അങ്കണവാടി പ്രവര്‍ത്തകരുടെ സേവനവേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാത്യു കുഴല്‍നാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മെയിന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 2700 രൂപ കേന്ദ്രവിഹിതത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അധിക തുകയുമുള്‍പ്പെടെ ആകെ 12,000 രൂപയാണ് പ്രതിമാസ ഓണറേറിയമായി നല്‍കുന്നത്. മിനി അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രവിഹിതമായ 2100 രൂപയുള്‍പ്പെടെ ആകെ 11,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1350 രൂപ കേന്ദ്രവിഹിതമുള്‍പ്പെടെ 8000 രൂപയുമാണ് പ്രതിമാസ ഓണറേറിയമായി കേരളത്തില്‍ നല്കുന്നത്. അങ്കണവാടി വര്‍ക്കര്‍മാരായി പത്ത് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനത്തിന് സംവരണം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുള്ള 33,115 അങ്കണവാടികളില്‍ 24,360 എണ്ണം സ്വന്തം കെട്ടിടത്തിലും 6948 എണ്ണം വാടകക്കെട്ടിടത്തിലും 1807 എണ്ണം വാടകരഹിത കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളെ ശിശുസൗഹൃദകേന്ദ്രങ്ങളാക്കാനായി നവീകരണത്തിന് എല്ലാ വര്‍ഷവും തുക അനുവദിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വീതം നൂറ് അങ്കണവാടികള്‍ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ വിനിയോഗിച്ച്, ശോച്യാവസ്ഥയിലുള്ള 25 അങ്കണവാടികളെ നവീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.
കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ശാസ്ത്രീയ അടിത്തറയും അടിസ്ഥാന സൗകര്യവും ഒരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഇത് രാജ്യത്ത് തന്നെ ആദ്യമായാണ്. 204 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അങ്കണവാടികള്‍ പൂര്‍ണമായും വൈദ്യുതീകരിക്കുന്നത് ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
English Summary:Service pay of Anganwadi workers under consideration: Minister Veena George
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.