19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023

കശ്മീർ: നിലവിളിയുടെ താഴ്‌വര

അബ്ദുൾ ഗഫൂർ
June 6, 2022 6:00 am

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയപാതയിലൂടെ മുന്നോട്ടുപോകുന്ന നരേന്ദ്ര മോഡി സർക്കാർ പ്രത്യേക പദവി എടുത്തുകളഞ്ഞ കശ്മീരിന് ഓഗസ്റ്റെത്തുമ്പോൾ മൂന്നുവർഷമാകുകയാണ്. കശ്മീരിനെ സമാധാന താഴ്‌വരയാക്കുന്നതിനും അവിടെ സാഹോദര്യ സൃഷ്ടിക്കുന്നതിനും ഭീകരരഹിതമാക്കുന്നതിനുമാണ് പ്രത്യേക പദവിയും അത് അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും എടുത്തുകളയുന്നതെന്നാണ് ഓഗസ്റ്റ് അഞ്ചിന് രാത്രി പാർലമെന്റിൽ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അവകാശപ്പെട്ടത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളഞ്ഞ നടപടിയിലൂടെ ഭൂരിപക്ഷം ഉപയോഗിച്ചാണ് പ്രസ്തുത അധികാരം എടുത്തകളഞ്ഞത്. ആവശ്യമായ ചർച്ചകൾക്കോ ബന്ധപ്പെട്ടവരുടെ അഭിപ്രായപ്രകടനങ്ങൾ കേൾക്കുന്നതിനോ അവസരമില്ലാതെ ഹിന്ദുത്വ ഫാസിസത്തിന്റെ മറ്റൊരു അജണ്ട പ്രാബല്യത്തിലാവുകയായിരുന്നു അന്നു മുതൽ. മോഡിക്കും അമിത്ഷായ്ക്കും വിരുന്നൂട്ടുന്ന വൻകിട കോർപറേറ്റുകൾക്ക് കശ്മീരിൽ ഭൂമിയും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളും വാങ്ങിക്കൂട്ടി കച്ചവടത്തിന്റെ പുതിയ താഴ്‌വരകൾ ഉണ്ടാക്കുന്നതിനുള്ള അവസരവും ഇതിനു പിന്നാലെ ഒരുക്കപ്പെട്ടു. ഭീകരവാദത്തിന് അറുതി വരുത്താനെന്ന പേരിൽ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ അതിർത്തികടന്നുള്ള ഭീകരരുടെയും അകത്തുള്ള പ്രതിലോമ ശക്തികളുടെയും വിളയാട്ടം വർധിച്ചു. ഇന്ത്യയുടെ മസ്തിഷ്കമെന്ന് മുൻ പ്രധാനമന്ത്രി നെഹ്രു വിശേഷിപ്പിച്ച പ്രദേശമാണ് ജമ്മു കശ്മീർ. പോപ്ലാർ മരങ്ങളും ചിനാർ മരങ്ങളും ആപ്പിൾതോട്ടങ്ങളും നിറഞ്ഞ, വർഷത്തിലേറെക്കാലവും മഞ്ഞിൽ കുളിച്ചുനില്ക്കുന്ന കശ്മീർ ലോകത്തെ ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിൽ ഒന്നുമായിരുന്നു. കശ്മീർ ഇന്ത്യയ്ക്കുണ്ടാക്കിയ തലവേദന, കാൻസറിനെക്കാൾ മാരകമാകുന്ന സ്ഥിതിയിലേക്കാണ് 2019 ഓഗസ്റ്റിന് ശേഷമുള്ള യാത്രയെന്നാണ് സമീപസംഭവങ്ങൾ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനു ശേഷം കശ്മീർ സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നത്. അതിനു ഉപോൽബലകമായ കണക്കുകളും അവർ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ രാജ്യസഭയിൽ നല്കിയ മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 366 ഭീകരരും 96 സാധാരണക്കാരും 81 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു. മൂന്ന് വർഷത്തിനിടെ 1,033 ഭീകരാക്രമണ സംഭവങ്ങളിൽ സുരക്ഷാഭടന്മാരും സാധാരണക്കാരുമടക്കം 177 പേർ രക്തസാക്ഷികളായെന്നർത്ഥം. 2019 ൽ മാത്രം പ്രദേശത്ത് 594 ആക്രമണങ്ങളുണ്ടായെന്നാണ് മറുപടിയിൽ പറയുന്നത്. ഇത് സർക്കാരിന്റെ മറുപടിയിലുള്ളതാണ്. അതേസമയം സൗത്ത് ഏഷ്യ ടെററിസം പോർട്ടലി(എസ്എടിപി)ന്റെ കണക്കനുസരിച്ച് 2019,2020, 2021 വർഷങ്ങളിൽ 111 സാധാരണക്കാരും 280 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചിട്ടുണ്ട്. 598 ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇതുവരെയായി 78 സംഭവങ്ങളിലായി 20 സാധാരണക്കാരും 18 സുരക്ഷാ ഉദ്യോഗസ്ഥരും 94 ഭീകരരുമാണ് എസ്എടിപിയുടെ കണക്കിൽ മരിച്ചത്. കശ്മീരിൽ ഭീകരരുടെ ആക്രമണത്തിന് കുറവുണ്ടായിയെന്ന സർക്കാർ വാദം ശരിയല്ലെന്നാണ് എസ്എടിപി രേഖകൾ വ്യക്തമാക്കുന്നതെങ്കിലും നമുക്ക് സർക്കാരിനെ തന്നെ ആധികാരികമായെടുക്കാം. പക്ഷേ ഭീകരാക്രമണങ്ങൾ പുറംലോകമറിയാതിരിക്കുവാനുള്ള എല്ലാ പശ്ചാത്തലമൊരുക്കലും അവിടെയുണ്ടായി എന്ന യാഥാർത്ഥ്യം കണക്കുകളായിതന്നെ വീണ്ടും നമുക്ക് മുന്നിലെത്തുന്നുണ്ട്. അത് ആധുനിക മനുഷ്യന്റെ പരസ്പര വിനിമയത്തിന്റെയും അഭിപ്രായ പ്രകടനത്തിന്റെയും വിശാലവേദികളായ സമൂഹമാധ്യമങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും വിലങ്ങണിയിക്കപ്പെട്ടു എന്നതിന്റെ കണക്കുകളാണ്.


ഇതുകൂടി വായിക്കാം ; സംഘ്പരിവാര്‍ ജമ്മു-കശ്മീര്‍ നയസമീപനം പൂര്‍ണപരാജയം 


2019നും 21 നുമിടയിൽ 93 തവണയാണ് കശ്മീർ സർക്കാർ ഇന്റർനെറ്റ് സംവിധാനങ്ങൾ നിരോധിച്ചുള്ള ഉത്തരവുകളിറക്കിയത്. ഇത് കേവലം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ മാത്രമല്ല പ്രതികൂലമായി ബാധിച്ചത്. പുതിയകാലത്തെ തൊഴിൽ സംരംഭങ്ങളെയും ബാധിച്ചു. കശ്മീരിന്റെ വരുമാനത്തിൽ വലിയ പങ്ക് ലഭിക്കുന്നത് വിനോദ സഞ്ചാരത്തിൽ നിന്നാണ്. 2019ലെ നിയമഭേദഗതിയും ഇന്റർനെറ്റ് നിരോധനവുമൊക്കെ ആരംഭിച്ചതിനുശേഷം നാലുമാസം വിനോദ സഞ്ചാരികളുടെ വരവിൽ ഉണ്ടായ കുറവ് പരിശോധിച്ചാൽത്തന്നെ തൊഴിൽമേഖലയെ എങ്ങനെ ബാധിച്ചുവെന്ന് ബോധ്യമാകും. 2014 ഓഗസ്റ്റിൽ 98,177 വിനോദ സഞ്ചാ രികളെത്തിയ സംസ്ഥാനത്ത് 2019 ഓഗസ്റ്റില്‍ ആകെയെത്തിയത് 10,130 പേരായിരുന്നു. 2015ൽ ഇതേ മാസം 78,980, 2016ൽ 41,438, 2017ൽ 1,64,410, 2018ൽ 86,134 പേരും എത്തുകയുണ്ടായി. 2014 സെപ്റ്റംബറിൽ 15,640, 2015ൽ 58,896, 2016ൽ 31,552, 2017ൽ 1,35,670, 2018ൽ 83,723 പേർ വീതം വിനോദ സഞ്ചാരികളായെത്തിയപ്പോൾ 2019ൽ ഇതേമാസം സംസ്ഥാനത്തെത്തിയത് 4,562 പേർ മാത്രമായിരുന്നു. 2014 മുതൽ 2019 വരെയുള്ള ഒക്ടോബർ, നവംബർ മാസങ്ങളിലെ കണക്കുകളും ഇതേ അനുപാതത്തിലുള്ളതാണെന്ന് 2019 ഡിസംബറിൽ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ലോക്‌സഭയിൽ നല്കിയ മറുപടിയിലുണ്ട്. ആപ്പിൾ കൃഷിയെ ബാധിച്ചതിന്റെ കണക്കുകൾ പരിശോധിച്ചാലും എത്രത്തോളം ഗുരുതരമായാണ് കശ്മീരിന്റെ സമ്പദ്ഘടനയെ കേന്ദ്ര നയം ദോഷകരമായി ബാധിച്ചതെന്നു മനസിലാക്കാനാകും. 10,000 മുതൽ 12,000 കോടി രൂപവരെ കശ്മീരിലെ സമ്പദ്ഘടനയ്ക്ക് നല്കി വന്നിരുന്ന ആപ്പിൾ കൃഷിക്കുമാത്രം സംഭവിച്ച നഷ്ടം അയ്യായിരം കോടിയിലധികം രൂപയാണ്. അങ്ങനെ കശ്മീരി ജനതയുടെ സാമ്പത്തിക അടിത്തറയ്ക്കും കേന്ദ്ര തീരുമാനം ആഘാതമേല്പിച്ചു. ഇതിനിടയിലാണ് കശ്മീരിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങൾ അവിടെയുണ്ടായത്. അത് മണ്ഡലം പുനർനിർണയമെന്ന പേരിലായിരുന്നു. ബിജെപിക്ക് എളുപ്പത്തിൽ അധികാരം പിടിക്കാവുന്ന വിധത്തിൽ നടത്തിയ മണ്ഡല പുനർനിർണയവും കശ്മീരിന്റെ കലാപാന്തരീക്ഷത്തിലേക്ക് എണ്ണയൊഴിക്കുകയാണുണ്ടായത്. അതിന്റെ പേരിൽ അവിടെയുള്ള രാഷ്ട്രീയപാർട്ടികളെല്ലാം രംഗത്തെത്തുന്ന സ്ഥിതിയുണ്ടായി. സർക്കാർ അവകാശപ്പെടുന്നതുപോലെ കശ്മീർ സമാധാനത്തിലേക്ക് തിരികെയെത്തിയെന്നത് വാദത്തിന് അംഗീകരിച്ചാൽ പോലും അത് മനുഷ്യന്റെ വായ മൂടിക്കെട്ടിയും അഭിപ്രായസ്വാതന്ത്ര്യത്തെയും പരസ്പര വിനിമയത്തെയും വിലങ്ങണിയിച്ചും തൊഴിൽ സംരംഭങ്ങളെ പൂട്ടിച്ചുമായിരുന്നുവെന്ന് മേല്പറഞ്ഞ കണക്കുകളിൽ നിന്ന് മനസിലാക്കാവുന്നതാണ്. ഇതിനെല്ലാമപ്പുറം കേന്ദ്ര സർക്കാർ പുറത്തുവിടുന്ന കണക്കുകളല്ല ഓരോ ദിവസവും വാർത്തകളായെത്തുന്ന ഭീകരാക്രമണത്തിന്റെയും ഭീകരർക്കെതിരായ നടപടികളുടെയും കണക്കിൽ മരണങ്ങളും കൊലപാതകങ്ങളും എത്രയോ അധികമാണെന്നുള്ളതും ഓർക്കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളിൽ അരക്ഷിതമായ കശ്മീരിൽ നിന്ന് കൊലപാതക പരമ്പരകളുടെ നിരന്തര വാർത്തകളാണെത്തിക്കൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കാം ; ജനങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ജനനേതാക്കളെ തുറുങ്കലിലടയ്ക്കുന്നു


നേരത്തെ ഒരു പ്രദേശത്ത് എത്തുകയും പൊടുന്നനെ ആക്രമണം നടത്തുകയും ചെയ്തിരുന്ന ഭീകരരുടെ രീതിക്കുതന്നെ മാറ്റമുണ്ടായിരിക്കുന്നു അടുത്തകാലത്ത്. വ്യക്തികളെ ലക്ഷ്യം വച്ചുള്ളവയാണ് എല്ലാ കൊലപാതകങ്ങളും. പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ളവ. ഭീതികാരണം അവര്‍ പലായനം ചെയ്തു തുടങ്ങിയിരിക്കുകയുമാണ്. കഴിഞ്ഞവർഷം ഒക്ടോബർ അഞ്ചിനാണ് ഇത്തരത്തിലുള്ള ആദ്യകൊലപാതകം സമീപകാലത്ത് നടന്നത്. ഫാർമസിസ്റ്റായ പ്രമുഖൻ എം എൽ ബിൻ‍ന്ദ്രു ആണ് അന്ന് കൊല്ലപ്പെട്ടത്. അതുവച്ച് കണക്കാക്കിയാൽ ഇതുവരെയായി 31 ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങൾ നടന്നുകഴിഞ്ഞു. സമീപ ദിവസങ്ങളിലാണ് ഒരധ്യാപിക, ബാങ്കുദ്യോഗസ്ഥന്‍, ഇതരസംസ്ഥാന തൊഴിലാളി എന്നിങ്ങനെ ഒമ്പതോളം പേർ ഇതേ രീതിയിൽ ഭീകരരുടെ കൊലയ്ക്കിരയായത്. മരണഭയമുള്ളതുകൊണ്ട് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സ്ഥലംമാറ്റമാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭവും നടത്തുന്നുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഭീകരാക്രമണത്തിനോ കൊലകൾക്കോ കശ്മീരിൽ കുറവുണ്ടായിട്ടില്ലെന്നുതന്നെയാണ്. സർക്കാരിന്റെ എല്ലാ അവകാശവാദങ്ങളും അപ്രസക്തമാക്കുന്നതാണ് മുൻ ഇന്റലിജൻസ് വിഭാഗം പ്രത്യേക സെക്രട്ടറിയും റിസർച്ച് ആന്റ് അനാലിസിസ് വിങ് മേധാവിയുമായിരുന്ന എ എസ് ദുലത്ത് അടുത്തയിടെ ദി വയറിന് നല്കിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ. 2019നു ശേഷം ജമ്മു കശ്മീർ ഏറ്റവും അപകടകരമായ ഭീകരതയെ നേരിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തലസ്ഥാനമായ ശ്രീനഗർ ഉൾപ്പെടെയുള്ള നഗര കേന്ദ്രീകൃതമായ ഭീകര സംഘടനകൾ സജീവമായിരിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതിർത്തികളിലും ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും മാത്രമുണ്ടായിരുന്ന ഭീകര സംഘടകളുടെ പ്രവർത്തനം നഗരങ്ങളിലേക്ക് പടരുന്ന സാഹചര്യമുണ്ടായിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. കാരണം നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ പരാജയമാണെന്നാണ് അതിന്റെ അർത്ഥം. അതിലൂടെ മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും കശ്മീർ നിലപാട് പരാജയമാണെന്നും സ്ഥാപിക്കപ്പെടുന്നു. 2019 മുതൽ 21 വരെയുള്ള കാലയളവിൽ എല്ലാം അടച്ചുപൂട്ടി കശ്മീരിനെ പുറം ലോകമറിയാതെ കാത്തതിന്റെ ഫലമായി അവിടെ നടന്ന സംഭവങ്ങൾ പുറംലോകമറിഞ്ഞില്ല. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടന്ന വാർത്തകൾ പോലും അപൂർവമായേ നാം വായിച്ചുള്ളൂ. അങ്ങനെ അടച്ചിട്ട ചേംബറിന്റെ പുറത്തുനിന്ന് കേന്ദ്രം പറഞ്ഞു, അവിടം ശാന്തമാണെന്ന്. നാം അത് വിശ്വസിക്കുകയും ചെയ്തു. ഇപ്പോൾ പുറത്തെത്തുന്ന വാർത്തകളിൽ നാം താഴ്‌വരിൽ നിന്നുള്ള നിലവിളികൾ കേൾക്കുന്നു. അവിടെ അശാന്തിയുടെ ആഴമേറിയതായും നാമറിയുന്നു. കശ്മീരിനെ സംബന്ധിച്ച ബിജെപി സർക്കാരിന്റെ നയങ്ങള്‍ പരാജയമാണെന്ന ആത്യന്തിക നിഗമനത്തിലെത്താവുന്ന വസ്തുതകളാണ് അവിടെനിന്ന് ഇപ്പോൾ പുറത്തെത്തുന്ന ഓരോ വാർത്തകളും സംഭവങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.