23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 28, 2023
November 29, 2022
September 16, 2022
September 13, 2022
September 5, 2022
September 2, 2022
August 23, 2022
August 17, 2022
August 15, 2022
August 13, 2022

വാനര വസൂരി: ആദ്യ രോഗമുക്തി

Janayugom Webdesk
തിരുവനന്തപുരം
July 30, 2022 11:16 pm

രാജ്യത്ത് ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ യുവാവ് രോഗമുക്തി നേടി.
ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദ്ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. യുവാവിനെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നും വന്ന 35കാരന് 14നാണ് വാനര വസൂരി സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവില്‍ വാനര വസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത വാനര വസൂരിക്ക് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാപനശേഷി കുറ‌ഞ്ഞ എ.2 വൈറസ് വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജനിതക ശ്രേണീകരണത്തിലൂടെ തിരിച്ചറിഞ്ഞു.
അതിനിടെ തൃശൂരില്‍ യുവാവിന്റെ മരണം വാനര വസൂരി മൂലമെന്ന് സംശയം ഉയര്‍ന്നു. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരന്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. യുഎഇയിൽ നിന്ന് ജൂലൈ 21നാണ് ഇയാൾ കേരളത്തിലെത്തിയത്. മൂന്ന് ദിവസം മുമ്പാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചത്.
വാനര വസൂരി ലക്ഷണങ്ങളുള്ളതിനാല്‍ ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിക്കാനും നിര്‍ദ്ദേശം നല്കി. 

Eng­lish Sum­ma­ry: Mon­key pox: the first cure

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.