23 November 2024, Saturday
KSFE Galaxy Chits Banner 2

ഭൂമി, നിന്റെ ഹൃദയത്തെ ഞങ്ങള്‍ തകര്‍ക്കാതിരിക്കട്ടെ

Janayugom Webdesk
June 17, 2022 7:00 am

“പ്രപഞ്ചത്തില്‍ കോടിക്കണക്കിന് നക്ഷത്ര സമൂഹങ്ങളുണ്ട്. അതില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. പക്ഷെ, അവിടെ ഒരേയൊരു ഭൂമിയേ ഉള്ളു”, 2022 ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതിദിന സന്ദേശം നമ്മള്‍ അധിവസിക്കുന്ന ഭൂമിയുടെ അപൂര്‍വത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. “പ്രകൃതിയുമായി രമ്യതയില്‍ സ്ഥായിയായ ജീവിതം” എന്നതായിരുന്നു 2022 പരിസ്ഥിതി ദിനത്തിലെ പ്രധാന ചര്‍ച്ചാവിഷയവും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ 1972 ല്‍ നടന്ന മാനവ പരിസ്ഥിതി സമ്മേളനത്തോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോട് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ആ സമ്മേളനത്തില്‍ പങ്കെടുത്ത 144 അംഗരാഷ്ട്രങ്ങള്‍ പരിസ്ഥിതി സംരക്ഷണമെന്നത് ആഗോള നയമായി സ്വീകരിക്കുകയും ജൂണ്‍ അഞ്ച്, പരിസ്ഥിതി ദിനമായി ആചരിക്കുകയും ചെയ്തുവരികയാണ്. എന്നാല്‍ ഔപചാരികവും അല്ലാത്തതുമായ പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ രാഷ്ട്രങ്ങള്‍ കൈക്കൊണ്ടിട്ടും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇന്ന് ഒരു ദുരന്ത ഭീഷണിയും സാന്നിധ്യവുമായി മാറിയിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളം ഉള്‍പ്പെടെയുള്ള ചെറിയ ഭൂപ്രദേശങ്ങള്‍ പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളും ദുരന്തങ്ങളും അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്. നവ മുതലാളിത്ത സംസ്കാരമാണ് പരിസ്ഥിതി നാശത്തിന് ആക്കം കൂട്ടുന്നത്. പ്രകൃതിവിഭവങ്ങളെ സാമ്പത്തിക മൂലധനമാക്കിക്കൊണ്ട് പുതിയൊരു മുതലാളിത്ത വര്‍ഗത്തെ സൃഷ്ടിക്കുകയും അതിലൂടെ കോളനിവല്ക്കരണത്തിന്റെ പരിഷ്കൃത രൂപം പ്രാവര്‍ത്തികമാക്കുവാനുമാണ് ഈ നൂറ്റാണ്ടില്‍ കോര്‍പറേറ്റുകള്‍ കണ്ണുവയ്ക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്കുമേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും പാരിസ്ഥിതിക സേവനങ്ങളെ സമ്പത്താക്കി മാറ്റുകയും ചെയ്യാനാണ് ശ്രമം. ക്രമേണ ശുദ്ധവായുവും ജലവും ഭക്ഷണവും മരുന്നും സുസ്ഥിരമായ കാലാവസ്ഥയുമെല്ലാം കോര്‍പറേറ്റുകളുടെ ആസ്തികളായി മാറും. ശേഷിക്കുന്ന കാടുകളും നദികളും കൃഷിഭൂമിയും പുല്‍നാമ്പുകള്‍പോലും അവര്‍ സ്വന്തമാക്കും. പ്രകൃതി നമുക്ക് വരദാനമായി തന്നതൊക്കെയും പണം കൊടുത്തു വാങ്ങേണ്ടിവരുന്ന കാലം വിദൂരമല്ലെന്നും പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ‘പ്രകൃതിയുടെ സമ്പദ്ഘടന സ്വാഭാവികവും സ്വയം നവീകരിക്കുന്നതുമാണ്. അത് സര്‍വജീവജാലങ്ങളെയും പരിപോഷിപ്പിക്കുന്നു. ജീവനാണ് മൂല്യം; പണത്തിനല്ല. സാമാന്യതയിലും കൊടുക്കല്‍ വാങ്ങല്‍ തത്വത്തിലും അധിഷ്ഠിതമാണത്. സ്വകാര്യവല്ക്കരണവും കുത്തക സ്ഥാപിക്കലും ചൂഷണവും സാമ്പത്തിക ലാഭവുമൊക്കെ പ്രകൃതിക്ക് അപരിചിതമാണ്’. വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദന ശിവ സൂചിപ്പിക്കുന്നു. ഭൂമിയെ എത്രത്തോളം വ്യാപാരവല്ക്കരിക്കുന്നുവോ അത്രത്തോളം പട്ടിണിക്കാരുടെയും പാര്‍പ്പിടമില്ലാത്തവരുടെയും എണ്ണം കൂടും. പ്രകൃതിയെ വ്യവസായവല്ക്കരിക്കുന്നത് പ്രകൃതിയുടെ സമ്പദ്ഘടനയ്ക്ക് വിരുദ്ധമാണ്. ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും അവകാശലംഘനവുമാണ് എന്ന ഡോ. വന്ദനശിവയുടെ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് 2022 ആദ്യപാദത്തിലെ യുഎന്‍ പരിസ്ഥിതി ശോഷണ കണക്കുകള്‍. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 418 പിപിഎം ആണ്. ഇപ്പോള്‍ 1970 ല്‍ ഇത് 325 പിപിഎം മാത്രമായിരുന്നു.


ഇതുകൂടി വായിക്കാം; പരിസ്ഥിതി സംരക്ഷണം പൊതുസമവായം വേണം


ആഗോളതാപനത്തിനും രോഗങ്ങള്‍ കൂടുന്നതിനും ഇത് വഴിവയ്ക്കുന്നു. ഓരോ മിനിറ്റിലും ഭൂമിയില്‍ 20 ഫുട്ബോള്‍ ഗ്രൗണ്ടിന്റെ അത്രയും വനവിസ്തൃതി കുറയുന്നതിലൂടെ ജൈവവൈവിധ്യം നശിക്കുകയും ചൂട് കൂടുകയും ചെയ്യുന്നു. 1970 നെ അപേക്ഷിച്ച് വന്യജീവികളുടെ എണ്ണത്തില്‍ 60 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിലെ മഞ്ഞ് 10 വര്‍ഷത്തില്‍ 12.85 ശതമാനം ഉരുകുകയും കടല്‍നിരപ്പ് വര്‍ഷത്തില്‍ 3.2 മി.മീ. ഉയരുകയും ചെയ്യുന്നതിനാല്‍ ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായിക്കൊണ്ടിരിക്കും. ഒരു വര്‍ഷം ഒരു കോടി ടണ്‍ വിഷവസ്തുക്കള്‍ പ്രകൃതിയിലേക്ക് തള്ളപ്പെടുന്നതിനാല്‍ മണ്ണും ജലാംശങ്ങളും നശിക്കുകയും രോഗവ്യാപനം വര്‍ധിക്കുകയും ചെയ്യുന്നു. 1.1 കോടി ടണ്‍ പ്ലാസ്റ്റിക് വര്‍ഷത്തില്‍ കടലിലെത്തുന്നത് കടല്‍ജീവികളെ നശിപ്പിക്കുകയും ആഗോളതാപനം കൂട്ടുകയും ചെയ്യുന്നുണ്ട്. 7500 കോടി ടണ്‍ മേല്‍മണ്ണാണ് പ്രതിവര്‍ഷം ഭൗമോപരിതലത്തില്‍ നിന്ന് നഷ്ടമാവുന്നതെന്നും യുഎന്‍ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യര്‍ ഇത്രത്തോളം ദുര്‍ബലമാക്കിയ ഒരു ഭൂമിയിലാണ് വരും തലമുറകള്‍ ഇനി വസിക്കേണ്ടത്. 2015 ഡിസംബറില്‍ പാരിസില്‍ നടന്ന 196 രാഷ്ട്രങ്ങള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി-21) എന്നറിയപ്പെട്ട സമ്മേളനത്തില്‍ അന്തരീക്ഷതാപനം 1.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും താഴ്ത്തിക്കൊണ്ടുവരുവാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ആ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും ഗുണവും ദോഷവും അനുഭവിക്കുന്നതില്‍ എല്ലാ രാഷ്ട്രങ്ങളും ഉള്‍പ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 70 ശതമാനവും ഊര്‍ജ ഗതാഗത മേഖലകളില്‍ നിന്നാണ്. 2030 ല്‍ രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ന്യൂട്രല്‍ അവസ്ഥയില്‍ എത്തിച്ചില്ലെങ്കില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കൈവശം വയ്ക്കാതെ മനുഷ്യവാസം സാധ്യമാകാതെ വരും. 2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ന്യൂട്രല്‍ അവസ്ഥ കൈവരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 2021 നവംബറില്‍ നടന്ന സിഒപി ‑26 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടല്‍ ദ്രുതഗതിയില്‍ ചൂടാകുന്നതാണ് കേരളത്തിലെ കാലാവസ്ഥയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. മറ്റ് സമുദ്രതടങ്ങള്‍ നൂറ് വര്‍ഷം കൊണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രം ചൂടായപ്പോള്‍ അറബിക്കടല്‍ 1.1 ഡിഗ്രിക്കു മുകളില്‍ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ മാറ്റിമറിക്കുന്നതെന്നും ഇവര്‍ സൂചിപ്പിക്കുന്നു. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാര്‍ഗമാക്കിയിട്ടുള്ളവരെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള പ്രതിരോധത്തിന് ഭരണസംവിധാനങ്ങളുടെ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോളതലത്തില്‍ പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തില്‍ പ്രതിരോധത്തിന് ഉതകുന്ന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളല്ല വേണ്ടത്. പകരം ആവാസവ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളാണ് വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വേണ്ടതെന്തെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. ആഗോളതാപ വര്‍ധനയുടെ ഫലം അതിവര്‍ഷം മാത്രമല്ലെന്നും തുടര്‍ന്നെത്തുന്നത് അതിരൂക്ഷ വരള്‍ച്ചയായിരിക്കുമെന്നും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്. പ്രകൃതിസംരക്ഷണം ഭരണകൂടത്തിന്റെതു മാത്രമായ ബാധ്യതയല്ല, ഓരോ വ്യക്തിയുടേതുമാണ്. ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഭൂപ്രകൃതിയെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ മനുഷ്യർ വെറും ഒന്ന് ഒന്നര നൂറ്റാണ്ടു കൊണ്ടാണ് ഈ പരുവത്തിലാക്കിയിരിക്കുന്നത് !

 

മാറ്റൊലി;

‘നിന്നില്‍ നിന്ന് കുഴിച്ചെടുക്കുന്നതെല്ലാം വേഗം തന്നെ വീണ്ടും തഴച്ചുവളരട്ടെ. നിന്റെ മര്‍മ്മങ്ങളെയും ഹൃദയത്തെയും ഞങ്ങള്‍ ഭേദിക്കാതിരിക്കട്ടെ’ — അഥര്‍വവേദം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.