8 November 2024, Friday
KSFE Galaxy Chits Banner 2

Related news

March 8, 2024
January 25, 2024
December 19, 2023
September 30, 2023
September 16, 2023
May 20, 2023
March 19, 2023
December 10, 2022
November 16, 2022
October 21, 2022

കുഞ്ഞാലി കോക്കസിനെതിരെ തങ്ങള്‍മാര്‍

Janayugom Webdesk
June 25, 2022 10:32 pm

മുസ്‌ലിം ലീഗിനെ വരുതിയിലാക്കി കെെപ്പിടിയിലൊതുക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ കോക്കസിനെതിരെ പാര്‍ട്ടിയിലെ നിയാമകശക്തിയായ പാണക്കാട് തങ്ങള്‍ കുടുംബം. എന്തിനുമേതിനും കുഞ്ഞാലിക്കുട്ടിയുടെ പിടിവാശിക്കു വഴങ്ങേണ്ടതില്ലെന്ന് തങ്ങള്‍മാരുടെ ആസ്ഥാനമായ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതായാണ് സൂചന.
ആര്‍എസ്എസ് ബന്ധമുള്ള ഒരു സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ച മുതിര്‍ന്ന ലീഗ് നേതാവും തീപ്പൊരി പ്രസംഗകനുമായ കെഎന്‍എ ഖാദറിനെതിരെ കടുത്ത നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടാളികളുടെയും ആവശ്യം ലീഗ് സംസ്ഥാന പ്രസിഡന്റ് സെയ്യദ് സാദിഖലി ഷിഹാബ് തങ്ങള്‍ ഇന്നലെ തള്ളി. ഖാദറിന്റെ വിശദീകരണത്തിനും അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പരിശോധിച്ച ശേഷവുമായിരുന്നു പാണക്കാട് തങ്ങള്‍മാരുടെ യോഗത്തിന്റെ തീരുമാനം സാദിഖാലി ഷിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. മുനവറാലി ഷിഹാബ് തങ്ങള്‍, മൊയിന്‍ അലി ഷിഹാബ് തങ്ങള്‍ തുടങ്ങിയവരും ‘തങ്ങള്‍സഭ’യില്‍ സംബന്ധിച്ചിരുന്നു. പ്രഖ്യാപനത്തിനു മുമ്പ് ഖാദറുമായും തങ്ങള്‍മാര്‍ ആശയവിനിമയം നടത്തിയിരുന്നു. ഖാദറിനെതിരെ നടപടിയുണ്ടാവില്ലെന്ന് വ്യാഴാഴ്ച ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മുന്‍മന്ത്രി എം എം മണിക്കെതിരെ വര്‍ണവെറിയോടുകൂടിയ പരാമര്‍ശം നടത്തിയതിന് ലീഗിലെ മറ്റൊരു കരുത്തനായ പി കെ ബഷീറിനെതിരായി അച്ചടക്ക നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിന്റെ ആവശ്യവും നിരാകരിച്ച സാദിഖാലി തങ്ങള്‍ നടപടി വെറും താക്കീതിലൊതുക്കിയിരുന്നു. ലീഗ് ഇതര സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഖാദറിനു നല്കിയ ഉപദേശം. തീവ്ര ഹിന്ദുത്വ വിരുദ്ധതയെന്ന ലീഗിന്റെ മൗലികമായ നിലപാടുതന്നെ ലംഘിച്ച ഖാദറിനെ വെറുതെ വിടാനുള്ള തീരുമാനം പാര്‍ട്ടിയിലെ പിളര്‍പ്പുതന്നെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊട്ടതിനൊക്കെ നടപടിയെടുത്താല്‍ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിക്കഴിഞ്ഞ വിമതശബ്ദം പൊട്ടിത്തെറിയിലേക്കു നീങ്ങുമെന്നും പാണക്കാട് കുടുംബം ഭയപ്പെടുന്നു. മാത്രമല്ല പാണക്കാട് കുടുംബത്തിന്റെ ലീഗിലുള്ള അധീശത്വം തറവാട്ടിലെ കാരണവരായിരുന്ന അന്തരിച്ച പിഎംഎസ് പൂക്കോയ തങ്ങളുടെയും സയ്യദ് മുഹമ്മദാലി ഷിഹാബ് തങ്ങളുടെയും കാലത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങളും കൊടപ്പനയ്ക്കല്‍ തറവാട്ടിലെ അണിയറയില്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രവാചക പരമ്പരയില്‍പ്പെട്ടവരെന്നു ചരിത്രം പറയുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ലീഗിലുള്ള അധീശശക്തി ചോര്‍ന്നുപോയത് ഈയടുത്ത് അന്തരിച്ച സംസ്ഥാന പ്രസിഡന്റ് ഹെെദരാലി ഷിഹാബ് തങ്ങളുടെ കാലത്തായിരുന്നു. ദുര്‍ബലനായ പ്രസിഡന്റ് എന്ന അവസരം മുതലെടുത്ത് ലീഗിന്റെ നേതൃത്വം കുഞ്ഞാലിക്കുട്ടിയുടെ ഉപജാപകസംഘം കയ്യാളുകയായിരുന്നു. 

ഇക്കാലത്ത് ലീഗ് കാര്യമായി ശോഷിക്കുകയായിരുന്നു. പാര്‍ട്ടിയിലെ മുപ്പതിനായിരത്തോളം അംഗങ്ങള്‍ ഇതുവരെ കൊഴിഞ്ഞുപോയപ്പോള്‍ പുതിയ അംഗങ്ങളായെത്തിയവര്‍ പതിനായിരത്തിനു താഴെ, അംഗത്വ ക്യാമ്പയിന്‍ തന്നെ പഴങ്കഥയായി. പാര്‍ട്ടി മുഖപത്രമായ ‘ചന്ദ്രിക’യുടെ ഗള്‍ഫ് എഡിഷനുകളായ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ പൂട്ടി. ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പും കഴിഞ്ഞ ദിവസം നിര്‍ത്തലാക്കി. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടില്‍ പുറത്തിറക്കുന്ന ‘ചന്ദ്രിക’യില്‍ ഇപ്പോള്‍ മാസങ്ങളായുള്ള ശമ്പളകുടിശികയ്ക്കായി ജീവനക്കാര്‍ സമരത്തിലുമാണ്. കുഞ്ഞാലി കോക്കസിന്റെ ഭരണകാലത്ത് നഷ്ടങ്ങളുടെ പെരും കണക്കു മാത്രമെ നാള്‍വഴി പുസ്തകത്തിലുള്ളൂ. ഈ തിരിച്ചറിവിലാണ് കുഞ്ഞാലിക്കുട്ടിക്കും കൂട്ടാളികള്‍ക്കും മൂക്കുകയറിടാനുള്ള നീക്കങ്ങള്‍ പാണക്കാട് തങ്ങള്‍ കുടുംബം ആരംഭിച്ചിരിക്കുന്നത്.
ലീഗിനുള്ളില്‍ കരുത്താര്‍ജ്ജിക്കുന്ന കുഞ്ഞാലി വിരുദ്ധ സഖ്യത്തെ പ്രതിരോധിക്കാന്‍ കോക്കസിനു ത്രാണിയുമില്ലാതായിരിക്കുന്നു. പാണക്കാടു തങ്ങള്‍മാര്‍ കൂടുതല്‍ ശക്തരാകുന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ ഉപജാപകസംഘം ക്രമേണ അപ്രസക്തമാവുമെന്നും പുതിയൊരു ലീഗ് പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും വിരുദ്ധ ചേരി അവകാശപ്പെടുന്നു. എന്തായാലും തല്ക്കാലമില്ലെങ്കിലും ക്രമേണ കുഞ്ഞാലി കോക്കസ് ഒരു ജീവന്മരണ പടയോട്ടത്തിലേക്കു നീങ്ങിക്കൂടെന്നില്ലെന്നും ലീഗു നിരീക്ഷകര്‍ കരുതുന്നു.

Eng­lish Sum­ma­ry: Than­gal are against the Kun­hali Caucasus

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.