24 November 2024, Sunday
KSFE Galaxy Chits Banner 2

പെൺജീവിതത്തിന്റെ കലിഡോസ്കോപ്പിക് കാഴ്ചകള്‍

Janayugom Webdesk
July 3, 2022 7:07 am

വികൂടിയായ നജ ഹുസൈന്റെ ആദ്യകഥാസമാഹാരമാണ് ‘മരങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ’. നജ സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും സജീവമാണ്. 72 പുറങ്ങളിൽ 28 മിനിക്കഥകളും 21 കുറുങ്കഥകളുമാണ് പുസ്തകത്തിലെ ഉള്ളടക്കം.
പഴമയേയും പുതുമയേയും ചേരുംപടി ചേർത്ത് പക്വമായ രചനകളുമായിട്ടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. ഏവർക്കും ഗ്രഹിക്കത്തക്ക പദാവലിയാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
കേരളീയ മനസുകളിലെന്നല്ല വിശപ്പ് അറിയുന്ന ഏതൊരാളിന്റെ മനസിലും വലിയൊരു മുറിവായി ശേഷിക്കുന്ന മധു എന്ന മനുഷ്യനുള്ള അശ്രുപൂജയോടെയാണ് കഥകളുടെ ആരംഭം.
പുരുഷവികാരങ്ങളെ, നോവുകളെയൊക്കെ ചാരുതയോടെ ചിത്രീകരിച്ചിട്ടുള്ള കഥകളാണ് അവരുടെ സായാഹ്നങ്ങൾ, വായിക്കാത്ത കത്ത് എന്നിവ. അതേസമയം പുതിയ കാലത്തിന്റെ ഭാഷയിൽ തേച്ചു പോകുന്നവളായി മുദ്രകുത്തപ്പെടുന്ന ഏതൊരു പെണ്ണിന്റെയും നീറുന്ന നിസഹായത വെളിപ്പെടുത്തുന്നവയാണ് നിനക്കായ്, ഹൃദയത്തിന്റെ ഉടമ എന്നീ കഥകള്‍.
പരസ്പരം തണലുകളായി വർത്തിക്കുന്ന ഏതാനും എളിയ മനുഷ്യരുടെ ഹൃദയസ്പർശിയായ കഥയാണ് തണൽ മരങ്ങൾ. മതിലുകൾ എന്നകഥയിൽ ഒരുമയോടെ ജീവിക്കുന്ന രണ്ട് കുടുംബങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന കലഹങ്ങളും കാരണങ്ങളുമാണ് കഥാകാരി പറയാൻ ശ്രമിച്ചിരിക്കുന്നത്.
വായനക്കാരുടെ മിഴികളെ ഈറനണിയിക്കുകയും മനസിനെ തരളിതമാക്കുകയും ചെയ്യുന്ന ധാരാളം കഥകൾ ഈ സമാഹാരത്തിലുണ്ട്. ദാമ്പത്യ വ്യവസ്ഥയുടെ ന്യൂനതകളും സ്വത്വം തിരയുന്ന പെൺജീവിതങ്ങളും നഷ്ടപ്രണയത്തിന്റെ നെടുവീർപ്പുകളും കഥകളിലുണ്ട്.
കുറഞ്ഞ വാക്കുകളിൽ മികവുറ്റ സന്ദേശങ്ങളാണ് ഇതിലെ കഥകൾ പകർന്നു നൽകുന്നത്. ചെവിയോർത്താൽ ജീവിതത്തിന്റെ കടലിരമ്പം കേൾക്കാമെന്ന് മോബിൻ മോഹൻ വിശേഷിപ്പിച്ചിരിക്കുന്ന ഇതിലെ കഥകളെല്ലാം ഒതുക്കിപ്പറയലിന്റെ സൗന്ദര്യം വെളിവാക്കുന്നു. തീവ്രമായും ചിലപ്പോൾ സരസമായും കാണാത്ത കാഴ്ചകളിലേയ്ക്ക് നമ്മെ നയിക്കുന്ന കഥകളാണ്, മരങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ.
ഈ കഥാസമാഹാരം നിറയെ ജീവിതയാഥാർത്ഥ്യങ്ങളും ഗുണപാഠങ്ങളും മുന്നറിയിപ്പുകളും ഉണ്ടെങ്കിലും കൃതിയുടെ ഒഴുക്ക് പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും ഇരുകരകളെ തഴുകിത്തന്നെയാണ്. തുമ്പയും തുമ്പിയും, ആമ്പൽപ്പൂവുകൾ എന്നീ കഥകളിൽ കഥാകാരി പരമ്പരാഗത സദാചാരങ്ങളുടെ പക്ഷത്തു നിൽക്കുന്നതായി തോന്നുന്നുണ്ട്. ഇത് ‘ഉടലുകളെ പ്രണയിച്ചവളി‘ലെ അവസാനവരിയിലും ധ്വനിക്കുന്നുണ്ട്. ഈ ഒരു കണ്ണികൂടി എന്ന കഥയിലെ കൗമാരക്കാരിയുടെ മറുപടിക്കത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള എഴുത്തുകാരിയുടെ കാഴ്ചപ്പാട് നമുക്ക് വായിക്കാൻ കഴിയും.
ഈ കുഞ്ഞുകഥകൾ നമ്മിലുളവാക്കുന്ന വൈകാരികമായ കുഞ്ഞോളങ്ങൾക്ക് വേണ്ടുവോളം തണുപ്പുണ്ട്. ഒന്നിനും സമയം കിട്ടാത്ത ജീവിതപാച്ചിലുകളില്‍ കൂടെ കരുതുകയും വായിച്ചാസ്വദിക്കുകയും ചെയ്യാവുന്ന മനോഹരമായ പുസ്തകമാണ് മരങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ. 

മരങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ
(കഥ)
നജ ഹുസൈന്‍
ഗ്രീന്‍ ബുക്സ്
വില: 100 രൂപ

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.