18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024
May 26, 2024

പ്രളയജിഹാദ്;വ്യാജപ്രചരണവുമായി ഒരുവിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2022 5:30 pm

അസമിലുണ്ടായ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണം ഒരു വിഭാഗമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. പ്രാദേശിക മുസ്ലിം സമൂഹമാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന് പറഞ്ഞ് പ്രളയ ജിഹാദ് എന്ന പേരിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ ആരോപണം നേരിട്ട നാസിര്‍ ഹുസൈന്‍ ലസ്‌കര്‍ എന്നയാളുമായി ബി ബി സി പ്രതിനിധി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അസമിലെ ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്നയാളാണ് നാസിര്‍ ഹുസൈന്‍. എന്നാല്‍ പൊതുസ്വത്ത് നശിപ്പിച്ചു എന്ന് ആരോപിച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ ഇയാള്‍ക്ക് 20 ദിവസം ജയിലിലും കിടക്കേണ്ടി വന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കാര്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. നാസിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രളയ ജിഹാദ് ആരോപണവുമായി ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മണ്‍സൂണ്‍ സീസണില്‍ സാധാരണയായി വെള്ളപ്പൊക്കം ഉണ്ടാകുന്ന രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് അസം. എന്നാല്‍ ഈ വര്‍ഷത്തെ മഴ സാധാരണയിലും കനത്ത വെള്ളപ്പൊക്കത്തിലേക്ക് നയിച്ചെന്നും അതിന് കാരണം മുസ്ലിങ്ങളാണെന്നുമാണ് പലരും അവകാശപ്പെടുന്നത്. അസമിലെ ഹിന്ദു ഭൂരിപക്ഷ നഗരമായ സില്‍ചാറില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ നാശനഷ്ടം വരുത്തിയതായും വ്യാജ പ്രചരണം നടത്തുന്നുനാസിര്‍ ഹുസൈന്‍ ലസ്‌കറും മറ്റ് മൂന്ന് പേരും പ്രളയ ജിഹാദ്‘നടത്തുന്നു എന്നാണ് ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്.

പല പ്രമുഖരും വ്യക്തികളടക്കം ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം 16 വര്‍ഷത്തോളം സര്‍ക്കാരിന് വേണ്ടി തടയണകള്‍ നിര്‍മിക്കുന്ന ജോലി ചെയ്തയാളാണ് താനെന്നും താന്‍ എന്തിനാണ് പൊതുസ്വത്ത് നശിപ്പിക്കുന്നത് എന്നുമാണ് നാസിര്‍ ഹുസൈന്‍ ചോദിക്കുന്നത്. പ്രളയ ജിഹാദ’ എന്ന വിശേഷണത്തോടൊപ്പം തന്റെ പേരും ടി വി സ്‌ക്രീനില്‍ കണ്ടത് വലിയ അസ്വസ്ഥത ഉളവാക്കിയെന്നും തനിക്ക് രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ലസ്‌കര്‍ പറയുന്നു. ജയിലില്‍ കഴിഞ്ഞ സമയത്ത് മറ്റ് തടവുകാര്‍ തന്നെ ആക്രമിച്ചേക്കുമെന്ന ഭയമുണ്ടായിരുന്നു എന്നും നാസിര്‍ ഹുസൈന്‍ ലസ്‌കര്‍ വ്യക്തമാക്കി. മേയ് 23നായിരുന്നു അസമിലെ ബരാക് നദിയില്‍ കെട്ടിയ തടയണക്ക് കേടുപാട്‌സംഭവിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഇത്.

അറ്റകുറ്റപ്പണികളുടെയും യഥാക്രമം നടത്താത്തത് കാരണമാണ് തടയണകളില്‍ ഭൂരിഭാഗം എണ്ണത്തിനും നാശം സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ‘പ്രളയ ജിഹാദ്’ എന്നൊന്ന് നിലനില്‍ക്കുന്നില്ല, എന്ന് അസമിലെ പൊലീസ് സൂപ്രണ്ട് രമണ്‍ദീപ് കൗര്‍ പ്രതികരിച്ചു. ചിലത് മനുഷ്യ പ്രേരിതമാകാം. വെള്ളം പുറത്തേക്ക് പോകുന്നതിനും അവരുടെ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കുന്നതിനും ആളുകള്‍ മനഃപൂര്‍വ്വം കര തകര്‍ത്ത സംഭവങ്ങള്‍ ഉണ്ടായേക്കാം, സില്‍ച്ചാര്‍ പോലീസ് സമ്മതിക്കുന്നു. എന്നാല്‍ പ്രളയ ജിഹാദ് എന്നൊന്നില്ല. സാധാരണ അധികാരികള്‍ തന്നെ വെള്ളപ്പൊക്കം തടയാന്‍ സ്വയം അണക്കെട്ട് വെട്ടിമാറ്റുമായിരുന്നു. ഈ വര്‍ഷം അത് ചെയ്തില്ല, ചിലര്‍ അത് സ്വന്തം വഴിക്ക് ചെയ്തതാണ് കാരണമായത്, രമണ്‍ദീപ് കൗര്‍ പറഞ്ഞു.പ്രളയ ജിഹാദ്’ എന്ന ആരോപണം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള എളുപ്പവഴിയാണെന്നും പ്രശ്‌നത്തിന് കൂടുതല്‍ പക്വമായ പ്രതികരണം ആവശ്യമാണെന്നും ജംസെട്ജി ടാറ്റ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ നിര്‍മാല്യ ചൗധരിയും പറഞ്ഞു.

ജൂലൈ 3 നാണ് നാസിര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ്, ജൂണ്‍ മാസങ്ങളില്‍ അസമില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 192 പേരാണ് മരിച്ചത്. വെള്ളപ്പൊക്കം മനുഷ്യനിര്‍മിതമാണെന്നും ഒരു കൂട്ടം മുസ്ലീം പുരുഷന്മാര്‍ അയല്‍പക്കത്തുള്ള ഹിന്ദു ഭൂരിപക്ഷ നഗരമായ സില്‍ച്ചാറില്‍ വെള്ളപ്പൊക്ക പ്രതിരോധത്തിന് കേടുപാടുകള്‍ വരുത്തി ബോധപൂര്‍വം വെള്ളപ്പൊക്കമുണ്ടാക്കിയെന്നുമാണ് യാതൊരു തെളിവുമില്ലാതെ ചിലര്‍ അവകാശപ്പെട്ടത്അതേസമയം, ജയില്‍ മോചിതനായതിന് ശേഷവും ലസ്‌കര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ഞാനും എന്റെ കുടുംബവും ഇപ്പോഴും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. എന്റെ കുട്ടികള്‍ സ്‌കൂള്‍ ഒഴിവാക്കുകയാണ്. എനിക്ക് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍, ഞാന്‍ ചിലപ്പോള്‍ മുഖം മറയ്ക്കാന്‍ ഹെല്‍മറ്റ് ധരിക്കും.

കോപാകുലരായ ജനക്കൂട്ടം തല്ലിക്കൊന്നാലോ എന്ന് ഞാന്‍ ഭയപ്പെടുന്നു, അദ്ദേഹം പറഞ്ഞു. മുസ്ലീം വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരയില്‍ വരുന്നത് ഇതാദ്യമായല്ല. കൊവിഡ് സമയത്ത് കൊറോണ ജിഹാദ് എന്ന തരത്തില്‍ പ്രചരമുണ്ടായിരുന്നു. ഇത്തരത്തില്‍ ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നാര്‍ക്കോട്ടിക്‌സ് ജിഹാദ് എന്നിവയ്ക്ക് ശേഷം ഏറ്റവും ഒടുവിലത്തേതാണ് പ്രളയ ജിഹാദ്.

Eng­lish Sum­ma­ry: Flood Jihad; a sec­tion on social media with fake propaganda

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.