അരനൂറ്റാണ്ട് മുൻപ് കൂടിയാട്ടത്തെ ക്ഷേത്ര കൂത്തമ്പലങ്ങളിൽ നിന്നും പുറത്തിറക്കിയത് മഹത്തായ ആ കലാരൂപത്തിന്റെ നിലനിൽപ്പിനായിരുന്നു. അന്ന് അതൊരു ആചാര ലംഘനവും വിപ്ലവവുമായിരുന്നു. ഇന്ന് കൂടിയാട്ടത്തെയും കലാകാരന്മാരെയും സ്വീകരിക്കുന്നതിന് കൂത്തമ്പലങ്ങൾ സജ്ജമാകണമെന്നുള്ള ആവശ്യം ഉയരുന്നതും അന്നത്തെ അതേ അവസ്ഥയിലേക്ക് ഈ കലാരൂപം എത്തുന്നുവെന്നുള്ള ആശങ്കയിലാണ്. തന്ത്രവിദ്യ അഭ്യസിച്ച പട്ടിക ജാതിക്കാരന് ക്ഷേത്ര ശ്രീകോവിലിൽ വിലക്കില്ലാത്ത കാലത്താണ് ചാക്യാർക്ക് മാത്രമായി കൂത്തമ്പലങ്ങൾ ചുരുങ്ങുന്നത്. ക്ഷേത്രങ്ങളിലെ കൂടിയാട്ട അടിയന്തിരങ്ങൾക്ക് നമ്പൂതിരിയാണെങ്കിലും അനുവദിക്കില്ലെന്നതാണ് കർശനമായ ചട്ടം. കേരളത്തിൽ ചാക്യാർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദുക്കളാണ് ഈ കല അഭ്യസിക്കുന്നവരിൽ ഭൂരിപക്ഷം. ഇവർ അവതരണത്തിനും പരിശീലനത്തിനും യഥാർത്ഥ വേദികൾ ലഭിക്കാതെ വലഞ്ഞ്, ഈ രംഗം ഉപേക്ഷിക്കുകയാണ് പതിവ്.
കേരളത്തിൽ ഏതാണ്ട് പതിനാറ് കൂത്തമ്പലങ്ങളാണ് അവശേഷിക്കുന്നതെങ്കിലും കൂടിയാട്ട അടിയന്തിരങ്ങൾ പല ക്ഷേത്രങ്ങളിലുമുണ്ട്. ഓരോ ക്ഷേത്രത്തിനും അനുയോജ്യമായ ഇടങ്ങളിൽ അത് അവതരിപ്പിക്കപ്പെടുന്നു. പണ്ട് കേരളത്തിൽ നാനൂറിലേറെ ക്ഷേത്രങ്ങളിൽ കൂടിയാട്ട അടിയന്തിരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇന്നത് കഷ്ടിച്ച് 25ൽ താഴെ ആയി ചുരുങ്ങി. ഭരണ‑നാടുവാഴിത്ത രീതികൾ പലതും മാറിമറിഞ്ഞതിന്റെ കൂട്ടത്തിൽ ചെലവേറിയതും ആഴ്ചകൾ നീളുന്നതുമായ കൂടിയാട്ടത്തിനും ശോഷണമുണ്ടായി. ഇതിനെ ഉയർത്തിക്കൊണ്ടുവരുന്നതിനും ലോകസമക്ഷം അവതരിപ്പിക്കുന്നതിനും മുൻകയ്യെടുത്ത മഹാഗുരുവായിരുന്നു പൈങ്കുളം രാമചാക്യാർ. അദ്ദേഹത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടും ദീർഘ വീക്ഷണവും ജനാധിപത്യ ബോധവുമാണ് കൂടിയാട്ടത്തെ ഇന്നു കാണുന്ന രീതിയിലെത്തിച്ചത്. കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ ചരിത്രത്തിൽ ആദ്യമായി ചാക്യാരല്ലാത്ത ഒരാളെ (ശിവൻ നമ്പൂതിരി-1965) കൂടിയാട്ടം അഭ്യസിപ്പിക്കുകയും കടൽകടന്ന് പാരീസിലെത്തി (1980) കൂടിയാട്ടം അവതരിപ്പിക്കുകയും ചെയ്തു. അന്ന് കടുത്ത വിമര്‍ശനങ്ങള്‍ സഹിക്കേണ്ടിവന്നുവെങ്കിലും പൈങ്കുളം തന്റെ നിലപാടിൽ ഉറച്ചുനിന്നു, ധീരമായി മുന്നോട്ട് പോയി. എതിർത്തിരുന്ന പല ഗുരുക്കന്മാരും പൈങ്കുളത്തിന്റെ മാർഗം പിന്തുടർന്ന കാഴ്ചയായിരുന്നു പിന്നീട് കലാകേരളം കണ്ടത്. അന്ന് ക്ഷേത്രകൂടിയാട്ട വേദികളിൽ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പൈങ്കുളം രാമചാക്യാരുടെ ശിഷ്യൻ ശിവൻ നമ്പൂതിരിയെ പിന്നീട് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കാലഗതിയിൽ പല ദുരാചരങ്ങളും കടപുഴകി വീണെങ്കിലും ചാക്യാരല്ലാത്തവർക്ക് കൂത്തമ്പലങ്ങളിൽ കല്പിച്ചിരുന്ന വിലക്ക് ഇന്നും ശക്തമായി തുടരുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യം.
ചാക്യാരല്ലാത്ത പ്രമുഖരായ നിരവധി കൂടിയാട്ട കലാകാരികളും കലാകാരന്മാരും ഉണ്ടെങ്കിലും ആഴത്തിൽ ഈ കല അവതരിപ്പിക്കപ്പെടുന്ന ക്ഷേത്രാങ്കണങ്ങളിൽ അവർ മാറ്റി നിർത്തപ്പെടുന്നു. അവതരിപ്പിക്കാൻ ആളില്ലാത്തതിനാൽ പലയിടത്തും ഇതു നിന്നുപോകുന്നുമുണ്ട്. മധ്യകേരളത്തിലെ പ്രശസ്തമായ പെരുവനം മഹാക്ഷേത്രത്തിലെ മന്ത്രാങ്കം കൂത്ത് നിന്നു പോയത് സമീപകാലത്താണ്. കലാമണ്ഡലം രാമചാക്യാർ മാത്രമാണ് ഇന്ന് മന്ത്രാങ്കം കൂത്ത് നടത്തുന്ന ഏക കലാകാരന്‍. 41 ദിവസം നീണ്ടുനിൽക്കുന്ന ഈ കലാവതരണം അധ്യാത്മിക പരിസരത്തിന് പുറത്ത് അവതരിപ്പിക്കപ്പെടില്ല. ഒരിക്കലോ മറ്റോ അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ ക്ഷേത്രങ്ങളിലെ കല, അനുഷ്ഠാന ബന്ധിതമാകുമ്പോൾ അവതരണ സാധ്യത വർഷത്തിലൊരിക്കല്ലെങ്കിലും ഉണ്ടാകുന്നു.
കലാമണ്ഡലം രാമചാക്യാര്‍ക്കുശേഷം മന്ത്രാങ്കം കൂത്തുതന്നെ അന്യംനില്‍ക്കും. ഇത്തരം പാരമ്പര്യ കലാവൈജ്‍ഞാനിക സമ്പത്തുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനുള്ള പരിഹാരമായാണ് അവതരണങ്ങളില്ലാത്തതിനാൽ നശിച്ചുക്കൊണ്ടിരിക്കുന്ന കൂത്തമ്പലങ്ങൾ നവീകരിച്ച് ചാക്യാർമാർ അല്ലാത്തവർക്കു കൂടി തുറന്ന് നൽകണമെന്ന ആവശ്യം ഉയരുന്നത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വ്യക്തിഹത്യ നേരിടേണ്ടിവന്നു ലോകപ്രശസ്ത കൂടിയാട്ട വിദഗ്ധന്‍ വേണുജിക്ക്. ഇതില്‍ മനംനൊന്താണ് സ്ഥാപകരിൽ ഒരാളായിട്ടുപോലും ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ ഗുരുകുലത്തിന്റെ ഡയറക്ടര്‍ പദവികളില്‍ നിന്ന് കൂടിയാട്ട കലാകാരിയായ മകൾ കപിലാ വേണുവിനൊപ്പം വേണുജി രാജിവച്ചത്. കൂടിയാട്ടത്തിന് രാജ്യത്തും വിദേശത്തും സ്ഥാനമുണ്ടാക്കിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കലാകാരനാണ് വേണുജി. അമ്മന്നൂർ ഗുരുകുലത്തിന്റെ ഖ്യാതിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്നവും നിസ്തുലമാണ്.
രണ്ടാം നവോത്ഥാനത്തിന് മുറവിളിയുയരുന്ന ഈ കാലത്ത് യുനസ്കോയുടെ അംഗീകാരം നേടിയ കൂടിയാട്ടമെന്ന ഈ പൈതൃക കലാരൂപത്തെ ശോഭ കെടാതെ നിലനിർത്തുന്നതിന് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും വലിയ ഉത്തരവാദിത്തമുണ്ട്. കൂടിയാട്ട അടിയന്തിരങ്ങൾ നിന്നുപോയ ഇടങ്ങളിൽ അത് പുനരാരംഭിക്കണം. അതിനായി ചാക്യാർമാരല്ലാത്ത കലാകാരന്മാരെയും പരിഗണിക്കണം. അവിടെയാണ് സാമൂഹിക നവോത്ഥാനത്തിന്റെ പ്രസക്തി.
ഇന്ന് നിരവധി ക്ഷേത്രങ്ങളിൽ താഴ്‌ന്ന ജാതികളില്‍പ്പെട്ടവരെന്ന് സമൂഹം വിവക്ഷിക്കുന്നവർ പൂജാ വിധികൾ നിർവഹിക്കുന്നുണ്ട്. തൊഴിൽ എന്ന നിലയിൽ തന്ത്രവിദ്യാ പീഠങ്ങളില്‍നിന്നടക്കം പഠിച്ച് ഇറങ്ങുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. ഈവിധം ശ്രീകോവിലിൽ പോലും പട്ടികജാതിക്കാരന് വിലക്കില്ലാത്ത നാട്ടിലെ കൂത്തമ്പലത്തിൽ, ചാക്യാർ മാത്രമെ കൂടിയാട്ടം അവതരിപ്പിക്കാവൂ എന്നത് അപഹാസ്യമാണ്. കാഴ്ചക്കാർ ന്യൂനപക്ഷമാണെങ്കിലും ക്ഷേത്രങ്ങളിലെ കൂടിയാട്ട അടിയന്തിരങ്ങളിൽ നിന്നും കലാകാരന് ലഭിക്കുന്ന ആത്മീയോർജ്ജം വലുതാണ്. കലാകാരന്റെ ആത്മസമർപ്പണത്തിനും മികവുറ്റ ആവിഷ്കാരത്തിനും വേദിയുടെ സവിശേഷതയും ഏറെ പ്രസക്തമാണ്. ആഴ്ചകൾ നീളുന്ന അവതരണങ്ങൾ ഇല്ലെങ്കിലും കലയെ അറിയുന്ന പ്രേക്ഷക സാന്നിധ്യവും സാഹചര്യങ്ങളും കലാരൂപത്തെ ഓജസ്സുറ്റതാക്കുന്നുവെന്ന് കൂടിയാട്ട കലാകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ചാക്യാർമാരല്ലാത്ത ഹിന്ദു സമുദായ അംഗങ്ങൾക്കും കൂടിയാട്ട അവതരണത്തിന് ക്ഷേത്രത്തിനകത്ത് അവസരമുണ്ടാകണമെന്നുള്ള ആവശ്യം ഉയരുന്നതിൽ ഇക്കാരണങ്ങളുമുണ്ട്.
വാദ്യക്കാരുൾപ്പെടെ കേരളത്തിലാകെയുള്ള കൂടിയാട്ടം കലാകാരന്മാരുടെ എണ്ണം നൂറിലൊതുങ്ങും. കേരള കലാമണ്ഡലത്തിലും ഇരിങ്ങാലക്കുട അമ്മന്നൂരും കിള്ളിക്കുറിശ്ശി മംഗലത്തെ മാണി മാധവ ചാക്യാർ ഗുരുകുലത്തിലും തിരുവനന്തപുരം മാർഗിയിലും മൂഴിക്കുളത്തെ നേപത്ഥ്യയിലും ഹരിപ്പാട് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രത്തിലും മറ്റും പഠിച്ചിറങ്ങുന്നവരിൽ ഭൂരിപക്ഷവും ചാക്യാർമാരല്ല. ഇപ്പോൾ അമ്മന്നൂർ ഗുരുകുലത്തിൽ കൂടിയാട്ടം പഠിക്കുന്ന 12 പേരിൽ ഒമ്പതു പേർ പെൺകുട്ടികളാണ്. ഇവരാരും ചാക്യാർ വിഭാഗത്തിൽപ്പെടുന്നവരുമല്ല. ഇതു തന്നെയാണ് ഈ കലാരൂപം അഭ്യസിപ്പിക്കുന്ന ഭൂരിപക്ഷം സ്ഥലങ്ങളിലെയും അവസ്ഥ.
പതിനഞ്ച് വർഷത്തോളം അമ്മന്നൂർ ഗുരുകുലത്തിൽ പഠിച്ചിറങ്ങിയവരാണ് ഇവിടത്തെ അധ്യാപകർ. അതില്‍ പലരും അവസാനിപ്പിച്ചു പോവുകയും ചെയ്തു. പഠിച്ചുതുടങ്ങിയവർ പലരും പൂർണമാക്കാറില്ലെന്ന അവസ്ഥയുമുണ്ട്. അരനൂറ്റാണ്ടിനു മുൻപ് ചാക്യാരല്ലാത്തവരെയും കൂടിയാട്ടം അഭ്യസിപ്പിക്കാൻ സന്നദ്ധരായ മഹാഗുരുക്കന്മാരുടെ ജനാധിപത്യ മനസ് ഡിജിറ്റൽ യുഗത്തിലെ പിൻമുറക്കാർക്കില്ലെന്നുതന്നെ പറയാം. ചിലയിടങ്ങളില്ലെങ്കിലും എണ്ണപ്പാട്ടയോ നാളികേരമോ മറ്റോ കൂട്ടിവയ്ക്കാനുള്ള ഇടങ്ങളായി കൂത്തമ്പലങ്ങളെന്ന ഈ പൗരാണിക നിർമ്മിതികൾ നശിച്ചുക്കൊണ്ടിരിക്കുന്നു. ഇത്തരം സ്ഥലങ്ങൾ നവീകരിച്ച് കൂടിയാട്ടം പഠിച്ചിറങ്ങുന്ന മറ്റു വിഭാഗക്കാർക്കും അവസരം നൽകണമെന്നത് ന്യായമായ ആവശ്യമാണ്.
ഈ ‘ചാക്യാർ ഭ്രമ’വും മർക്കട മുഷ്ടിയും മധ്യകേരളത്തിലാണ് ശക്തമായി നിലനിൽക്കുന്നത്. തെക്കൻ കേരളത്തിൽ ഹരിപ്പാട് ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഈ വേർതിരിവുകളില്ല. 2016 മുതൽ കൊവിഡ് ശക്തമാകുന്നതുവരെയുള്ള 50 മാസം പ്രതിമാസ അവതരണങ്ങളായി കൂത്തും കൂടിയാട്ടവും നങ്ങ്യാർകൂത്തുമെല്ലാം ഈ കൂത്തമ്പലത്തിൽ ജാതി വ്യത്യാസമില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ഇതിന് വേദിയൊരുക്കിയത് ദേവസ്വം ബോർഡും കേന്ദ്ര സംഗീത നാടക അക്കാദമിയും രംഗധ്വനി കൂടിയാട്ട കലാകേന്ദ്രവും ആണ്. ഹരിപ്പാട് കൂത്തമ്പലം വലുപ്പത്തിൽ കേരളത്തിലെ മൂന്നാമത്തേതാണ്. ഇവിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മാതൃകപരവും പുരോഗമനപരവുമായ നിലപാടുകൾ സ്വീകരിച്ചാണ് കലയ്ക്കും കലാകാരി/കാരന്മാർക്കുമൊപ്പം മുന്നോട്ട് പോകുന്നത്. ഈ ‘വകതിരിവാണ്’ കൂടിയാട്ടമെന്ന മഹത്തായ കലയുടെ നിലനിൽപ്പിന് അവശ്യമായിട്ടുള്ളത്. കല നിലനിർത്തുന്നതിനായി അരനൂറ്റാണ്ട് മുൻപ് ആചാരം ലംഘിച്ച് കടൽ കടന്ന കൂടിയാട്ടം ഇന്ന് വീണ്ടും പഴയ അവസ്ഥയിലാണെന്ന് കലാകാരന്മാർ പറയുന്നു. നാശോന്മുഖമായ കൂത്തമ്പലങ്ങൾ ചാക്യാന്മാരല്ലാത്ത, ഈ കലയഭ്യസിച്ച കലാകാരി/കാരന്മാർക്ക് തുറന്ന് നൽകണമെന്ന ആവശ്യം ഉയരുന്നത് ഇത്തരുണത്തിലാണ്. ക്ഷേത്ര മതിൽക്കകത്തു നിന്നും പുറത്തിറങ്ങിയ കൂടിയാട്ടം അകത്തുകയറാൻ ശ്രമിക്കുന്നതിനു പുറകിൽ ഈ ജീവത് പ്രശ്നം തന്നെയാണുള്ളത്. അതു പരിഗണിച്ചില്ലെങ്കിൽ ആഗോള പ്രശംസ നേടിയ ഈ കലാരൂപത്തിന്റെ അവസ്ഥ പരിതാപകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.