23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
June 26, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
December 12, 2023
July 2, 2023
May 26, 2023

പ്രക്ഷോഭം കനക്കുന്നു; ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

Janayugom Webdesk
July 13, 2022 8:00 pm

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും പ്രസിഡന്റ് ഗോതബയ രാജപക്സെയും രാജിവയ്ക്കാതെ ഒളിച്ചുകളി തുടരുന്നതോടെ ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമായി. സൈനികരോട് ക്രമസമാധാനം തിരിച്ചുപിടിക്കാനും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനും പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടം പൂര്‍ണമായും പ്രക്ഷോഭകര്‍ കയ്യടക്കിയിരിക്കുകയാണ്. ഓഫീസിന് മുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തുടര്‍ച്ചയായ കണ്ണീര്‍വാതക പ്രയോഗത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 

ഇന്നലെ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ ശ്രീലങ്കയില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും ഉടലെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി ഗോതബയ നിയമിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥയും പടിഞ്ഞാറന്‍ മേഖലയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറി. ക്രമസമാധാനം പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും സൈന്യം പ്രക്ഷോഭകരെ തടഞ്ഞില്ല. അതേസമയം, പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകം പ്രയോഗിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചവര്‍ തലയില്‍ നിന്നുള്‍പ്പെടെ രക്തം വാര്‍ന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തേതിന് സമാനമായ രംഗങ്ങളാണ് ഇന്നലെയും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളിലും ഓഫീസുകളിലും നടന്നത്. 

വിദേശരാജ്യങ്ങള്‍ ശ്രീലങ്കന്‍ സ്ഥിതിഗതിയില്‍ ഇനിയും നിസംഗത പാലിക്കരുതെന്നും റെനില്‍ വിക്രമസിംഗെയെ അടിയന്തരമായി പുറത്താക്കി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈയെടുക്കണമെന്നും തമിഴ് നാഷണല്‍ അലയന്‍സ് എംപി ഷാനകിയാന്‍ രാജമാണിക്യം ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. റെനില്‍ വിക്രമസിംഗെയുടെ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്ന് ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ശരത് ഫൊന്‍സേക പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായി സ്വയം പ്രസിഡന്റായി അവരോധിക്കുകയാണ് വിക്രമസിംഗെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്താവിതരണ സംവിധാനങ്ങളുടെ ഉള്‍പ്പെടെ നിയന്ത്രണം പ്രതിഷേധക്കാര്‍ പിടിച്ചെടുത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രൂപവാഹിനി മീഡിയ സെന്ററും ഇന്നലെ പ്രക്ഷോഭകര്‍ പിടിച്ചെടുത്തു. പ്രക്ഷോഭം അവസാനിക്കുന്നതുവരെ ശ്രീലങ്ക രൂപവാഹിനി കോര്‍പറേഷന്‍ ജനകീയ പ്രക്ഷോഭവാര്‍ത്തകള്‍ മാത്രമെ പുറത്തുവിടുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 

Eng­lish summary;Emergency again in Sri Lanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.