19 December 2024, Thursday
KSFE Galaxy Chits Banner 2

കണ്ടൽക്കാടുകൾ പ്രകൃതിയുടെ കാവൽക്കാർ

എം എ ബഷീര്‍
July 26, 2022 5:15 am

ജൂലൈ 26 അന്താരാഷ്ട്ര കണ്ടൽ ദിനമാണ്. 2015 ൽ പാരീസിൽ നടന്ന യുനെസ്കോയുടെ 38-ാമത് പൊതുസമ്മേളനമാണ് ജൂലൈ 26 അന്തർദ്ദേശീയ കണ്ടൽ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകപ്രശസ്ത ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയൽ നനോട്ടോ എന്ന പ്രകൃതിസ്നേഹിയുടെ ഓർമ്മ നിലനിർത്താനാണ് ഈ ദിനം തിരഞ്ഞെടുത്തത്. കണ്ടൽ നശീകരണം തടയുന്നതിനിടയിൽ ഹൃദയാഘാതം വന്നാണ് നനോട്ടോ മരിച്ചത്.
കണ്ടൽക്കാടുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, കണ്ടൽ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് കണ്ടൽ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കണ്ടൽ ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകൾ, ബോധവല്ക്കരണ ക്ലാസുകൾ, ശില്പശാലകൾ തുടങ്ങിയ പരിപാടികൾ വനം വകുപ്പ് സംഘടിപ്പിച്ചു വരുന്നു. വ്യത്യസ്തമായ സാഹചര്യത്തിൽ വളരുന്നൊരു സസ്യജാതിയാണ് കണ്ടൽ. മാൻഗ്രോവ് എന്നാണ് കണ്ടലിന്റെ ആംഗല നാമം. കടലോരങ്ങളിലും കായലോരങ്ങളിലും നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും കണ്ടൽച്ചെടികൾ തഴച്ചുവളരുന്നു. കണ്ടലിന്റെ ഇലകൾ കട്ടിയുള്ളവയാണ്. എട്ടു മുതൽ 20 മീറ്റർ വരെയാണ് കണ്ടൽച്ചെടികളുടെ ഉയരം.


ഇതുകൂടി വായിക്കൂ: കണ്ടല്‍ക്കാടുകളും പ്രകൃതി സംരക്ഷണവും


ലോകത്ത് 124 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഹെക്ടർ സ്ഥലത്ത് കണ്ടൽക്കാടുകളുള്ളതായി കണക്കാക്കുന്നു. ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത് ഇന്തോനേഷ്യയിലാണെന്ന് പഠനങ്ങളിൽ കാണുന്നു. ഇന്ത്യയിൽ 6,740 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽക്കാടുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലെ സുന്ദർബൻസ് ആണ്. കേരളത്തിൽ 10 ജില്ലകളിലാണ് കണ്ടൽക്കാടുകളുള്ളത്. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയാണ് കണ്ടൽ വനങ്ങളില്ലാത്ത ജില്ലകൾ. കവ്വായി കുഞ്ഞിമംഗലം, കടലുണ്ടി, മംഗളവനം ഇവയാണ് കേരളത്തിലെ പ്രധാന കണ്ടൽ ഉദ്യാനങ്ങൾ. കേരളത്തിലെ ആദ്യത്തെ കണ്ടൽ കമ്മ്യൂണിറ്റി റിസർവ് കടലുണ്ടിയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ലയാണ് കണ്ണൂർ.

കേരളത്തിലെ കണ്ടൽക്കാടുകളുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പോരാടിയ പരിസ്ഥിതി പ്രവർത്തകനായിരുന്നു കല്ലേൻ പൊക്കുടൻ. അതിനാൽ കണ്ടൽ പൊക്കുടൻ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.
ഇന്ത്യയിൽ 59 ഇനം കണ്ടൽച്ചെടികൾ ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 14 ഇനം കണ്ടലുകളാണ് കേരളത്തിൽ കണ്ടുവരുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട കണ്ടൽ സസ്യങ്ങൾ ഉപ്പട്ടി, പ്രാന്തൻ കണ്ടൽ, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടൽ, പൂക്കണ്ടൽ, ചക്കരക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറു ഉപ്പട്ടി, ചെറു കണ്ടൽ, വള്ളിക്കണ്ടൽ, മരക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങിയവയാണ്.


ഇതുകൂടി വായിക്കൂ: തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ ജലസംഭരണികള്‍


പതിനേഴാം നൂറ്റാണ്ടിൽ മലബാറിലെ ഡച്ച് ഉദ്യോഗസ്ഥനായിരുന്ന ഹെൻട്രിക് വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരത്തു കാണുന്ന കണ്ടലുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കണ്ടൽക്കാടുകൾക്ക് വലിയ പാരിസ്ഥിതിക പ്രാധാന്യമുണ്ട്. കണ്ടലുകൾ പ്രകൃതിദത്തമായ ഒരു വൻമതിലാണ്. അത് തീരപ്രദേശത്തെ വെള്ളപ്പൊക്കത്തിൽ നിന്നും കരയിടിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു. കൊടുങ്കാറ്റിനെ ഒരു പരിധി വരെ പിടിച്ചു നിർത്തുന്നതിൽ കണ്ടൽ വനങ്ങൾ മുഖ്യപങ്കുവഹിക്കുന്നുണ്ട്. കരയിലേക്ക് ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ സൂക്ഷിക്കുകയും ഓരു ജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിർത്തുകയും ചെയ്യുന്നതിൽ കണ്ടലുകൾ പ്രധാന പങ്കുവഹിക്കുന്നു. അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാൻ കണ്ടൽ സസ്യങ്ങൾക്ക് വലിയ ശേഷിയുണ്ട്. അതിനാൽ അന്തരീക്ഷ മലിനീകരണം തടയുന്നതിൽ കണ്ടൽക്കാടുകൾ വലിയ പങ്കുവഹിക്കുന്നു. അനേക ജാതി മത്സ്യങ്ങൾക്കും ചെമ്മീനുകൾക്കും ഞണ്ടുകൾക്കും അഭയ സങ്കേതവും പ്രജനന കേന്ദ്രങ്ങളുമാണ് കണ്ടൽക്കാടുകൾ.


ഇതുകൂടി വായിക്കൂ: ഭൂമിയുടെ ശുദ്ധീകരണശാലകള്‍


കണ്ടൽക്കാടുകളുടെ സാമ്പത്തിക പ്രാധാന്യവും പരിഗണന അർഹിക്കുന്നു. കണ്ടൽപ്പൂക്കളിൽ നിന്ന് തേനും മെഴുകും ലഭിക്കുന്നു. ഇതൊരു പ്രധാന വ്യവസായമായി മാറിയിട്ടുണ്ട്. ചില കണ്ടലുകളുടെ ഇലകൾ കന്നുകാലികൾക്ക് സവിശേഷമായ തീറ്റയായി ഉപയോഗിക്കുന്നു. ചിലയിനം കണ്ടലുകളുടെ തൊലിയിൽ നിന്നുമെടുക്കുന്ന കറ (ടാനിൻ) വ്യവസായത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. കണ്ടൽക്കാടുകളുടെ അനുപമമായ സൗന്ദര്യം ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
നമ്മുടെ ആവാസവ്യവസ്ഥയിൽ അതിപ്രധാനമായ സ്ഥാനമാണ് കണ്ടൽക്കാടുകൾക്കുള്ളത്. പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ കണ്ടൽ സസ്യങ്ങൾ അതിപ്രധാനമായ പങ്കുവഹിക്കുന്നു. കണ്ടൽക്കാടുകൾ പ്രകൃതിയുടെ കാവൽക്കാരാണ്. കണ്ടൽ സംരക്ഷണത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ അന്താരാഷ്ട്ര കണ്ടൽ ദിനാചരണം സഹായകമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.