23 December 2024, Monday
KSFE Galaxy Chits Banner 2

യുദ്ധം വഴിയൊരുക്കുന്ന ആഗോളവിപത്തുകള്‍

Janayugom Webdesk
July 9, 2022 5:15 am

റഷ്യ‑ഉക്രെയ്ൻ യുദ്ധം മാസങ്ങൾ പിന്നിടുമ്പോൾ അതൊരു വലിയ വാർത്തപോലും അല്ലാതായി മാറുകയാണോ? യുദ്ധം അനിയന്ത്രിതമായി തുടരുമ്പോൾ ലോകം വെറും നോക്കുകുത്തിയാവുന്ന സ്ഥിതി. യുദ്ധം ഇതിനകം വഴിയൊരുക്കിയിട്ടുള്ള ആഗോള വിപത്തുകൾ അത്രയ്ക്ക് നിസാരമായാണോ കാണേണ്ടത്.
പണപ്പെരുപ്പവും ഉയരുന്ന പലിശ നിരക്കും കടക്കെണിയുമാണ് റഷ്യ‑ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സമ്മാനിച്ചത്. ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണത്തിനും ഊർജ്ജ ആവശ്യങ്ങൾക്കുമായി വരുമാനത്തിൽ മുഖ്യപങ്കും വിനിയോഗിക്കേണ്ടിവരുന്ന വികസ്വരരാജ്യങ്ങൾക്കു താങ്ങാനാവാത്തതാണ് വലിയതോതിലുള്ള ഈ വിലക്കയറ്റം. കുറഞ്ഞ വരുമാനമുള്ള ലോകരാജ്യങ്ങളിൽ 60 ശതമാനവും കടക്കെണിയുടെ പിടിയിലമർന്നിരിക്കുന്നു. ഉയരുന്ന പണപ്പെരുപ്പവും ഭക്ഷ്യ വിലക്കയറ്റവും വികസിത രാഷ്ട്രങ്ങളിലെ ക്രയ‑വിക്രയങ്ങളെപ്പോലും സാരമായി ബാധിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  നൂറുദിനം പിന്നിട്ട റഷ്യന്‍ സൈനിക നടപടി


കാലാവസ്ഥാ വ്യതിയാനവും കോവിഡും കാരണം തകർന്നടിഞ്ഞ ആഗോള സമ്പദ്‌വ്യവസ്ഥക്കുമേൽ ഇടിത്തീ പോലെയാണ് റഷ്യ‑ഉക്രെയ്ൻ യുദ്ധം വന്നുഭവിച്ചത്. പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും കയറ്റുമതിയിൽ ഒന്നും രണ്ടും സ്ഥാനമാണ് റഷ്യക്കുള്ളത്. ഇതുമൂലം, ഊർജ വിലയിൽ വലിയ വർധനവിന് യുദ്ധം വഴിയൊരുക്കി. അതുപോലെ, ലോകത്തെ മൊത്തം രാസവള കയറ്റുമതിയിൽ അഞ്ചിലൊന്നും റഷ്യയും ബെലാറൂസും ചേർന്നാണ് നിയന്ത്രിക്കുന്നത്. ലോകമെമ്പാടും രാസവളങ്ങളുടെ വിലയിൽ ഇത് വലിയ കുതിച്ചുകയറ്റത്തിന് ഇടവരുത്തി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിൽ 60 ശതമാനം വർധനവ് ഉണ്ടായപ്പോൾ രാസവളങ്ങളുടെ കാര്യത്തിൽ ഇരട്ടിയിലധികമാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും രാസവളങ്ങളുടെയും വിലവർധനവും ചരക്കു നീക്കത്തിലെ ഉപരോധങ്ങളും ഭക്ഷ്യോല്പാദനത്തിലും വിതരണത്തിലും ലോകരാജ്യങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ‑കൃഷി സംഘടന, 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഭക്ഷ്യ വിലസൂചിക പ്രകാരം, ഭക്ഷ്യവിലയിൽ 34 ശതമാനം വർധനവാണ് ഒരു വർഷംകൊണ്ട് ഉണ്ടായിട്ടുള്ളത്.
യൂറോപ്പിന്റെ ഭക്ഷ്യ കലവറയായി അറിയപ്പെടുന്ന രാജ്യങ്ങളാണ് റഷ്യയും ഉക്രെയ്‌നും. ലോകത്തെ മൊത്തം ഭക്ഷ്യ‑വിതരണ ശൃംഖലയിൽ ഗോതമ്പിന്റെയും ബാർലിയുടെയും 30 ശതമാനവും, ചോളത്തിന്റെ 20 ശതമാനവും, സൂര്യകാന്തി എണ്ണയുടെ 50 ശതമാനവും നൽകുന്നത് ഈ രണ്ടു രാഷ്ട്രങ്ങൾ ചേർന്നാണ്. കുറഞ്ഞത് 25 ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങൾക്കാവശ്യമായ ഗോതമ്പിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽനിന്നും ഉക്രെയ്‌നിൽനിന്നുമാണ്. ലോകത്തെമ്പാടും ഏതാണ്ട് 400 ദശലക്ഷം ജനങ്ങളാണ് ഉക്രെയ്‌നിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയെ നേരിട്ട് ആശ്രയിക്കുന്നത്. ഉക്രെയ്‌നിൽ നിന്നുള്ള ധാന്യകയറ്റുമതിയിൽ 90 ശതമാനവും കരിങ്കടലിലെ തുറമുഖങ്ങൾ വഴിയായിരുന്നു. എന്നാൽ ഉക്രെയ്ൻ പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ, ബ്ലാക്ക് സീ വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടു. ഒരുഭാഗത്ത്, സൈനിക ആക്രമണം ഉക്രെയ്‌നിലെ കാർഷികമേഖലയെ തകർക്കുമ്പോൾ, മറുഭാഗത്ത്, ബ്ലാക്ക് സീ വഴിയുള്ള ധാന്യനീക്കവും തടസപ്പെടുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ചോളത്തിന്റെയും ഗോതമ്പിന്റെയും വിലയിൽ ഉണ്ടായിട്ടുള്ള വർധനവ് 30 ശതമാനത്തിലേറെയാണ്. രാസവളങ്ങളുടെ വിലക്കയറ്റവും അവയുടെ ലഭ്യതക്കുറവും ചെറുകിടകർഷകർക്ക് മുൻതൂക്കമുള്ള ഉല്പാദക രാഷ്ട്രങ്ങളിലെ കാർഷികോല്പാദനത്തിൽ ഈ വർഷം 50 ശതമാനത്തിന്റെ കുറവ് ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: സമ്പദ്ഘടനയിലും യുദ്ധം


അരിയുടെയും ഗോതമ്പിന്റെയും മറ്റു ധാന്യങ്ങളുടെയും ഉല്പാദനത്തിൽ ഉണ്ടാകുന്ന കുറവ്, ഏഷ്യൻ ‑ആഫ്രിക്കൻ-അമേരിക്കൻ രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കും. സെൻട്രൽ അമേരിക്കയുടെ വരണ്ട ഇടനാഴികളിൽ തുടങ്ങി കരീബിയൻ രാജ്യമായ ഹെയ്തിയും നിരവധി മധ്യ‑കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളും മഡഗാസ്കറും സിറിയയും യെമനും കടന്ന് അഫ്ഗാനിസ്ഥാനിൽ എത്തിനിൽക്കുകയാണ് ആഗോളതലത്തിൽ പടരുന്ന പട്ടിണിയുടെ തീനാളം. 45 രാജ്യങ്ങളിലെ ഏതാണ്ട് 50 ദശലക്ഷം ജനങ്ങൾ കൊടും പട്ടിണി നേരിടുന്നുവെന്നാണ് കണക്ക്. അഫ്ഗാനിസ്ഥാനിൽ 19.7 ദശലക്ഷം ജനങ്ങളാണ് പട്ടിണി നേരിടുന്നത്. സോമാലിയയിലെ രണ്ടു ലക്ഷത്തോളം ജനങ്ങൾ കൊടും പട്ടിണിയും ദാരിദ്ര്യവും നേരിടുകയാണ്. വരുന്ന സെപ്റ്റംബറിനുള്ളിൽ 18 ദശലക്ഷം സുഡാനി ജനതയും ഡിസംബറിനുള്ളിൽ യമനിലെ 19 ദശലക്ഷം ജനങ്ങളും കൊടും ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടിവരും. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം പട്ടിണിയുടെ കരങ്ങളിൽ അമരുകയാണ്. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തോടു വേണ്ടവിധത്തിൽ പ്രതികരിക്കാതെയും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെയും വെറും നോക്കുകുത്തികളായി നിന്നാൽ ലോകത്ത് ഒരു ശിശുമരണ വിസ്ഫോടനം ആസന്നമാണെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ യൂണിസെഫ് വ്യക്തമാക്കുന്നു. പോഷകാഹാര കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം 2019ൽ 47 ദശലക്ഷം ആയിരുന്നുവെങ്കിൽ, 2022ൽ അത് 60 ദശലക്ഷം ആയി ഉയർന്നു. അഫ്ഗാനിസ്ഥാനിൽ മാത്രം ഒരു ദശലക്ഷം കുട്ടികളാണ്, പോഷകാഹാര കുറവ് മൂലം ദുരന്തത്തിലേക്ക് നടന്നടുക്കുന്നത്.<യുദ്ധത്തെത്തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി സുപ്രധാനമായൊരു പ്രഖ്യാപനം നടത്തി. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ലോകത്തിനുമുന്നിൽ ഇന്ത്യയുടെ ഭക്ഷ്യശേഖരം തുറന്നുകൊടുക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. ലോകമെങ്ങും ഗോതമ്പിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലുണ്ടായ ഇന്ത്യയുടെ പ്രഖ്യാപനത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് അധികം ആയുസ് ഉണ്ടായില്ല. ഒരുമാസം തികയുന്നതിനു മുൻപ് ഇന്ത്യക്ക് ഗോതമ്പിന്റെ കയറ്റുമതി നിർത്തിവയ്ക്കേണ്ടിവന്നു. 2022 മാർച്ചിൽ ഇന്ത്യ നേരിട്ട ഉഷ്ണതരംഗം ഗോതമ്പ് ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വാഗ്ദാനത്തിൽനിന്നും ഇന്ത്യക്ക് പിൻവാങ്ങേണ്ടി വന്നത്. രാജ്യത്തിനാവശ്യമായ കരുതൽ ശേഖരം ഉറപ്പു നൽകുവാൻ ഫുഡ് കോർപറേഷന് കഴിഞ്ഞില്ല. വർധിച്ചുവന്ന പണപ്പെരുപ്പവും പിന്മാറ്റത്തിന് കാരണമായി. ഈ വർഷമാദ്യം വെറും 2.26 ശതമാനം ആയിരുന്ന മൊത്തവില സൂചിക, ഇപ്പോൾ 14.55 ശതമാനം ആയി ഉയർന്നിട്ടുണ്ട്. റീട്ടെയ്ൽ പണപ്പെരുപ്പ സൂചികയും 7.79 ശതമാനം ആയി. ഇത് കഴിഞ്ഞ എട്ടു വർഷത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെ അപലപിക്കുവാൻ ജി-7 രാജ്യങ്ങൾ തന്നെ മുന്നോട്ടുവന്നത്, വഴിയേപോയ വയ്യാവേലി ക്ഷണിച്ചുവരുത്തിയതു പോലെയായി. എന്നിട്ടും ആഗോള ഊർജ-ഭക്ഷ്യ പ്രതിസന്ധി ചർച്ചചെയ്യുവാൻ ജർമ്മൻ പ്രസിഡൻസിക്കു കീഴിൽ ബവേറിയിലെ ഷ്ളോസ് എൽമൗവിൽ ജൂൺ അവസാനം നടന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രത്യേക ക്ഷണിതാവായി. ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ പ്രതിഫലനം തന്നെയായിരുന്നു അത്. കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ ഗോതമ്പ് കയറ്റുമതി പുനഃരാരംഭിക്കുമെന്നുമുള്ള പുതിയൊരു വാഗ്ദാനമാണ് ഇന്ത്യ നൽകിയിട്ടുള്ളത്.


ഇതുകൂടി വായിക്കൂ:  ഉത്രാളിക്കാവ് പൂരം ഉക്രെയ്ന്‍ യുദ്ധമാക്കുന്നവര്‍!


ഭക്ഷണം മൗലികാവകാശമാക്കിയാണ് ഇന്ത്യ 2013ൽ ദേശീയ ഭക്ഷ്യ സുരക്ഷിതത്വ നിയമം പാസാക്കിയത്. എന്നാൽ ഇതു പ്രാവർത്തികമാക്കുന്നതിൽ രാജ്യത്തിന്റെ നേട്ടം, നമുക്ക് സാധ്യമായിരുന്നതിന്റെ വെറും 56.8 ശതമാനം മാത്രമാണെന്ന് “ഹ്യൂമൻ റൈറ്റ്സ് മെഷർമെന്റ് ഇനിഷ്യേറ്റീവ്” നടത്തിയ പഠനം വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത ഇന്ത്യക്കാരുടെ എണ്ണം 195 ദശലക്ഷം ആണ്. ഇത്, ലോകത്തു പട്ടിണി നേരിടുന്ന മൊത്തം ജനസംഖ്യയുടെ നാലിലൊന്നാണ്. ആഗോള ഭക്ഷ്യസുരക്ഷിതത്വത്തിൽ, പ്രധാനപ്പെട്ട 113 രാജ്യങ്ങളുടെ കണക്കെടുപ്പിൽ ഇന്ത്യയുടെ സ്ഥാനം വെറും 71 മാത്രമാണ്. 2021ലെ “ആഗോള വിശപ്പു സൂചിക”യിൽ, പഠന വിധേയമായ 116 രാജ്യങ്ങളിൽ ഇന്ത്യ നൂറ്റിയൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ സംയുക്തമായി പുറത്തിറക്കിയ 2021ലെ റിപ്പോർട്ട് പ്രകാരം, രണ്ടുവർഷം കൊണ്ട് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷിതത്വം 6.8 ശതമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം, 9.7 കോടി ജനങ്ങൾ അധികമായി ഭക്ഷ്യ സുരക്ഷിതത്വം നഷ്ടപ്പെട്ടവരായി മാറി.യുദ്ധവും പ്രക്ഷോഭങ്ങളും മൂലം ലോകത്തെങ്ങും ജനങ്ങൾ തങ്ങളുടെ വാസസ്ഥലത്തു നിന്നും കൃഷിയിടങ്ങളിൽ നിന്നും ഓടിയൊളിക്കേണ്ടിവരികയാണ്. ഇത് അവരുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നു. 2021ൽ ഇത്തരത്തിൽ 24 രാഷ്ട്രങ്ങളിലും പ്രവിശ്യകളിലുമായി 139 ദശലക്ഷം ജനങ്ങളാണ് ഭക്ഷ്യപ്രതിസന്ധിയെ നേരിട്ടത്. യുദ്ധക്കെടുതികൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി കൈകോർക്കുമ്പോൾ, അതു സൃഷ്ടിക്കുന്ന ഭക്ഷ്യപ്രതിസന്ധി എത്ര ഭീകരമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അപൂർവമായി മാത്രം സംഭവിക്കുമായിരുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ലോകത്തെവിടെയും നിത്യേനയെന്നോണം ഉണ്ടാകുന്നത്, കാർഷികോല്പാദനത്തെയും ഭക്ഷ്യവിതരണ സംവിധാനത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് കിഴക്കൻ ആഫ്രിക്ക ഇപ്പോൾ നേരിടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലും 2022ൽ വലിയ ചുഴലിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി 280 ഉഷ്ണതരംഗ ദിനങ്ങളാണ് 2022ൽ രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ, കഴിഞ്ഞ 122 വർഷങ്ങൾക്കുള്ളിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ വർഷം ഉണ്ടായത്. ദക്ഷിണേഷ്യയിൽ, ഇന്ത്യയിലാണ് ഏറ്റവുമധികം കർഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത്. ആഗോളതാപനം വർധിക്കുമ്പോൾ, അത് ഇന്ത്യയിലെ നെല്ലുല്പാദനം 10 മുതൽ 30 ശതമാനം വരെയും; ചോളത്തിന്റെ ഉല്പാദനം 25 മുതൽ 70 ശതമാനം വരെയും കുറയുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ:  ഉക്രെയ്ന്‍: ഇന്ത്യക്കെതിരെ വീണ്ടും യുഎസ്


2022 ജൂണിലെ ജി-7 ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ജർമ്മൻ ഗവൺമെന്റ് ആതിഥേയത്വം വഹിച്ച “ആഗോള ഭക്ഷ്യ സുരക്ഷയ്ക്കായുള്ള” ബെർലിൻ മിനിസ്റ്റീരിയൽ കോൺഫറൻസിന് നൽകിയ സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്, ” ലോകം കഴിഞ്ഞ 50 വർഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യപ്രതിസന്ധി“യുടെ വക്കിലാണ് എന്നാണ്. “നമ്മൾ നേരിടുവാൻ പോകുന്നത്, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആഗോള ഭക്ഷ്യപ്രതിസന്ധിയാണ്. കാലാവസ്ഥാ മാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധി ഉക്രൈയ്‌നിലെ യുദ്ധംമൂലം കൂടുതൽ മൂർച്ഛിച്ചിരിക്കുകയാണ് അടിയന്തര പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാൻ നമുക്കായില്ലെങ്കിൽ അതൊരു മഹാവിപത്തായി മാറുമെന്നതിൽ സംശയം വേണ്ട”.
ലോകത്ത് ഏതാണ്ട് 700 മില്യൺ ജനങ്ങൾ ഇപ്പോൾത്തന്നെ അതിദാരിദ്ര്യത്തിലാണു ജീവിക്കുന്നത്. 2030 ആകുമ്പോഴേക്കും ദരിദ്ര ജനതയുടെ എണ്ണം 122 ദശലക്ഷം കൂടി വർധിക്കും. യുദ്ധവും അക്രമവും പ്രക്ഷോഭങ്ങളും നിലനിൽക്കുന്ന രാജ്യങ്ങളിലാണ്, പട്ടിണി നേരിടുന്ന ജനങ്ങളിൽ 60 ശതമാനവും അധിവസിക്കുന്നത്. ലോകമെങ്ങും സുസ്ഥിരതയും സമാധാനവും കൈവരിക്കാതെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാനോ പട്ടിണിയെ ആട്ടിയകറ്റുവാനോ കഴിയില്ല. ഒരു ഭാഗത്ത് യുദ്ധം വിശപ്പ് സൃഷ്ടിക്കുമ്പോൾ, മറുഭാഗത്ത് വിശപ്പിനെതിരെയുള്ള ആഗോളയുദ്ധം അനിവാര്യമായി മാറുകയാണ്. ഈ വിരോധാഭാസമാണ് ഏതു യുദ്ധത്തിന്റെയും ബാക്കിപത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.