22 November 2024, Friday
KSFE Galaxy Chits Banner 2

കുട്ടികളെ തോളിലേറ്റി മനുഷ്യസ്നേഹയാത്ര

Janayugom Webdesk
June 9, 2022 5:14 am

കുട്ടികളുടെ മനസ് സ്നേഹത്തിന്റെ കരിക്കിൻവെള്ളം നിറയ്ക്കാനുള്ള പളുങ്കുപാത്രമാണ്. അവിടെ ജാതിമതങ്ങളുടെയും മറ്റു മൂഢധാരണകളുടെയും കാരമുള്ളുകൾ നിറയ്ക്കരുത്. മനുഷ്യസ്നേഹികളായ തൊഴിലാളികളുടെ ഉജ്ജ്വലസമരങ്ങൾക്ക് വേദിയായതിലൂടെ കേരളചരിത്രത്തിൽ ഇടംനേടിയ തൃശൂരിലെ അന്തിക്കാട്ടാണ് മാതാപിതാക്കൾ പിഞ്ചുമക്കളെ തോളിലേറ്റി പ്രകടനം നടത്തിയത്. പരിസ്ഥിതി ദിനത്തിലായിരുന്നു ഈ മാനവസ്നേഹയാത്ര. കുഞ്ഞുങ്ങളെ മതതീവ്രവാദികൾ ആശയപരമായി ദുരുപയോഗം ചെയ്യുന്ന കാലമായതിനാൽ ബാലവേദിയുടെ ഈ സവിശേഷയാത്ര സംസ്ഥാന വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി ദിനപത്രം കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഫോട്ടോസഹിതം ഈ യാത്ര സ്റ്റേറ്റ് പേജിൽ പ്രസിദ്ധീകരിച്ചു. മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാറും സഖാക്കൾ കെ പി ദേവദത്തയും ഷീലാ വിജയകുമാറും കുഞ്ഞുങ്ങളെ പൂക്കളും ഫലവൃക്ഷത്തൈകളും നല്കി അഭിവാദ്യം ചെയ്തു.

കുഞ്ഞിലേ തന്നെ ജാതിമത അന്ധവിശ്വാസങ്ങളുടെ വിത്തുകൾ വിഷവൃക്ഷങ്ങളായി വളരുമെന്നോർക്കാതെ ബാലമനസുകളിൽ ചെലുത്തുന്നത് പുണ്യം തരുന്ന പ്രവർത്തിയാണെന്ന് പല രക്ഷാകർത്താക്കളും ധരിച്ചിട്ടുണ്ട്. കുട്ടികളിൽ ജാതിയും മതവും അശാസ്ത്രീയതയുമൊന്നും അടിച്ചേൽപ്പിക്കാനുള്ള അവകാശം മാതാപിതാക്കൾക്കില്ല. കുട്ടികളുടെ ചിന്തകളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വസന്തശോഭയോടെ നിലനിൽക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ മാത്രമെ സ്നേഹചാരുതയുള്ള ഒരു സമൂഹം രൂപപ്പെട്ടുവരികയുള്ളൂ.


ഇതുകൂടി വായിക്കൂ:  പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനില്പിന് അനിവാര്യം


മതവിരോധം വളർത്തുന്ന മുദ്രാവാക്യങ്ങൾ കുഞ്ഞുങ്ങളെക്കൊണ്ട് വിളിപ്പിക്കുന്നതിനു പകരം സ്നേഹത്തിന്റെ അടയാളവാക്യങ്ങൾ പലതും മുഴക്കാനുണ്ടല്ലോ. അതിൽ പ്രധാനപ്പെട്ടത് ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ ഇസ്‌ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്ന മതാതീത മനുഷ്യഗീതമാണ്. മൗലാന ഹസ്രത് മൊഹാനിയുടെ ഇന്‍ക്വിലാബ് സിന്ദാബാദ് പോലെ ഈ വരികളും ഇന്ന് കേരളത്തിൽ പടർന്ന് പിടിച്ചിട്ടുണ്ട്. ഈ മുദ്രക്കവിത നെഞ്ചിൽ കൈവച്ച് ചൊല്ലാൻ ലേശം ധൈര്യവും പ്രണയബോധവും ആവശ്യമാണ്.

1968 ലെ മിശ്രവിവാഹ സംഘത്തിന്റെ സമ്മേളനത്തിനായി വി കെ പവിത്രൻ എഴുതിയതാണ് ആ ഇരുപതുവരിക്കവിത.

ഇരുശരീരങ്ങളിലെ ചോര ഒന്നായിത്തീരണമെന്നും സിരയും സിരയും തമ്മിൽ ഇണങ്ങണമെന്നും മനുഷ്യത്വം തുടിക്കുന്നത് നാഡീമിടിപ്പിലൂടെ അറിയണമെന്നും ജാതിമതങ്ങളെന്നപോലെ സ്വന്തം ഭാഷമാത്രമാണ് മികച്ചതെന്നും മറ്റുഭാഷകൾ മോശമാണെന്നുമുള്ള ധാരണയും മാറണമെന്നും ഈ കവിതയിൽ പവിത്രകവി പറയുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  കേരളം കടലില്‍ അലിയുന്നു


മതരക്തത്തെ തള്ളിക്കളയുകയും മനുഷ്യരക്തത്തെ അഭിവാദ്യം ചെയ്യുകയുമാണ് കവിതയിൽ. ഈ ഒരു സമീപനം ഇന്ന് ഇന്ത്യയിൽ അത്യാവശ്യമാണ്. ഇസ്‌ലാം മതസ്ഥാപകനെ ആക്ഷേപിച്ചതിന് ഇന്ത്യയിലെ സ്ഥാനപതികളെ വിളിച്ചുവരുത്തി അറേബ്യൻ രാജ്യങ്ങൾ അപ്രിയം അറിയിച്ചിരിക്കയാണ്. ഹിന്ദുമത വിദ്വേഷ മുദ്രാവാക്യം എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിനെക്കൊണ്ട് വിളിപ്പിച്ചതിന് കോടതി നടപടികളും ഉണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുന്നതിന്റെ അപകടം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

അവിശ്വാസികൾ അന്യമതസ്ഥരുടെ വിശ്വാസത്തെ ആക്ഷേപിക്കുകയല്ല, അപഗ്രഥനം ചെയ്യുകയാണ് പതിവ്. പ്രപഞ്ചോല്പത്തിയെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആവിർഭാവത്തെയും സംബന്ധിച്ച് മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിചിത്രഭാവനകളെ ഉപേക്ഷിക്കുകയും ആ സ്ഥാനത്ത് ശാസ്ത്രത്തെ കുടിയിരുത്തുകയുമാണ് ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ:  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കടുത്ത ആപത് സൂചന


കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, വയലാർ, ഒ വി വിജയൻ, വി കെ എൻ തുടങ്ങിയ മലയാളസാഹിത്യത്തിലെ മഹദ് വ്യക്തികൾ മതാപഗ്രഥനത്തിന് നർമ്മത്തിന്റെ വഴി സ്വീകരിച്ചിട്ടുണ്ട്. അവയൊക്കെ മലയാളികൾ നെഞ്ചേറ്റിയിട്ടുമുണ്ട്. മതവിദ്വേഷത്തിൽ നിന്നും മനുഷ്യസ്നേഹത്തിലേക്കുള്ള വഴിയാണ് അവർ കാട്ടിയത്. വി കെ പവിത്രന്റെ കവിതയിൽ നർമ്മലായനി ഉപയോഗിക്കാതെതന്നെ മനുഷ്യസ്നേഹത്തിന്റെ പവിത്രത പ്രകാശിപ്പിക്കുന്നു.

മതബോധമാണ് മനുഷ്യസമൂഹത്തിന്റെ അടിത്തറയെങ്കിൽ അവിടെ മതതീവ്രവാദത്തിന് കരമടച്ച രസീതുള്ള ഒരു തുണ്ടു ഭൂമിയെങ്കിലും ഉണ്ടായിരിക്കും. ദിവസങ്ങൾക്കു മുൻപ് സുവർണക്ഷേത്രത്തിൽ മുഴങ്ങിയ ഖലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും ഭിന്ദ്രൻ വാലയ്ക്കുള്ള അഭിവാദ്യവും അതാണ് തെളിയിക്കുന്നത്. കുട്ടികളെ തോളിലേറ്റി മതാതീത മനുഷ്യസ്നേഹത്തിന്റെ മുദ്രാഗീതങ്ങൾ ആലപിച്ചു നടത്തിയ സ്നേഹയാത്ര കേരളത്തിന് മാതൃകയാണ്. അതിനായി അന്താരാഷ്ട്ര പരിസ്ഥിതിദിനം തിരഞ്ഞെടുത്തതും ഉചിതമായി. കുഞ്ഞുങ്ങളുടെ റാലികൾ ഇനി മതവിശേഷ ദിവസങ്ങളിൽ നിന്ന് കേരളപ്പിറവി ദിനം പോലെയുള്ള വിശിഷ്ടദിവസങ്ങളിലേക്ക് മാറുന്നത് ഉചിതമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.