22 December 2024, Sunday
KSFE Galaxy Chits Banner 2

റോഡുകള്‍ ജീവനെടുക്കാനുള്ളതാവരുത്

വി ആര്‍
August 11, 2022 10:47 pm

ഒരുകാലത്തെ പൊതുപ്രവര്‍ത്തനവും മാധ്യമധര്‍മ്മവും രാഷ്ട്രീയസേവനവുമെല്ലാം സാമൂഹ്യപ്രതിബദ്ധതയും നന്മയും ഇഴയടുപ്പത്തോടെയിരുന്നു. ജനജീവിതത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കുന്നതിനാണ്, ഈ മേഖലയിലുള്ളവരെല്ലാം ആദ്യപരിഗണന നല്‍കിയിരുന്നത്. ഭരണകൂടവും പൊതുസമൂഹവും ഒരേ ദിശയില്‍ സഞ്ചരിക്കാനും പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടക്കാനും കൂട്ടായശ്രമവും നടന്നിരുന്നു. അത് സാമൂഹ്യപുരോഗതിക്ക് ആരോഗ്യകരവുമായി. പൊതുപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള നേരിട്ടുള്ള ഇടപെടലുകള്‍ക്കൂടി പത്രമാധ്യമരംഗത്തുള്ളവരും അന്ന് ചെയ്തിരുന്നു. രാഷ്ട്രീയ സംവിധാനങ്ങളുടെ സേവനവും അതിനായി ഉപയോഗിച്ചു. ഇന്ന് എല്ലാം വിമര്‍ശനത്തിനും വിലകുറഞ്ഞ വിവാദത്തിനും വിധേയമാക്കി ആളാവുന്നതിനുള്ള മത്സരങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പോലും നടത്തുന്നത്. മാധ്യമങ്ങള്‍ അതിനുള്ള വേദികളൊരുക്കിക്കൊടുക്കുന്നതോടെ രാഷ്ട്രീയകേരളത്തിന്റെ വിശുദ്ധി തന്നെ കളങ്കപ്പെടുന്നു. വളര്‍ന്നുവരുന്ന പൊതുസേവകരും രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ കടമ, പരസ്പരം വിലകുറഞ്ഞ വാക്കുകളാല്‍ തമ്മിലടിക്കലെന്നാണ് പഠിച്ചെടുക്കുന്നതും പയറ്റുന്നതും. കേരളത്തിലെ പൊതുനിരത്തുകളില്‍ അപകടകരമാം വിധം കുഴികളുണ്ടാവുന്നത് പുതിയ സംഭവമല്ല. പ്രത്യേകിച്ച് മഴക്കാലത്ത്. അത്യാധുനിക സംവിധാനങ്ങളോടെ, ദീര്‍ഘനാള്‍ ഈടുനില്‍ക്കുന്ന നിര്‍മ്മാണരീതി അവലംബിക്കുംവരെ ഈ പ്രതിഭാസം തുടരുമെന്നതില്‍ തര്‍‍ക്കമില്ല. പക്ഷെ ഈ കുഴിയപകടങ്ങളേക്കാള്‍ മനുഷ്യമനസുകളില്‍ മരണം വിതയ്ക്കുന്ന വിവാദങ്ങളിലാണ് പലരും ശ്രദ്ധയൂന്നുന്നത്.

ഒരു വര്‍ഷത്തിനിടെ ഏഴ് പേരാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി റോഡുകളിലെ കുഴികളി‍ല്‍ വീണ് മരിച്ചത്. കൊച്ചിയിലെ ദേശീയപാതയില്‍ കുഴിയില്‍ വീണ് ഇരുചക്രവാഹനയാത്രക്കാരന്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഒരു കുടുംബത്തിന്റെ താങ്ങും തണലും നടുറോഡില്‍ ഇല്ലാതായതിന്റെ ദുഃഖമല്ല മരിച്ച ഹാഷിമിന്റെ ജന്മദേശത്തെ എംഎല്‍എ കൂടിയായ പ്രതിപക്ഷനേതാവില്‍ അന്ന് കണ്ടത്. ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകം എന്ന വിമര്‍ശനത്തോടെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കാനാണ് അദ്ദേഹം ഉത്സാഹം കാണിച്ചത്. ദേശീയപാതയെന്നും സംസ്ഥാന പാതയെന്നും രണ്ട് രാഷ്ട്രീയ ശത്രുക്കളെ സ്വയംസൃഷ്ടിച്ച് തനി പ്രതിപക്ഷനേതാവിന്റെ വേഷംകെട്ടല്‍. അതേറ്റുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള പോരും. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രശ്നം പരിഹരിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനുപകരം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു അത്. മഴക്കാലത്തുണ്ടാകുന്ന കുഴിയപകടങ്ങളും മരണങ്ങളും ആഘോഷിക്കുന്ന കണ്ണില്‍ചോരയില്ലാത്ത ഒരു നടപടി.


ഇതുകൂടി വായിക്കു; ദേശീയപാതയിലെ അപകടങ്ങള്‍ | JANAYUGOM EDITORIAL


സംസ്ഥാന‑ദേശീയ പാതകളിലെ സുഗമസഞ്ചാരത്തിന് സൗകര്യമുണ്ടാക്കുകയാണ് കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങളും പ്രതിപക്ഷവുമെല്ലാം ചെയ്യേണ്ടത്. ഭരണാധികാരികള്‍ മാത്രമല്ല, ഉദ്യോഗസ്ഥരും കരാറുകാരും ഇത് ഗൗരവത്തിലെടുക്കണം. കോടതി നിര്‍ദ്ദേശം പാലിക്കാനെന്നപേരില്‍ തുപ്പലുകൊണ്ട് ഓട്ടയടയ്ക്കുന്ന സമ്പ്രദായമാണ് ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം കേരളത്തില്‍ കാണിച്ചത്. ഇങ്ങനെയൊരു പ്രവൃത്തി സംസ്ഥാന പാതയിലായിരുന്നെങ്കില്‍ വിവാദത്തിന്റെ ചൂടേറിയേനെ. ദേശീയപാതകളുടെ പരിപാലനത്തില്‍ എന്‍എച്ച്എ(ദേശീയപാത വികസന അതോറിറ്റി) കാണിക്കുന്ന നിരുത്തരവാദിത്തം ചെറുതൊന്നുമല്ല. കരാറുകാരുടെ കറവപ്പശുവായി മാറിയിരിക്കുകയാണവര്‍. കോടതിയില്‍ പറയുന്നതും നടുറോഡില്‍ ചെയ്യുന്നതും രണ്ട് പ്രവൃത്തികളാണ്. നേരത്തെ അമിക്കസ് ക്യൂറി വഴി കുഴിയടയ്ക്കലിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതാണ്. അതത്ര ഗൗരവത്തിലെടുക്കാനോ നടപ്പാക്കാനോ ദേശീയപാത അതോറിറ്റി തയാറായില്ല.

സംസ്ഥാനപാതകളുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിലെ നിര്‍വഹണ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്ഷേപങ്ങളില്ലാതാക്കാന്‍ അവരും ശ്രമിച്ചില്ല. പരസ്പരം പഴിചാരി സമയംകൊല്ലാതെ ഇനിയും ജീവനറ്റുപോകാതിരിക്കാന്‍ നടപടികളുണ്ടാവണം. മഴയ്ക്കുമുമ്പേ ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി അപകടസാധ്യതകള്‍ റോഡുകളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശമാണ് കോടതികള്‍ കാലേക്കൂട്ടി നല്‍കേണ്ടത്. പുതിയ പുതിയ തീരുമാനത്തിനും പ്രഖ്യാപനത്തിനും പ്രവൃത്തികള്‍ക്കും ഒരു ജീവനെങ്കിലും പൊലിയണമെന്ന പരമ്പരാഗത രീതികള്‍ തിരുത്തിയെഴുതാന്‍ ഇന്നിന്റെ പൊതുസേവകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണാധികാരികളും ഒരുമിച്ചുണരണം. സിനിമാപോസ്റ്ററുകള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിയെ തേടിപ്പോകുന്ന പ്രവണത അനുചിതമെന്ന ബോധം മാധ്യമ മേഖലയിലുള്ളവരിലും ഉണ്ടാവണം.

Eng­lish Summary:article about roads and media
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.