തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫ്-ബിജെപി ഗൂഢശ്രമങ്ങള്‍ക്കെതിരെ പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് ബഹുജനസംഗമങ്ങള്‍ക്ക് തുടക്കമായി. ജനകീയ സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മുന്നണിപ്പോരാളികളാകുമെന്ന് വ്യക്തമാക്കിക്കൊണ്ട് ആയിരക്കണക്കിന് പേരാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സംഗമത്തിനെത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യുഡിഎഫും ബിജെപിയും തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് സ്വപ്നാ സുരേഷ് ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ വിളിച്ചുപറയുന്നത്. അപസര്‍പ്പക കഥകളെ തോല്പിക്കുന്ന കഥകളാണ് ഓരോ ദിവസവും പറയുന്നത്. പുകമറ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് എതിരാളികളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി എന്ത് വഴിയും സ്വീകരിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ തീക്കളി നിര്‍ത്തണമെന്ന് ജനതയാണ് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്. സമരാഭാസത്തിന് മുന്നില്‍ എല്‍ഡിഎഫ് കീഴടങ്ങില്ലെന്ന് കോടിയേരി വ്യക്തമാക്കി. സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ പ്രസംഗിച്ചു.
സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നു: കാനം
തിരുവനന്തപുരം: ജനങ്ങളുടെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നതിന്റെ തെളിവാണ് ബഹുജനസംഗമത്തില്‍ പങ്കെടുത്ത ജനാവലിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അഞ്ച് വര്‍ഷക്കാലം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ സമ്മാനിച്ചതാണ് തുടര്‍ഭരണം. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഈ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാനും അവര്‍ തയാറായിരിക്കുകയാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും ഗൂഢാലോചനയ്ക്കെതിരെ ജനകീയ വികാരം വളരണമെന്നും കാനം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ കേസുമായി സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. സര്‍ക്കാരുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കാവുന്ന യാതൊരു തെളിവും ഏജന്‍സികള്‍ക്ക് ലഭിച്ചില്ലെന്ന് കാനം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ ഇഡി കൊള്ളില്ല, കേരളത്തിലെ ഇഡി കൊള്ളാം എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ ബിജെപിയുമായി കൈകോര്‍ത്തുപിടിച്ചാണ് ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് തെരുവിലിറങ്ങുന്നത്. ഈ രാഷ്ട്രീയമാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
English summary;kodiyeri statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.