21 February 2024, Wednesday

താപനം:അതീതമല്ല, അത്യുന്നതഹിമശൈലങ്ങളും

ഡോ. ഗോപകുമാർ ചോലയിൽ
April 17, 2022 7:48 pm

മനുഷ്യരുടെ ജീവിതശൈലികൾ വഴി സംജാതമായ അന്തരീക്ഷതാപനത്തിന്റെ ആക്കവും വ്യാപ്തിയും ഏറിവരികയാണ്. ഭൂമിയിലെ അത്യുന്നതഇടമായ എവറസ്റ്റ് കൊടുമുടിയിലെ ഹിമനിക്ഷേപങ്ങൾപോലും മനുഷ്യപ്രേരിത താപനത്തിന് അതീതമാകുന്നില്ല. അനേകലക്ഷം വർഷങ്ങൾകൊണ്ട് ഹിമാലയൻ മേഖലയിൽ നിക്ഷേപിതമായ അളവറ്റ ഹിമശേഖരം ഏതാനും വർഷങ്ങളായി ഉരുകിയൊലിച്ച് ശോഷണപാതയിലാണ്. ഈ മേഖലയിലെ വൻഹിമാനികളുടെ ദ്രുതഗതിയിലുള്ള പിൻവലിച്ചിൽ അഥവാ ശോഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വർധിത നിരക്കിലുള്ള മഞ്ഞുരുകൽ മൂലം ഹിമാനികളിൽ ഹിമരൂപത്തിൽ ഉറഞ്ഞുകിടക്കുന്ന ജലത്തിന്റെ തോത് ഗണ്യമാംവിധം കുറയുന്ന അവസ്ഥയുണ്ടാകുന്നു. 100 കോടിയിലേറെ ജനങ്ങൾ കുടിക്കുവാനും ജലസേചന ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന ജലസമ്പത്താണ് ഇപ്രകാരം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഹിമാലയൻ മേഖലയിലെ അതിഭീമമായ ഹിമശേഖരം ഇതേനിരക്കിൽ ഉരുകിയൊലിക്കുവാൻ തുടങ്ങിയാൽ അവ അധികം താമസിയാതെ അപ്രത്യക്ഷമാവുമെന്നതിൽ സംശയമില്ല. മഞ്ഞുപാളികളുടെ അടിയിൽ വളരെ താഴ്ന്ന സ്ഥിതി ചെയ്തിരുന്ന പാറക്കല്ലുകൾ അവയ്ക്കുമേൽ ഉറഞ്ഞ് കിടന്നിരുന്ന ഹിമപാളികൾ ഉരുകിയൊലിക്കുക മൂലം ഏറെക്കുറെ അനാവൃതമായ നിലയിലാണ്. ഹിമാലയത്തിൽ നടക്കുന്ന ഹിമശോഷണം ലോകത്തെ ഇതര ഹിമപർവതങ്ങൾക്കും ബാധകമാണ്. ഭൂമിയിലെ വളരെ ഉയർന്ന ഇടങ്ങളിൽ നിലകൊള്ളുന്ന ഹിമാനികളും മനുഷ്യപ്രേരിതതാപനത്തിന് അടിപ്പെടുമോയെന്ന ചോദ്യത്തിന് ലഭിക്കുന്ന സുവ്യക്തമായ മറുപടി കൂടിയാണ് എവറസ്റ്റ് കൊടുമുടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ 1990 കൾ മുതൽ ഹിമാലയമേഖലകൾ താപനപ്രഭാവത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. താപന തീവ്രതമൂലം, ഖരാവസ്ഥയിൽ നിന്നും നേരിട്ട് ബാഷ്പാവസ്ഥ പ്രാപിക്കുന്ന പ്രക്രിയയ്ക്ക് (sub­li­ma­tion) വിധേയമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയിലെ ഹിമശൈലങ്ങൾ. അത്യുന്നതങ്ങൾ പോലും മനുഷ്യപ്രേരിതതാപന പ്രത്യാഘാതങ്ങൾക്ക് അതീതമല്ല എന്നതിന് ഉത്തമോദാഹരണമാണ് ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഇടമായ എവറസ്റ്റ് കൊടുമുടി.

ഹിമാലയ മേഖലയിലെ സൗത്ത് കോൾ ഹിമാനിയിൽ (South Col Glac­i­er) നിന്നുള്ള ഹിമശോഷണവേഗതയും, അതിന്റെ കാരണങ്ങളും സമീപകാലത്ത് അപഗ്രഥന വിധേയമാക്കിയിരുന്നു. ഈ മേഖലയിൽ പ്രതിവർഷം രണ്ട് മീറ്റർ എന്ന നിരക്കിലാണ് ഹിമാനിശോഷണം സംഭവിക്കുന്നത്. കനത്ത തോതിലുള്ള ഉരുകലിന്റെ ഫലമായി കനമേറിയ ഹിമനിക്ഷേപങ്ങൾ കനംകുറഞ്ഞ ഹിമപാളികളായി പരിണമിക്കപ്പെടുന്നു. കനം കുറഞ്ഞ് അർധതാര്യമോ, സുതാര്യമോ ആയ ഹിമപാളികൾക്ക് അതിശുഭ്രവർണമുള്ള കനത്ത അതാര്യഹിമപാളികളെപോലെ സൗരവികിരണങ്ങളെ തിരിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല. തന്മൂലം സൂര്യരശ്മികളിലെ ചൂട് ആഗിരണം ചെയ്യപ്പെടുകയും അത് വീണ്ടും മഞ്ഞുരുകുന്നതിന് കാരണമാവുകയും ചെയ്യുന്നു. 1950 കൾ മുതൽ പ്രകടമായി വരുന്ന കാലാവസ്ഥാ വ്യതിയാനസാഹചര്യങ്ങൾ മൂലം ഹിമപാളികളിൽ ഇത്തരം പ്രകൃതമാറ്റം വേഗതയാർജ്ജിച്ചിട്ടുമുണ്ട്. അന്തരീക്ഷ വായുവിന് ചൂടേറുകമൂലം ഹിമനിക്ഷേപങ്ങൾ ഖരാവസ്ഥയിൽ നിന്ന് നേരിട്ട് ബാഷ്പാവസ്ഥ പ്രാപിക്കുന്ന പ്രക്രിയയും വർധിച്ചിരിക്കുന്നു. 1990കളുടെ അവസാനത്തോടെയാണ് ഹിമാനികളിൽ കാലാവസ്ഥാവ്യതിയാനത്തിനുള്ള പ്രഭാവം കൂടുതൽ തീവ്രതയാർജ്ജിച്ചിരിക്കുന്നത്.

എവറസ്റ്റ് കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന വൻ ഹിമാനിയായ സൗത്ത് കോളിൽ നിന്നും കഴിഞ്ഞ 25 വർഷത്തിനകം 180 അടി (45 മീറ്റർ) ഹിമനഷ്ടം ഉണ്ടായിട്ടുണ്ട്. ഇത്രയും അളവിൽ ഹിമനിക്ഷേപം ഉണ്ടാകുവാൻ 2000-ഓളം വർഷങ്ങൾ ആണ് വേണ്ടിവന്നത്. എന്നാൽ അതിനെ അപേക്ഷിച്ച് 80 ഇരട്ടി വേഗതയിലാണ് അപ്രകാരമുണ്ടായ ഹിമ പാളികൾ ഉരുകിനഷ്ടപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7985 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൗത്ത്കോൾ ആണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാനി. പ്രതിവർഷം ഏകദേശം രണ്ട് മീറ്റർ എന്ന നിരക്കിലാണ് സൗത്ത് കോൾഹിമാനി നേരിട്ടുകൊണ്ടിരിക്കുന്ന ഹിമശോഷണം. ഇതേ നിരക്കിൽ ഹിമശോഷണം തുടരുന്ന പക്ഷം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ ഹിമാനി തന്നെ അപ്രത്യക്ഷമായേക്കാം. ഹിമാനിമേഖല ആഗിരണം ചെയ്യുന്ന സൗരവികിരണ തോതിന് അനുസരിച്ച് തത്പ്രദേശത്തിന്റെ ഉറഞ്ഞ് കിടക്കുന്ന മഞ്ഞ് ഉരുകുന്നത് വഴിയോ നേരിട്ട് ബാഷ്പാവസ്ഥ പ്രാപിക്കുന്നതുവഴിയോ ആകാം ശോഷണം സംഭവിക്കുന്നത്. കനത്ത ഹിമനിക്ഷേപങ്ങൾ സുതാര്യമായ മഞ്ഞുപാളികളായി മാറുന്ന സാഹചര്യത്തിൽ ശോഷണം 20 ഇരട്ടിയെക്കാളേറെ വേഗത്തിലാകാം. ചൂട് പിടിച്ച അന്തരീക്ഷവായു കൂടാതെ ആപേക്ഷികആർദ്രതയിലുണ്ടാകുന്ന കുറവും, ശക്തിയേറിയ കാറ്റുകളും ഹിമശോഷണം ത്വരിതഗതിയിലാക്കുന്ന ഘടകങ്ങളാണ്. ഹിമാലയമേഖലകളിൽ താപനപ്രത്യാഘാതങ്ങൾ ഏറിവരികയാണ് എന്നാണ് കാലാവസ്ഥാ പഠനങ്ങൾ നൽകുന്ന സൂചന. അതിനനുസൃതമായി ഹിമാനിശോഷണവും തുടർന്നുകൊണ്ടേയിരിക്കും.

400–700 വർഷങ്ങൾക്ക് മുൻപ് ഹ്രസ്വ ഹിമയുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ കൂടിയതോതിലുള്ള ഹിമരൂപീകരണം വഴി ഹിമാലയൻ മേഖലകളിലേതുൾപ്പെടെ പ്രധാന ഹിമാനികളുടെ പുനഃസംഘടന നടന്നിരുന്നു. അതിന് ശേഷം ഇന്നേവരേക്കുള്ള കാലയളവിൽ, പ്രത്യേകിച്ച് സമീപദശകങ്ങളിൽ ഹിമാനികൾ അതിവേഗം ശോഷണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവയിൽ തന്നെ ലോകത്തിന്റെ ഇതരഭാഗങ്ങളിലെ ഹിമാനികളെ അപേക്ഷിച്ച് ഹിമാലയൻ ഹിമാനികൾ ആണ് അസാധാരണവേഗതയിൽ ശോഷണ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഹ്രസ്വ ഹിമയുഗകാലഘട്ടത്തിൽ ഏതാണ്ട് 14798 ഹിമാലയൻ ഹിമാനികൾ വലിപ്പത്തിലും വിസ്തൃതിയിലും വികാസം പ്രാപിച്ചിരുന്നു (സയന്റിഫിക് റിപ്പോര്‍ട്ട്സ്, ഫെബ്രുവരി 2022). എന്നാൽ, ഇതേ ഹിമാനികൾ അവയുടെ വിസ്തൃതിയുടെ 40 ശതമാനത്തോളം ഉരുകിയൊലിച്ച അവസ്ഥയിലാണിന്ന്. 28000 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന ഹിമാനിവിസ്തൃതി 19600 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിരിക്കുന്നു. വിസ്തൃതിയിൽ ഉണ്ടായ ഈ ഇടിവിൽ, 390 ഘന കിലോമീറ്ററിനും 586 ഘന കിലോമീറ്ററിനും ഇടയിൽ വരുന്ന വ്യാപ്തത്തോളം ഹിമനഷ്ടവും സംഭവിച്ചിട്ടുണ്ട്.

ആൽപ്സ് പർവതനിരകൾ, കാക്കസസ് പർവതനിരകൾ, സ്കാന്‍ഡിനേവിയൻ പർവതനിരകൾ എന്നിവ ഒട്ടാകെ ഉൾക്കൊള്ളുന്ന മൊത്തം ഹിമവ്യാപ്തിക്ക് തുല്യമാണിത്. ഇത്രയും വ്യാപ്തം മഞ്ഞ് ഉരുകിയതിലൂടെ ആഗോളസമുദ്രനിരപ്പ് 0.92 മില്ലീ മീറ്ററിനും 1.38 മില്ലീ മീറ്ററിനും ഇടയിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ ഉണ്ടായ ഹിമശോഷണത്തേക്കാൾ ഏതാണ്ട് 10 ഇരട്ടിയോളം ഉയർന്ന നിരക്കിലാണ് ഹിമാലയൻ ഹിമാനികളുടെ നിലവിലുള്ള ശോഷണം. ഇതാകട്ടെ, മനുഷ്യപ്രേരിത താപനത്തിന്റെ പരിണതഫലമാണ് എന്ന നിഗമനത്തെ ശരിവയ്ക്കുന്ന തരത്തിലുള്ളതുമാണ്. അന്റാർട്ടിക്-ആർടിക് മേഖലകൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം തോതിൽ ഹിമാനികൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹിമാലയൻ പർവതനിരകൾ. അതിനാൽ, ഭൂമിയുടെ “മൂന്നാം ധ്രുവം” എന്ന അപരനാമധേയത്തിലാണ് ഹിമാലയ പർവതനിരകൾ അറിയപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ ഹിമാനികൾ ദ്രുതഗതിയിൽ ഉരുകിയൊലിക്കുന്നത് ലക്ഷോപലക്ഷം ജനങ്ങളുടെ ഭക്ഷ്യ‑ഊർജ ആവശ്യങ്ങളിൽ പ്രതികൂലപ്രതിഫലനം ഉളവാക്കും. ഏഷ്യയിലെ സുപ്രധാന നദികൾ ഉത്ഭവിക്കുന്നത് ഹിമാലയത്തിൽ നിന്നാണ്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയ ജന്യങ്ങളാണ്. ഹിമാലയത്തിലെ അതിബൃഹത്തായ ഹിമശേഖരമാണ് ഈ നദികളുടെ ജലസ്രോതസ് എന്നതിനാൽ ഹിമാനിശോഷണം നദികളുടെ ശോഷണത്തിനും വഴിതെളിയിക്കുന്നു. ഹിമാനിജന്യ തടാക മേഖലകളിൽ അവസാനിക്കുന്ന ഹിമാലയത്തിലെ ഹിമാനികൾ കൂടുതൽ വേഗത്തിൽ ഉരുകിയൊലിക്കുന്നതായും എന്നാൽ കരഭാഗത്ത് തന്നെ അവസാനിക്കുന്നവ താരതമ്യേന കുറഞ്ഞ വേഗതയിലുമാണ് ഉരുകലിന് വിധേയമാകുന്നതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തടാകമേഖലയുടെ ഭാഗത്ത് നിലനിൽക്കുന്ന ഏതെങ്കിലും തരത്തിലുള്ള താപനപ്രഭാവമാവാം തത്പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ഹിമാനികളുടെ കൂടിയ തോതിലുള്ള ഉരുകലിന് കാരണമാവുന്നത്. ആഗോളതാപന സാഹചര്യങ്ങളിൽ, മഞ്ഞിൽ രൂപം കൊള്ളുന്ന ഇത്തരം തടാകങ്ങളുടെ എണ്ണവും വിസ്തൃതിയും ഏറിവരുന്ന സാഹചര്യത്തിൽ ഹിമാനികളുടെ ഉരുകൽത്തോതും ശോഷണവും വർധിക്കുവാൻ തന്നെയാണ് സാധ്യത. ഹിമാനിപ്രതലങ്ങൾക്ക് മുകളിൽ ജൈവാവശിഷ്ടങ്ങൾ അടിഞ്ഞ്കൂടുന്ന സാഹചര്യത്തിൽ പ്രതിഫലന ശേഷികുറയുകയും, താപവികിരണങ്ങൾ കൂടുതലായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുമെന്നതിനാൽ ഹിമാനിശോഷണം ത്വരിതഗതിയിൽ ആകാറുണ്ട്. ഹിമാനികൾ, ഹിമാനിപരിപോഷിത നദികൾ എന്നിവയിൽ മനുഷ്യപ്രേരിതതാപനം ഉളവാക്കുന്ന പ്രഭാവങ്ങൾ കുറക്കുവാനും അവയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുവാനും വേണ്ടുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണ് ഇക്കാര്യത്തിൽ കരണീയം. ഹിമാനിതടാകങ്ങളുടെ സാന്നിധ്യം, ജൈവാവശിഷ്ട സാന്നിധ്യം എന്നിവയുടെ സ്വാധീനം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള മോഡലിങ് പഠനങ്ങളാണ് ഇവിടെ അഭികാമ്യം.

ഹിമാനികളും ഭൂമിയിലെ മഞ്ഞുമലകളും ഉരുകിയൊലിക്കുന്നതിൽ നമ്മൾ എന്തിന് വ്യാകുലരാകണം എന്നാണോ? അങ്ങനെ ചിന്തിക്കാൻ വരട്ടെ….. ഭൂമിയിലെ ശുദ്ധ ജലത്തിന്റെ 68.7 ശതമാനവും ഉറഞ്ഞുകട്ടിയായ മഞ്ഞിന്റെ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. പൂജ്യം ഡിഗ്രിയോ അതിനു താഴെയോ അന്തരീക്ഷ താപനിലയിൽ ജലം ഖനീഭവിച്ച ഐസ് ആയി നിലകൊള്ളുന്നു. ഖനീഭവനാങ്കണത്തെക്കാൾ താപനിലയിൽ ഏറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായും ഐസ് ഉരുകി ദ്രവാവസ്ഥയിലുള്ള ജലരൂപത്തിലാകുന്നു. ഇതുതന്നെയാണ് ഹിമപാർവതങ്ങളിൽ സംഭവിക്കുന്നത്. ലോകമെമ്പാടും അനുഭവപ്പെടുന്ന ആഗോളതാപന സാഹചര്യങ്ങളിൽ ഹിമാനികൾ വ്യാപകമായി ഉരുകി ജലമാവുകയോ, അഥവാ ബാഷ്പീകരിക്കപ്പെട്ട് നീരാവിയാവുകയോ ചെയ്യുന്നു. ഹിമാനികളുരുകിയ ജലം ഹിമാനിജന്യ നദികളിലൂടെയോ, മറ്റേതെങ്കിലും ജലപ്രവാഹങ്ങൾ വഴിയോ സമുദ്രങ്ങളിലെത്തിച്ചേരുന്നു. സമുദ്രനിരപ്പുയർന്ന് ഭൂമിയിലെ താഴ്ന്ന ഇടങ്ങൾ, ദ്വീപുകൾ എന്നിവ എന്നെന്നേക്കുമായി ജലസമാധിയടയും എന്നതാണ് ആദ്യത്തെ ദുരന്തം. ഹിമപർവതങ്ങളിൽ നിന്നുത്ഭവിക്കുന്ന നദികളുടെ ജലസ്രോതസ് പർവതങ്ങളിൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞാണ്. ആ മഞ്ഞ് ഉരുകിയൊലിച്ച് സമുദ്രങ്ങളിലെത്തിച്ചേരുമ്പോൾ, ഹിമജന്യനദികളും അവ നൽകുന്ന ശുദ്ധജലസമൃദ്ധിയുമാണ് നിലച്ചുപോകുന്നത്. താപനം ഏറി വരുമെന്നനുമാനിക്കപ്പെടുന്ന ഭാവി സാഹചര്യങ്ങളിൽ, മഞ്ഞുറഞ്ഞ് മഞ്ഞുമലകളുടെ പുനർരൂപീകരണം നടക്കാനുള്ള സാധ്യത വിരളം; മറിച്ച് അവയുടെ ശോഷണ സാധ്യതയ്ക്കുതന്നെയായിരിക്കും സ്വാഭാവികമായും മുൻതൂക്കം എന്നതിനാലാണ് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ഗൗരവത്തോടെ കാണുന്നതും.

ഡോ. ഗോപകുമാർ ചോലയിൽ. ലേഖകൻ കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജിലെ സയന്റിഫിക് ഓഫീസറും കാലാവസ്ഥാ ഗവേഷകനുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.