനിന്നിരുന്ന ഭൂബന്ധങ്ങൾ എന്നിവ സുഗമമായ പട്ടയ വിതരണത്തിനുള്ള പ്രതിബന്ധങ്ങളാണ്. ഇത്തരം പ്രതിബന്ധങ്ങൾ തരണംചെയ്ത് പരമാവധി കുടുംബങ്ങളെ ഭൂവുടമകൾ ആക്കുന്നതിന് വളരെ വിപുലമായ സജ്ജീകരണങ്ങളാണ് റവന്യു വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. ഈ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ സംസ്ഥാനത്തെ മുഴുവൻ നിയമസഭാ സാമാജികരുടെയും യോഗം റവന്യു അസംബ്ലി എന്ന പേരിൽ വിളിച്ചുകൂട്ടുകയും ഓരോ നിയമസഭാ മണ്ഡലത്തിലുമുളള പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവ എംഎൽഎ ഡാഷ് ബോർഡ് എന്ന ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തി പരിഹാരം കാണാൻ തീരുമാനിക്കുകയും ചെയ്തു. ഡാഷ് ബോർഡിലേക്ക് എല്ലാ നിയമസഭാ സാമാജികർക്കും ലോഗിൻ ഐഡിയും പാസ്‌വേഡും നൽകി. ഇതുവഴി എംഎൽഎമാർക്ക് അവരുടെ മണ്ഡലത്തിലെ പുരോഗതി ഓൺലൈൻ ആയി നിരീക്ഷിക്കാനാവും. ഓരോ പ്രദേശത്തെയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, ലഭ്യമായ ഭൂമിയിൽ പട്ടയ വിതരണത്തിനുള്ള തടസം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഒരു പട്ടയ ഡാഷ് ബോർഡും സജ്ജമാക്കി. പട്ടയ ഡാഷ് ബോർഡിലെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നതിന് മന്ത്രി ഓഫീസിൽ തന്നെ പ്രത്യേക ടീമും പ്രവർത്തിക്കുന്നു.
ഇ‑പട്ടയവും ഡിജി ലോക്കറും
പട്ടയ അപേക്ഷകൾ ലഭിക്കുന്നതിനോടൊപ്പം നഷ്ടപ്പെട്ട പട്ടയ പകർപ്പിനു വേണ്ടിയുള്ള അപേക്ഷയുടെ ബാഹുല്യവും ഇ‑പട്ടയം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു. ഡിജിറ്റൽ ഒപ്പ്, ക്യുആർ കോഡ് എന്നിവ സഹിതം ഒരു പ്രത്യേക സോഫ്റ്റ്‌വേറിലൂടെ അനുവദിക്കപ്പെടുന്ന പട്ടയങ്ങൾ സെർവറിൽ ശേഖരിക്കപ്പെടും എന്നതിനാൽ നഷ്ടപ്പെട്ടാലും പകർപ്പ് അനായാസം വീണ്ടെടുക്കാനാവും. കൂടാതെ ഏതൊരു അതോറിറ്റിക്കും പട്ടയത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അതിന്റെ ആധികാരികത ഉറപ്പാക്കാനും വ്യാജ പട്ടയങ്ങൾ തടയാനും സാധിക്കും. ആധാർ അധിഷ്ഠിതമായി വിതരണം ചെയ്യുന്ന ഇ‑പട്ടയങ്ങൾ ഡിജി ലോക്കറിൽ ശേഖരിക്കപ്പെടും എന്നതിനാൽ എവിടെവച്ചും എപ്പോൾ വേണമെങ്കിലും പട്ടയ പകർപ്പ് ലഭ്യമാക്കാനാകും എന്നതും, ഒരാൾതന്നെ ഒന്നിലധികം പട്ടയങ്ങൾ നേടുന്നത് ഒഴിവാക്കാനാവും എന്നതും മേന്മകളാണ്.
ക്രയ സർട്ടിഫിക്കറ്റുകൾക്കായി പ്രത്യേക കർമ്മ പരിപാടി
സംസ്ഥാനത്തെ 77 ലാന്റ് ട്രിബ്യൂണലുകളിലായി ഏകദേശം 1,27,242 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഒരു ക്വാസി ജുഡീഷ്യൽ അധികാരത്തോടെ തീർപ്പാക്കേണ്ട ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുക എന്ന കർത്തവ്യമാണ് ആദ്യം ഏറ്റെടുത്തത്. സംസ്ഥാനത്തെ ലാന്റ് ട്രിബ്യൂണലുകളിലെയും ലാന്റ് ബോർഡുകളിലെയും ജീവനക്കാരെ നാല് മേഖലകളായി തിരിച്ച് അവർക്ക് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനവും നിയമം സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ ക്രയ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ വളരെയധികം പുരോഗതി ഉണ്ടായി. സംസ്ഥാനത്തെമ്പാടും വിവിധ ലാന്റ് ബോർഡുകളിലായി 1295 മിച്ചഭൂമി കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ തീർപ്പാക്കിയാൽ 3325.61 ഹെക്ടർ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും ഭൂരഹിതരായവർക്ക് വിതരണം ചെയ്യാനുമാകും. ഈ കേസുകളുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീർപ്പിനായി സംസ്ഥാനത്തെ ലാന്റ് ബോർഡുകളെ നാല് മേഖലകളായി തിരിച്ച് ഓരോ മേഖലയുടെയും ചുമതല ഓരോ ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകി അതിവേഗത്തിൽ കേസുകൾ തീർപ്പാക്കുന്നതിനുളള നടപടികളും ആലോചിക്കുന്നു. ഒരു വർഷത്തിനുളളിൽ 54,345 പട്ടയങ്ങൾ വിതരണം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചതിനു പിന്നിൽ റവന്യു വകുപ്പ് ജീവനക്കാരുടെ അക്ഷീണ പരിശ്രമം എടുത്തു പറയേണ്ടതാണ്. പതിറ്റാണ്ടുകളായി വിവിധ നിയമ കുരുക്കുകളിൽപ്പെട്ട് തങ്ങൾക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഈ ഒരു വർഷത്തിനുള്ളിൽ പട്ടയം അനുവദിച്ചത്. വയനാട് ജില്ലയിൽ പ്യാരിസൺ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന തടസം മാറ്റിയതും അത്ര തന്നെ പഴക്കമുള്ള നരിക്കിൽ ഭൂമി പതിവ് വിഷയം പരിഹരിക്കാനായതും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, നേര്യമംഗലം ഭാഗത്തെ കൈവശക്കാരുടെ 40 വർഷത്തിലേറെയുള്ള പട്ടയ വിഷയത്തിൽ പ്രത്യേക ഉത്തരവിലൂടെ പരിഹാരം കാണാനായതും ഇതിന് ഉദാഹരണങ്ങളാണ്. കൊല്ലം ജില്ലയിലെ പുനലൂരിൽ ദശാബ്ദങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പുനലൂർ പേപ്പർ മില്ലിന്റെ മിച്ചഭൂമിയിൽ കുടിയേറിയിരുന്നവർക്ക് പട്ടയം കൊടുക്കാനായതും വലിയ നേട്ടമാണ്.
മലയോര മേഖലയ്ക്കും തീരദേശത്തിനും പ്രത്യേക പരിഗണന
അടുത്തഘട്ടം പട്ടയ വിതരണത്തിൽ മലയോര മേഖലയ്ക്കും തീരദേശത്തിനും പ്രാധാന്യം നൽകി പാർശ്വവല്ക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തെക്കൂടി ഭൂമിയുടെ അവകാശികളാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട അര്‍ഹരായ മുഴുവൻ പേർക്കും ഭൂമി നല്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതി തയാറാക്കും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന കൃത്യമായ ലക്ഷ്യത്തോടെ റവന്യു വകുപ്പ് കർമ്മപന്ഥാവിലാണ്. അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ മഹത്തായ ഈ നേട്ടം കൈവരിക്കാൻ ആവശ്യമായ പിന്തുണയും സഹകരണവും പ്രോത്സാഹനവുമായി ഒരു വലിയ സമൂഹം ഒപ്പമുള്ളതാണ് ഈ സർക്കാരിന്റെ ഊർജവും കരുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.