24 November 2024, Sunday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനം 218 രോഗങ്ങള്‍ വ്യാപകമാക്കി

ഡെങ്കിപ്പനി, എബോള, മലേറിയ, അഞ്ചാംപനി, ന്യുമോണിയ എന്നിവ കൂടി
Janayugom Webdesk
തിരുവനന്തപുരം
August 9, 2022 11:03 pm

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ആരോഗ്യപരമായ അപകടസാധ്യതകൾ വർധിപ്പിച്ചുവെന്ന് പഠനം. ഇത് മൂലം കുറഞ്ഞത് 218 സാംക്രമിക രോഗങ്ങളെങ്കിലും മനുഷ്യരിൽ വ്യാപകമായെന്നാണ് നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന ഗവേഷണ ജേർണൽ പറയുന്നത്. ഹവായ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ കാമിലോ മോറയുടെ നേതൃത്വത്തിലാണ് കാലാവസ്ഥാവ്യതിയാനം സൂക്ഷ്മാണുക്കളുടെ വളർച്ചയിലും പ്രതിരോധത്തിലും എങ്ങനെ സ്വാധീനം ചെലുത്തുന്നവെന്ന പഠനം പുറത്തുവിട്ടത്.
കാലാവസ്ഥാ മാറ്റവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ പകർച്ചവ്യാധികൾ കൂടാതെ, ആസ്തമ, അലർജികൾ, മൃഗങ്ങളുടെ കടികളില്‍ നിന്നുണ്ടാകുന്ന പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള എല്ലാത്തരം രോഗങ്ങളും ഗവേഷകർ നിരീക്ഷണവിധേയമാക്കി. 286 രോഗങ്ങളെ വിശകലനം ചെയ്തപ്പോള്‍ 222 എണ്ണം കാലാവസ്ഥാ വ്യതിയാനം മൂലം വഷളായതായി കണ്ടെത്തി. ‘ഈ പഠനത്തിന്റെ കണ്ടെത്തലുകൾ ഭയാനകവും മനുഷ്യ രോഗകാരികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ വിശദീകരിക്കുന്നതുമാണ്.
ഉഷ്ണതരംഗങ്ങൾ, അതിശക്തമായ മഴ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവ മൂലം ബാക്ടീരിയ, വൈറസുകൾ, പരാന്നഭോജികൾ, ഫംഗസ്, മൃഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങളിൽ 58 ശതമാനം വർധനയുണ്ടായി. പൊതുവേ 375 രോഗങ്ങളാണ് ഇത്തരത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ളത്. അതിൽ 218 എണ്ണത്തിലാണ് ക്രമാതീതമായ വർധനയുണ്ടായത്. കോളറ, ഡെങ്കിപ്പനി, എബോള, മലേറിയ, അഞ്ചാംപനി, ന്യുമോണിയ, ടൈഫോയ്ഡ്, മസ്തിഷ്ക ജ്വരം, മെനിഞ്ചെെറ്റിസ് എന്നിവയും വ്യാപകമായി. മഴയും താപനിലയിലെ മാറ്റങ്ങളും കോവിഡ് 19, പകര്‍ച്ചപ്പനി എന്നിവയുടെ വ്യാപനത്തെയും ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സമുദ്രനിരപ്പിലെ ഉയർച്ച എന്നിവ ദഹനനാളത്തിലെ അണുബാധ, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, ലാസ പനി, ശ്വാസകോശത്തിലെയും ചർമ്മത്തിലെയും അണുബാധകൾ എന്നിവയിൽ സ്വാധീനം ചെലുത്തും. വനമേഖലകളിലേക്കുള്ള കുടിയേറ്റം എബോള, മലേറിയ എന്നിവ പൊട്ടിപ്പുറപ്പെടാൻ കാരണമായി. വരൾച്ചയും കനത്ത മഴയും കന്നുകാലികളിൽ ആന്ത്രാക്സിനും ഹെമറേജിക് പനി അഥവാ എബോളയ്ക്കും കാരണമായി. ഭൂമിയിലെ താപനില ഉയരുന്നത് കൊതുകുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. സമുദ്രത്തിലെ ചൂടും കനത്ത മഴയും തീരപ്രദേശങ്ങളിലെ ജലത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് കോളറ ബാധയ്ക്ക് സാഹചര്യമൊരുക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പ്ലേഗ് പരത്തുന്ന എലികളുടെ എണ്ണം വർധിക്കുന്നതിനും മഴ കാരണമായി.
കാലാവസ്ഥാ മാറ്റവും അന്തരീക്ഷ താപവ്യതിയാനവും സൂക്ഷ്മാണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ചൂട് കൂടുന്നത് കോളറ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കും. ശരീരത്തിന്റെ അവസ്ഥയിലും കാലാവസ്ഥ മാറ്റം വരുത്തുന്നുണ്ട്. പ്രതിരോധ ശേഷി കുറയുന്നതുവഴി രോഗാണുക്കൾക്കെതിരെ പോരാടാനുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞതായി ശാസ്ത്രജ്ഞർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ ഭക്ഷ്യവിതരണത്തിൽ തടസമുണ്ടാക്കുകയും അതുവഴി പോഷകാഹാരക്കുറവ് വർധിപ്പിക്കുകയും ചെയ്യും. പട്ടിണിയോടൊപ്പം കോളറ, അഞ്ചാംപനി പോലുള്ള രോഗബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പകര്‍ച്ചപ്പനിയുടെ വ്യാപനശേഷിയും കൂടുതലാക്കും. വെള്ളപ്പൊക്കം, വരൾച്ച എന്നിവയുണ്ടാക്കുന്ന സമ്മർദ്ദം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Cli­mate change has made 218 dis­eases more widespread

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.