3 January 2025, Friday
KSFE Galaxy Chits Banner 2

ഹൃദയമിടിപ്പുകൾ

Janayugom Webdesk
July 3, 2022 7:51 am

“മോനേ… വാസുദേവാ ആ ക്ലോക്ക് കണ്ടില്ലല്ലോ? അതെന്റെ മുറിയിൽ വച്ചുതാ. അതിന്റെ ശബ്ദം കേൾക്കാതെ എനിക്കുറങ്ങാൻ പറ്റുന്നില്ല.”

കൃഷ്ണൻ മാഷ് മകനോട് പറ്റാവുന്ന ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. വാസു അത് കേട്ടു. ഒന്നും മിണ്ടിയില്ല. അച്ഛൻ ആ ക്ലോക്ക് കാണാതെ ഉറങ്ങില്ല. അതുറപ്പാണ്. വളരെ പഴയതാണത്. പഴയതെന്നു വെച്ചാൽ അച്ഛന്റെ അച്ഛൻ മലയായിൽ നിന്ന് കൊണ്ടുവന്നത്. ചുരുങ്ങിയത് തൊണ്ണൂറു വർഷത്തെ പഴക്കമെങ്കിലും കാണും.

ക്ലോക്കിന്റെ കഥ അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. അപ്പൂപ്പൻ മലയായിൽ ഒരു റബ്ബർ തോട്ടത്തിൽ ഗുമസ്തനായിരുന്നു. സായിപ്പിന്റെ ഗുമസ്തൻ. സായിപ്പിന് അപ്പൂപ്പനോട് വലിയ താൽപര്യമായിരുന്നു. റബ്ബർ തോട്ടവും തേയില തോട്ടവുമുള്ള അയാൾ കോടീശ്വരനായിരുന്നു. അത്രകണ്ട് തൊഴിലാളികളുമുണ്ടായിരുന്നു. അതിന്റെ പേരിൽ തന്നെ സായിപ്പിന്റെ മലയാളി ഗുമസ്തനെ എല്ലാവർക്കും ബഹുമാനമായിരുന്നു.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷം സായിപ്പ് മലയാ വിട്ടുപോയി. അപ്പൂപ്പന്റെ ജോലിയും അവസാനിച്ചു. സായിപ്പ് പോകാൻ നേരത്ത് അപ്പൂപ്പന് സമ്മാനമായി കൊടുത്ത ക്ലോക്കാണിത്. ഒരാൾ പൊക്കമുണ്ടതിന്. കനവും കൂടുതലാണ്. ചാവി കൊടുത്താൽ കൃത്യ സമയം കാണിക്കും. മണിയടി ശബ്ദം കേട്ടാൽ ഭയം തോന്നും. അതിന്റെ ടിക്ക്… ടിക്ക്… ശബ്ദവും ഉച്ചത്തിലാണ്. ഏത് ഇരുട്ടിലും ഒരാൾ നിൽക്കുന്ന രൂപത്തിൽ അതിനെ കാണാം. രാത്രിയുടെ നിശബ്ദതയിൽ പടികയറി വരുന്ന ബൂട്ട്സിന്റെ ശബ്ദം പോലെ അതിന്റെ സ്പന്ദനം ഭയപ്പെടുത്തും.

അപ്പൂപ്പന്റെ മരണശേഷം അച്ഛൻ അത് സ്വന്തം മുറിയിൽ എടുത്തു വെച്ചു. തറവാട് പുതുക്കിപ്പണിതപ്പോൾ അച്ഛന് പുതിയ മുറി കൊടുത്തു. ക്ലോക്ക് ആ മുറിയിൽ വെച്ചുകൊടുക്കാനാ അച്ഛൻ വാശിപിടിക്കുന്നത്. അമ്മയുള്ള സമയത്ത് ക്ലോക്ക് തുടച്ച് വൃത്തിയാക്കിയിരുന്നു. അമ്മ മരിച്ച ശേഷം അതും ഇല്ല. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അച്ഛൻ നല്ല ചരിത്രാദ്ധ്യാപകൻ, അമ്മ കണക്കു ടീച്ചറും. പ്രണയ വിവാഹം.

വാസുദേവൻ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു. “മോനെ, ആ ക്ലോക്ക് ഈ മുറിയിൽ ലൊന്നുവച്ചു താ.”

മകനെ കണ്ടയുടനെ കൃഷ്ണൻ മാഷ് കിടന്ന കിടപ്പിൽ പറഞ്ഞു. അമ്മ മരിച്ച ശേഷമാണ് അച്ഛൻ കിടപ്പു രോഗിയായത്.

“ഞാനിന്നു തന്നെ കണാരനോട് പറയാം. രണ്ടു മൂന്നു പേരെങ്കിലുമില്ലാതെ അതിനെ ചുമരിൽ എടുത്തുവെക്കാൻ പറ്റില്ലച്ഛാ”.

കൃഷ്ണൻ മാഷ് തലകുലുക്കി. വാസുദേവൻ മുറിയിൽ നിന്നിറങ്ങി വണ്ടിയെടുത്ത് കണാരനെ കണ്ടു. കണാരൻ വേറെ രണ്ടു പേരേയും വിളിച്ച് കൃഷ്ണൻ മാഷുടെ മുറിയിൽ ക്ലോക്ക് വച്ചുകൊടുത്തു.

കണാരൻ മാഷോട് ചോദിച്ചു, “ഈ സാധനം വല്ല പുരാവസ്തു ശേഖരത്തിനു കൊടുത്തു കൂടെ മാഷേ? എന്തിനാ ഇത്.”

മാഷ് മറുപടി പറഞ്ഞതിങ്ങനെയാണ്, “അച്ഛന് വയസ്സായാൽ പുരാവസ്തുവിന് നീ കൊടുക്കുമോ?” കണാരൻ, അത് കേൾക്കാത്തമട്ടിൽ ചിരിച്ചു കൊണ്ട് നടന്നുനീങ്ങി.

അയാൾ പോകുന്നതും നോക്കി മാഷ് കിടന്നു. ക്ലോക്ക് മുറിയിലെത്തിയപ്പോൾ സമാധാനമായി. എത്രയോ വർഷങ്ങളായി ഇതിന്റെ മിടിപ്പുകൾ കേൾക്കാൻ തുടങ്ങിയിട്ട്. ചെറുപ്പത്തിൽ വാസു വാശിപിടിച്ചു കരയുമ്പോൾ ക്ലോക്ക് കാണിച്ചു കൊടുത്ത് പറയും, കോക്കാച്ചി പിടിക്കും എന്ന്. ക്ലോക്കിന്റെ ശബ്ദവും രൂപവും കാണുമ്പോൾ അവൻ കരച്ചിൽ നിർത്തും.

ഒരുപാട് ഓർമ്മകൾ… മറക്കാൻ പറ്റാത്ത ഓർമ്മകൾ. മാഷ് ക്ലോക്ക് നോക്കിക്കിടന്നു. പതിയെ രാത്രികടന്നു വന്നു. മാഷ് കഞ്ഞിയും മരുന്നും കഴിച്ചു. വാസു അതെല്ലാം കൃത്യമായി ചെയ്യും. “അച്ഛനുറങ്ങിക്കോ” എന്ന് പറഞ്ഞ് പുതപ്പിച്ചു കൊടുത്തു.

മാഷ് കണ്ണുകളടച്ചു. ക്ലോക്കിൽ പന്ത്രണ്ട് അടിച്ചു. മാഷ് കണ്ണുതുറന്നു.

ചെറിയ പ്രകാശത്തിൽ രാധ ക്ലോക്കിൽ നിന്നിറങ്ങിവരുന്നു, മുല്ലപ്പൂവണിഞ്ഞ് മണവാട്ടിയെ പോലെ. കല്യാണ രാത്രിയിൽ കണ്ട അതേ രാധ. ഒരു മാറ്റവുമില്ല. നല്ല സുഗന്ധം. അവൾ അടുത്തു വന്നുനിന്നു. നെറ്റിയിൽ കൈ വെച്ചു. നല്ല സുഖമുള്ള തണുപ്പ്.

“എന്താ കൃഷ്ണാ സ്വപ്നം കാണുകയാണോ? ഉറങ്ങണ്ടെ…” രാധയുടെ ചോദ്യം.

”നിനക്ക് സുഖമാണോ രാധേ…?”

”കൃഷ്ണനില്ലാത്ത ബുദ്ധിമുട്ടുണ്ട്.”

”ഞാൻ കൂടെ പോരട്ടെ…?”

”വാസൂനെ വിട്ടു പോരണോ… അവൻ നല്ല മോനല്ലേ. ഒറ്റയ്ക്കാക്കണ്ട.”

”നീ പോയതോ?”

”ഞാൻ നിന്റെ കൂടെയുണ്ടല്ലോ? ഇല്ലേ?”

”ഞാനെന്നും മാഷുടെ ക്ലാസിനെക്കുറിച്ച് ചിന്തിക്കും. തൊട്ടടുത്ത ക്ലാസ് റൂമിൽ ഞാൻ ക്ലാസെടുക്കുമ്പോൾ കേൾക്കാം മാഷുടെ ഉറച്ച ശബ്ദം. പാനിപ്പത്ത് യുദ്ധംകലിംഗ യുദ്ധം. ഇബ്ന് ബത്തൂത്തയുടെ വരവ്. ഔറംഗസീബിന്റെ ചരിത്രം… അങ്ങനെ തുടരും. എന്നിട്ട് മണ്ടനായ തുഗ്ലക്കിനെ ബുദ്ധിമാനാക്കി ചിത്രീകരിക്കും. ഇതെല്ലാം ഞാൻ കേട്ടു പഠിച്ചു.” രാധ ചിരിച്ചു.

”എന്റെ പാവം കൃഷ്ണൻ കണ്ണടച്ച് ഉറങ്ങിക്കോ… ഞാൻ തലോടിത്തരാം.”

രാധ മാഷുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. ആ തണുപ്പ് നുകർന്ന് അയാൾ ഉറങ്ങി.

ക്ലോക്ക് രാവിലെ ശബ്ദിച്ചതേയില്ല.

വാസുദേവൻ അച്ഛന്റെ മുറിയിലേക്കു കയറി. എന്തേ പതിവില്ലാതെ ഉറക്കം. വാസു അടുത്തു ചെന്നു. തൊട്ടു നോക്കി. തണുത്ത് മരവിച്ചിരിക്കുന്നു. അയാൾ ക്ലോക്കിലേക്ക് നോക്കി. ക്ലോക്ക് നിശ്ചലമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.