23 December 2024, Monday
KSFE Galaxy Chits Banner 2

പാലത്തിണയിലെ ചന്ദനം പൂത്തപ്പോൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
August 4, 2022 6:00 am

പാട്ടെഴുതിപ്പാടി ശ്രദ്ധേയനായ അമേരിക്കക്കാരൻ ബോബ് ഡൈലനു നൊബേൽ സമ്മാനം കിട്ടിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു. പാട്ടെഴുത്തുകാരന് നൊബേൽ സമ്മാനമോ? പാട്ടിലെന്ത് സാഹിത്യം? പാട്ടിൽ സാഹിത്യമുണ്ടെന്നും അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലോകം അന്ന് തിരിച്ചറിഞ്ഞു. അതുപോലെയാണ് അട്ടപ്പാടിയിലെ ആട്ടിടയവനിതയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യയിലെ ഏറ്റവും നല്ല സിനിമാപ്പാട്ടുകാരിക്കുള്ള ദേശീയപുരസ്കാരം കിട്ടിയപ്പോൾ ഉണ്ടായ അസംതൃപ്തിയും. എന്താ, ആദിവാസിക്ക് സാഹിത്യ പാരമ്പര്യവും സംഗീത പാരമ്പര്യവുമില്ലേ? ഭൂപൻ ഹസാരികയടക്കം പലരും ഈ വലിയ ഗോത്രസമ്പത്തിനെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയതാണല്ലോ.
ജാലറയും കൊക്കരയും മുട്ടിയും കൊഗാറയുമടക്കമുള്ള അവരുടെ ഉപകരണങ്ങൾ നമ്മളെ കേൾപ്പിച്ചത് ആദിദ്രാവിഡ സംഗീതസാഗരം ആയിരുന്നല്ലോ. ഇപ്പോഴും സി ജെ കുട്ടപ്പനും പി എസ് ബാനർജിയുമടക്കമുള്ളവർ സൃഷ്ടിച്ച സംഗീതതരംഗം കേരളത്തിൽ സജീവമാണ്. ശാസ്ത്രീയസംഗീത സാധകത്താൽ പോളിഷ് ചെയ്യപ്പെട്ട കണ്ഠത്തിൽ നിന്നും പുറപ്പെടുന്ന ബൃഹകളെക്കാൾ അത്ഭുതകരമാണല്ലോ ആ പരുക്കൻ സംഗീതശിഖരങ്ങൾ.

സംഘകാല സാഹിത്യ ഭൂമിയെ അഞ്ചായി തിരിച്ചതിൽ ഒരു തിണയാണ് പാലത്തിണ. വിവിധയിനം പാലമരങ്ങൾ നിറഞ്ഞ ഊഷരഭൂമി. അവിടെ ജീവിച്ചിരുന്ന ആണും പെണ്ണുമായ കവികളുടെ രചനകളിൽ നിറഞ്ഞുനിന്നത് അത്ഭുതകല്പനകളും പ്രണയവുമാണ്. അവരുടെ പിൻഗാമിയാണ് നഞ്ചിയമ്മ. തൊണ്ടയിൽ കുറിഞ്ഞിത്തേനുള്ള പൂങ്കുയിൽ. അരനൂറ്റാണ്ടിലധികമായി ഇരുളസമുദായക്കാർക്കിടയിൽ പടർന്ന് പിടിച്ചിട്ടുള്ള ഒരു പാട്ടാണ് നഞ്ചിയമ്മ പാടിയത്. അതി ലളിതമായ ഒരു തെളിനീരുറവ. കുഞ്ഞുങ്ങളുടെ ചോറൂട്ടിനും മറ്റും പാടിയിരുന്നത്. മാണിയച്ചൻ കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന അട്ടപ്പാടിയിൽ വീലുവച്ച വാഹനങ്ങളില്ലാതിരുന്ന കാലത്ത് അവർക്ക് കാണാൻ കഴിഞ്ഞ ഏക വാഹനം ദേശാടനപ്പക്ഷിയെ പ്പോലെ ആകാശത്തു കാണപ്പെട്ട വിമാനമാണ്.
കിഴക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാൻ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ ആദ്യ വരികൾ. തെക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാൻ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ രണ്ടാമത്തെ വരി. വടക്കുള്ള ഉ­ങ്ങ് മരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാൻ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ മൂന്നാമത്തെ വരി. പടിഞ്ഞാറുള്ള ഞാറ മരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാൻ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ നാലാമത്തെ വരി. പാട്ട് കഴിഞ്ഞു. ഇടയ്ക്ക് ലാലാലെ എന്ന വായ്ത്താരിയും. എത്ര ലളിതവും സുന്ദരവുമാണ് ഈ അവതരണം. ഇരുളമലയാളത്തിൽ വിരിഞ്ഞ മഴവില്ല്. പാട്ടിന്റെ മലയാളം പറഞ്ഞു തന്നപ്പോൾ ചിറ്റൂരെ ലത ടീച്ചറുടെ വിരലുകൾ ഇടയ്ക്കയിൽ താളമിട്ടതുപോലെ തോന്നി.
ഇരുള — മുതുവാൻ പ്രണയമായിരുന്നല്ലോ മലയാറ്റൂരിന്റെ പൊന്നിയുടെ കാതൽ. അതിനു പാട്ടെഴുതിയ പി ഭാസ്കരൻ, മാർകഴിയും മല്ലികപ്പൂവും ആമ്പൽപ്പൂവും മാട്ടുപ്പൊങ്കലും ശിരുവാണിപ്പുഴയും ഒക്കെച്ചേർത്തു പൊലിപ്പിച്ചെങ്കിലും ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം നഞ്ചിയമ്മ പാടിയപ്പോഴാണ് കേരളത്തിന് ബോധ്യപ്പെട്ടത്.

 


ഇതുകൂടി വായിക്കു; അട്ടപ്പാടിയും പഴനിസാമിയും പിന്നെ സച്ചിയും നഞ്ചിയമ്മയും


 

കേന്ദ്ര ഭരണവുമായി ബന്ധപ്പെടുത്തി ചിലർ ഈ ബഹുമതിയിൽ രാഷ്ട്രീയവും കാണുന്നുണ്ട്. നഞ്ചിയമ്മയുടെ രാഷ്ട്രീയം അതല്ല. അട്ടപ്പാടിയിൽ പ്രധാനപ്പെട്ട മൂന്നു ഗോത്രക്കാരെയുമൊരുപോലെ സംഘടിപ്പിച്ചുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചതിൽ പ്രധാനി കൊങ്ങശേരി കൃഷ്ണൻ സഖാവാണ്. അന്നവർ വിളിച്ച എങ്കളുടെ പൂമീ എങ്കളുക്ക് എന്ന മുദ്രാവാക്യം അട്ടപ്പാടിയിലെ മൊട്ടക്കുന്നുകൾ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴാകട്ടെ നഞ്ചിയമ്മ അടക്കമുള്ളവർക്കെതിരെ ഭൂമാഫിയ കൊടുത്ത ഒരു കേസ് നിലവിലുണ്ട്. നഞ്ചിയമ്മയുടെ പരേതനായ ഭർത്താവും അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭയുടെ സംസ്ഥാന പ്രസിഡന്റ് അട്ടപ്പാടി സുകുമാരനും അടക്കമുള്ളവർക്കെതിരെയാണ് കേസ്. വാമനൻ, മഹാബലിക്കെതിരെ ഭൂമിതട്ടിപ്പിന് കേസ് കൊടുത്താലെന്നപോലെയുള്ള ഒരു കേസ്. ഈ കർഷകസംഘടനയുടെ കൊടി അരിവാളും ചുറ്റികയും പതിച്ച ചെങ്കൊടിയാണ്. അപ്പോൾ രാഷ്ട്രീയ ജോത്സ്യൻമാർക്ക് തെറ്റിയെന്നർത്ഥം.


ഇതുകൂടി വായിക്കു; പൊന്‍തിളക്കത്തില്‍ നഞ്ചിയമ്മയുടെ ‘കളക്കാത്ത സന്ദനമേറം’


നഞ്ചിയമ്മ അംഗീകരിക്കപ്പെട്ട സന്തോഷത്തോടൊപ്പം ഒരു മഹാദുഃഖം കൂടിയുണ്ട്. ഈ പാട്ടുള്ള അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനെ ഏറ്റവും മികച്ച സംവിധായകനായി തിരഞ്ഞെടുത്തിരുന്നല്ലോ. ആ ബഹുമതി സ്വീകരിക്കാൻ സംവിധായകൻ സച്ചിയെ മരണം അനുവദിച്ചില്ലെന്നതാണ് മഹാദുഃഖം. സന്തോഷത്തിനും സങ്കടത്തിനും അപ്പുറം, നഞ്ചിയമ്മയുടെ മണ്ണ് നഞ്ചിയമ്മയുടേത് തന്നെയാണ് എന്നു തീർപ്പുണ്ടാക്കാൻ അധികാരമുള്ളവർ മുന്നോട്ടുവരണമെന്നാണ് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.