28 October 2024, Monday
KSFE Galaxy Chits Banner 2

ഓര്‍മ്മയായത് ലോകശ്രദ്ധ നേടിയ ‘ഗാന്ധി‘യുടെ പോസ്റ്ററുകള്‍ സൃഷ്ടിച്ച ചിത്രകാരന്‍

കെ കെ ജയേഷ്
കോഴിക്കോട്
June 3, 2022 10:43 pm

മുംബൈ വിലേപാർലെ വെസ്റ്റിലെ ഗോൾഡൻ ടുബാക്കോയുടെ ഓഫീസിൽ ജോലി ചെയ്യുന്ന കാലത്താണ് റിച്ചാർഡ് ആറ്റൻബറോയുടെ 1982ൽ പുറത്തിറങ്ങിയ ഇതിഹാസ ചിത്രമായ ‘ഗാന്ധി’ യുടെ പോസ്റ്ററുകൾ തയാറാക്കാനുള്ള അവസരം ചിത്രകാരനായ പി ശരത് ചന്ദ്രനെ തേടിയെത്തുന്നത്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ ഗാന്ധി സിനിമ പൂർത്തിയാക്കിയപ്പോൾ മികച്ച പോസ്റ്ററുകൾ വേണമെന്ന് സംവിധായകന് നിർബന്ധമായിരുന്നു. ഇന്നത്തേതുപോലെ സാങ്കേതിക വിദ്യകൾ വികസിക്കാത്ത കാലം. സിനിമയുടെ പ്രചരണത്തിന് പോസ്റ്ററുകൾ മാത്രമാണ് ആശ്രയമായിട്ടുള്ളത്. ഈ ദൗത്യം ബോംബെയിലെ സോഴ്സ് അഡ്വടൈസിങ് എന്ന പരസ്യ ഏജൻസിയെ ആറ്റൻബറോ ഏൽപ്പിച്ചു. പോസ്റ്ററുകൾ മനോഹരമായിരിക്കണമെന്നും അത് കൃത്യസമയത്തിനുള്ളിൽ തയാറാക്കി നൽകണമെന്നുമായിരുന്നു സംവിധായകന്റെ നിർദേശം. 

എന്നാൽ ഓർഡർ ഏറ്റെടുത്ത സോഴ്സ് കമ്പനി ഇതിന് പറ്റിയ ആളെ കണ്ടെത്താൻ കഴിയാതെ പ്രയാസത്തിലായി. സോഴ്സ് കമ്പനിയിലെ ശാന്തകുമാറിന്റെ സുഹൃത്തായിരുന്നു ശരത് ചന്ദ്രൻ. അദ്ദേഹം ഗോൾഡൻ ടുബാക്കോ ജനറൽ മാനേജറായിരുന്ന സേത്തിയോട് കാര്യം പറഞ്ഞു. അങ്ങിനെയാണ് സിഗരറ്റ് കവറുകൾ ഡിസൈൻ ചെയ്യുന്നതിൽ പ്രഗത്ഭനായിരുന്ന ശരത് ചന്ദ്രൻ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഗാന്ധിയുടെ കുറച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ മാത്രമായിരുന്നു ശരത് ചന്ദ്രന് നൽകിയിരുന്നത്. അമിതാഭ് ബച്ചന്റെ ഷോലെയുടേത് പോലെ കളർ ഫുള്ളായിരിക്കണം പോസ്റ്ററെന്നായിരുന്നു നിർദേശം. അങ്ങിനെ ശരത് ചന്ദ്രൻ ബോംബെ ലിബർട്ടി തിയേറ്ററിൽ നടന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനെത്തി. എന്നാൽ ഷോലെ പോലെ വർണങ്ങൾ വാരി നിറയ്ക്കാനുള്ള കാഴ്ചകളൊന്നും ശരത് ചന്ദ്രൻ ചിത്രത്തിൽ കണ്ടില്ല. മങ്ങിയതും പോരാട്ടവീര്യം നിറഞ്ഞതുമായ ജീവിതക്കാഴ്ചകളെ വർണങ്ങൾ നിറച്ച് എങ്ങിനെ മോടി കൂട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. 

Sarath Chandran Gandhi

ചിത്രത്തിന്റെ കളർ സ്കീം മനസിലാക്കിയ ശരത് ചന്ദ്രൻ കളറുകള്‍ സ്പ്രേ ചെയ്താണ് പശ്ചാത്തലമെല്ലാം പോസ്റ്ററിൽ ലയിപ്പിച്ചത്. ജാലിയൻ വാലാ ബാഗും ഗാന്ധിജിയുടെ പോട്രേറ്റും പോസ്റ്ററിൽ കൊണ്ടുവന്നതോടെ നിർമ്മാണ കമ്പനിക്കും അത് ഇഷ്ടമായി. ജാലിയൻ വാലാ ബാഗിൽ വെടിയേറ്റു വീണ അമ്മയുടെ അടുത്തിരുന്ന് വിലപിക്കുന്ന കുട്ടിയുടെ ചിത്രമുള്ള പോസ്റ്റർ രാജ്യമാകെ പ്രചരിച്ചു. സിനിമ ലോകശ്രദ്ധ നേടുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
എന്നാൽ ചിത്രത്തിന് മനോഹരമായ പോസ്റ്ററുകൾ ഒരുക്കിയ ശരത് ചന്ദ്രൻ സിനിമയുടെ വഴിയിൽ സഞ്ചരിക്കാതെ ഗോൾഡൻ ടുബാക്കോയുടെ ഓഫീസിൽ തന്റെ ജോലി തുടർന്നു. ഗാന്ധിക്ക് ശേഷം മറ്റൊരു സിനിമയ്ക്കും അദ്ദേഹം പോസ്റ്റർ ഡിസൈൻ ചെയ്തിട്ടില്ല. അന്ന് കൈകൊണ്ട് വരച്ച് നിറം കൊടുത്ത പോസ്റ്ററുകൾ പിന്നീടെപ്പോഴോ നശിച്ചുപോയി. വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിലയേറിയ സ്വത്തുക്കളായിരുന്നുവെന്ന് തിരിച്ചറിയാൻ വൈകിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് 2016ൽ അതേ പോസ്റ്ററുകൾ അദ്ദേഹം ഓർമ്മകളിൽ നിന്നും വീണ്ടും സിനിമാസ്വാദകർക്കായി വരച്ചെടുത്തു. ഏജൻസി വഴി ഫ്രീലാൻസായി ചെയ്ത ജോലിയായിരുന്നു അത്. അതിനാൽ ശരത് ചന്ദ്രനാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തതെന്നുപോലും പലർക്കും അറിയുമായിരുന്നില്ല. 

Sarath Chandran

ജീവിതപ്രയാസങ്ങളെ തുടർന്നാണ് തലശേരി സ്വദേശിയായ ശരത് ചന്ദ്രൻ 1964 ൽ ബോംബെയിലേക്ക് വണ്ടി കയറിയത്. പത്രപരസ്യം കണ്ട് ഒരു ഹിന്ദി ചലച്ചിത്രത്തിനായി ശരത് ചന്ദ്രൻ ഡിസൈൻ ചെയ്തയച്ച പോസ്റ്ററിന് രണ്ടാം സമ്മാനം ലഭിച്ചു. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ നീലമേഘങ്ങൾക്കിടയിൽ നിൽക്കുന്ന ജോയി മുഖർജിയെയും സാധനയെയുമാണ് അന്ന് അദ്ദേഹം വരച്ചത്. അന്ന് ലഭിച്ച 350 രൂപ സമ്മാനത്തുകയുമായാണ് ശരത് ചന്ദ്രൻ ബോംബെയ്ക്ക് യാത്ര തിരിക്കുന്നത്. പട്ടിണിയുടെ നാളുകൾക്കൊടുവിലാണ് ശാന്തിനികേതനിൽ നിന്നുള്ള എൻആർഡേയുടെ കീഴിൽ ജോലിക്ക് ചേരുന്നത്. പിന്നീട് ഗോൾഡൻ ടുബാക്കോ കമ്പനിയിൽ ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചു. ലോകത്തെമ്പാടും വിൽക്കുന്ന എണ്ണൂറിൽപ്പരം സിഗരറ്റുകളുടെ കവറുകൾ ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്. 

Eng­lish Sum­ma­ry: SarathChan­dran; The painter who cre­at­ed the posters of ‘Gand­hi’

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.