2 May 2024, Thursday

Related news

April 29, 2024
April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024
April 19, 2024
April 17, 2024
April 12, 2024

തനിക്കും ഭാര്യക്കുമെതിരെയുള്ള കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടന്‍ ബാബുരാജ്

Janayugom Webdesk
July 18, 2022 12:31 pm

തന്നെയും ഭാര്യ വാണി വിശ്വനാഥനെയും പ്രതിചേര്‍ത്തുള്ള കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടന്‍ ബാബുരാജ്. കൂദാശ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താമസവും ഭക്ഷണവുമെല്ലാം മൂന്നാറിലെ തന്റെ റിസോര്‍ട്ടില്‍ വച്ചാണ് നടന്നതെന്നും അതിനൊന്നും നിര്‍മാതാക്കളായ റിയാസും ഒമറും പണം തന്നിട്ടില്ലെന്നും തനിക്ക് അഭിനയിച്ചതിന്റെ പ്രതിഫലം തന്നിട്ടില്ലെന്നും ബാബുരാജ് ഇന്നുരാവിലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തോളം രൂപ അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴിയാണെന്നും ബാബുരാജ് പറയുന്നു.

നിര്‍മാതാക്കള്‍ക്ക് നാട്ടിലേതോ പൊലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വരികയും തുടര്‍ന്ന് തന്റെ നിര്‍മാണകമ്പനിയായ വിബി ക്രിയേഷന്‍സ് വഴിയാണ് കൂദാശ റിലീസ് ചെയ്തതെന്നും കേരളത്തില്‍ ഫ്‌ളെക്‌സുകള്‍ സ്ഥാപിക്കാന്‍ തനിക്ക് പതിനെട്ടു ലക്ഷത്തോളം ചിലവായെന്നും എഫ്ബി പോസ്റ്റില്‍ ബാബുരാജ് കുറിച്ചു. സാറ്റലൈറ്റ് അവകാശം വിറ്റുതരണമെന്ന നിര്‍മാതാക്കളുടെ ആവശ്യാനുസരണം അതിനു ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ആവശ്യത്തിന്റെ സ്വഭാവം ഭീഷണിയായി മാറിയെന്നും അപ്പോള്‍ താന്‍ ആലുവ എസ്പി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബാബുരാജ് വിശദമാക്കി.

പലതവണ വിളിച്ചിട്ടും നിര്‍മാതാക്കള്‍ സ്റ്റേഷനില്‍ വന്നില്ല. മറ്റു ചിലരുടെ ഉപദേശപ്രകാരമാണ് തനിക്കും ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വാണിക്കുമെതിരെ ഇപ്പോള്‍ കേസുമായി വന്നിരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. ഇവര്‍ നല്‍കിയ കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് തനിക്കറിയാമെന്നും ആകാശം ഇടിഞ്ഞുവീണാലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും പറഞ്ഞാണ് ബാബുരാജ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിനിമ നിര്‍മാണത്തിന്റെ പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ പരാതി. 2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനാണ് ഇവര്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയതെന്ന് റിയാസ് പരാതിയില്‍ ആരോപിക്കുന്നു.

ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണു പണം നല്‍കിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Actor Babu­raj will approach the court against the case against him and his wife Vani Viswanath

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.