23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 10, 2024
November 10, 2024
November 9, 2024

പ്രതിഷേധത്തിന്റെ പേരില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്ക്കുനേരെ കയ്യേറ്റശ്രമം

സംഭവം കണ്ണൂരില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷം
Janayugom Webdesk
June 13, 2022 11:28 pm

പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കുനേരെ വിമാനത്തിനുള്ളില്‍ ആക്രമണ ശ്രമം. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ‑വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരനാടകങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുന്ന കാഴ്ചയായിരുന്നു ഇന്ന് കണ്ടത്. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരിഹാസ്യമാകുന്നുവെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം, ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചുകൊണ്ട് മുതലെടുപ്പ് നടത്താനുള്ള നീക്കമായിരുന്നു ഇത്.

കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയത്. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്നവരെ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തടയുകയായിരുന്നു. സുരക്ഷാ ജീവനക്കാരെത്തി ഇവരെ പിടികൂടി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍ എന്നിവരാണ് വിമാനത്തിനുള്ളില്‍ വച്ച് പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിനൊരുങ്ങിയത്. വലിയതുറ പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തു. സിഐഎസ്എഫ് ആണ് അക്രമികളെ പൊലീസിന് കൈമാറിയത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി.

കറുത്ത വസ്ത്രത്തിനും മാസ്കിനും ഉള്‍പ്പെടെ യാതൊരു നിയന്ത്രണവുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷവും സമരത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടരാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഭവങ്ങള്‍. വിമാനത്തില്‍ വച്ചുള്ള ആക്രമണ ശ്രമത്തിനുപുറമെ കണ്ണൂരിലും തിരുവനന്തപുരത്തുമുള്‍പ്പെടെ ഇന്നലെയും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ കരിങ്കൊടിയുമായി രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയുകയും മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാക്കുകയും ചെയ്തുകൊണ്ടുള്ള അക്രമസമരങ്ങള്‍ പതിവായതിനുപിന്നാലെയാണ് മുഖ്യമന്ത്രിക്കുനേരെ തന്നെ ആക്രമണത്തിനുള്ള ശ്രമമുണ്ടായത്.

മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതേസമയം അക്രമങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു കോണ്‍ഗ്രസിന്റെ നേതാക്കള്‍.

കലാപം ലക്ഷ്യമിട്ടുള്ള സംഭവം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുറച്ചു നാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചയാണ് വിമാനത്തില്‍ നടന്ന സംഭവമെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍ പ്രതികരിച്ചു. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തരായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ജനാധിപത്യത്തിന് അപമാനം: കാനം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌‌ ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സംസ്ഥാന മുഖ്യമന്ത്രിക്കുപോലും ഇത്തരത്തിലുള്ള ഭീഷണി നേരിടേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള എല്ലാ സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്‌. എന്നാൽ, എല്ലാ അതിരും വിട്ടുള്ള പ്രവർത്തനങ്ങളെ ജനാധിപത്യ വിശ്വാസികൾ അപലപിക്കണം. ഏതാനും ദിവസങ്ങളായി നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ എന്തിനാണെന്ന്‌ മനസിലാകുന്നില്ല. കേന്ദ്ര ഏജൻസികൾ രണ്ടുവർക്കാലം അന്വേഷിച്ച്‌, തെളിവില്ലാത്തതിനാൽ ഉപേക്ഷിച്ച കേസിലെ കുറ്റാരോപിത നടത്തിയ വെളിപ്പെടുത്തലാണ്‌ പ്രതിഷേധത്തിന് അടിസ്ഥാനം. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ പൊതുസമൂഹത്തോട് കാനം അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Attempt to attack CM inside air­craft in protest

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.