22 December 2024, Sunday
KSFE Galaxy Chits Banner 2

ആർത്തിയുടെ കാണാപ്പുറങ്ങൾ

ശശി മാവിൻമൂട്
August 14, 2022 7:25 am

കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങൾ മനുഷ്യന്റെ ആറു ശത്രുക്കൾ എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ പെട്ടുഴലുന്ന മനുഷ്യന് ഒരിക്കലും മനഃശാന്തി കൈവരുന്നില്ല. സമ്പത്തും അധികാരവും സുഖഭോഗങ്ങളും എക്കാലവും മനുഷ്യനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. അസാധാരണമായ മനഃസാന്നിദ്ധ്യവും ഇച്ഛാശക്തിയും ഉള്ളവർക്കു മാത്രമേ ഇത്തരം പ്രലോഭനങ്ങളിൽ നിന്ന് മോചനം നേടാനാകൂ. ഒരിക്കലും അവസാനിക്കാത്തതും നശിക്കാത്തതുമാണ് മനുഷ്യന്റെ ആർത്തി. ‘ഭൗതികനേട്ടങ്ങളിലേക്ക് മനസ്സിനെ അമിതമായി നയിക്കുമ്പോൾ മനഃശാന്തി നഷ്ടമാകു‘മെന്ന രാമകൃഷ്ണ പരമഹംസരുടെ വാക്കുകൾ ഓർക്കുക. ദുര മൂത്ത് സർവ്വസ്വവും നശിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന എത്രയെത്ര മനുഷ്യരുടെ കഥകളാണ് ദൈനംദിനം വാർത്തകളിൽ നിറയുന്നത്. ‘ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം’ എന്ന് ജനകീയകവി കുഞ്ചൻനമ്പ്യാർ പാടിയത് ഈ അത്യാർത്തിയെക്കുറിച്ചാണ്. “പത്തു ലഭിച്ചാൽ നൂറിനു ദാഹം, നൂറിനെയായിരമാക്കാൻ മോഹം, ആയിരമോ പതിനായിരമാകണം, ആശയ്ക്കുലകിതിലളവുണ്ടാമോ? ‘എന്ന കവിവാക്യവും അത്യാർത്തിയുടെ കാണാപ്പുറങ്ങളാണ് നമുക്ക് കാട്ടിത്തരുന്നത്.
ഇടവാ ഷുക്കൂർ എഴുതിയ ‘ദുര’ എന്ന ഏകാങ്കനാടക കൃതിയുടെ വായന അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നത് ആർത്തിയുടെ കാണാപ്പുറങ്ങളിലേക്കാണ്. സമൂഹത്തെ കബളിപ്പിച്ച് ധനസമ്പാദനം നടത്തുന്ന ഒരു കുടുംബത്തിന്റെ ഉയർച്ച താഴ്ചകളാണ് ഈ നാടകത്തിന്റെ പ്രമേയം. ഈ ലഘുനാടകത്തിൽ അരങ്ങിലെത്തുന്നത് നാലു കഥാപാത്രങ്ങളാണ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അന്തപ്പൻ, അയാളുടെ ദുര മൂത്ത ഭാര്യ അച്ചാമ്മ, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ മീശ കേശവപിള്ള, പോലീസ് സൂപ്രണ്ട് ബക്കർ മൂസ എന്നിവരാണവർ. എന്നാൽ ഈ നാലു കഥാപാത്രങ്ങളിലൂടെ വർത്തമാനകാല കേരളീയ സമൂഹത്തിന്റെ ഒരു പരിച്ഛേദം അവതരിപ്പിക്കാനാണ് ഇടവാ ഷുക്കൂർ ശ്രമിച്ചിരിക്കുന്നത്. ഭരണാധികാരികളിലും ഉദ്യോസ്ഥപ്രമുഖരിലും വലിയ സ്വാധീനവും, ആകർഷകമായ വാക്ചാതുരി കൊണ്ട് ഇരകളെ കബളിപ്പിക്കാൻ സാമർത്ഥ്യവുമുള്ളവളാണ് അച്ചാമ്മ. പണത്തിനുവേണ്ടി മനുഷ്യത്വവും സദാചാരവും ഉപേക്ഷിച്ചവൾ. അച്ചാമ്മയുടെ താളത്തിനൊത്തു തുള്ളുന്ന ഭർത്താവാണ് അന്തപ്പൻ. അനപത്യദുഃഖം അനുഭവിക്കുന്നുണ്ടെങ്കിലും സമ്പത്തിനോടുള്ള ആർത്തി രണ്ടുപേർക്കും കുറവില്ല. എങ്കിലും തട്ടിപ്പിന്റെ കാര്യത്തിൽ അച്ചാമ്മയാണ് ഒരു പണത്തൂക്കം മുന്നിൽ. ഇവരുടെ തട്ടിപ്പിനു വിധേയമായവരിൽ പ്രധാനിയാണ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ മീശ കേശവപിള്ള. കേശവപിള്ളയിൽ നിന്ന് പലപ്പോഴായി അച്ചാമ്മ ലക്ഷങ്ങളാണ് തട്ടിയെടുത്തത്. പണം തിരിച്ചു ചോദിക്കുന്ന കേശവപിള്ളയെ ദമ്പതികൾ പരിഹസിക്കുകയും, ഉന്നത സ്വാധീനം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒടുവിൽ കേശവപിള്ളയുടെ പരാതിയിൽ പോലീസ് സൂപ്രണ്ട് ബക്കർ മൂസ ദമ്പതിമാരെ അറസ്റ്റ് ചെയ്യുന്നതോടെ നാടകത്തിന് തിരശ്ശീല വീഴുന്നു.
മനുഷ്യന്റെ അത്യാർത്തി വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ ചെറുതല്ല. ജനങ്ങളെയും പ്രകൃതിയെയും ചൂഷണം ചെയ്തുള്ള ധനസമ്പാദനം മനുഷ്യനെ ഭ്രാന്തമായ മാനസികാവസ്ഥയിലെക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുംഎല്ലാം ഈ ആർത്തിയുടെ പരിണത ഫലങ്ങൾ തന്നെ. അടിയ്ക്കടിയുണ്ടാകുന്ന സ്ത്രീധന പീഡനങ്ങളും അത്യാർത്തിയിൽ നിന്ന് ഉടലെടുക്കുന്നതാണ്. ചെറിയ നാടകമെങ്കിലും ഈ കൃതി വായനക്കാർക്കു നൽകുന്ന സന്ദേശം വളരെ വലുതാണ്.
സാഹിത്യ അക്കാഡമി എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയ കുടീചരൻ, ആരാച്ചാർ തുടങ്ങിയ നാടകങ്ങൾ ഉൾപ്പടെ 12 നാടകങ്ങളുടെ കർത്താവായ ഇടവാ ഷുക്കൂർ മനുഷ്യനന്മയോടും മഹത്തായ ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന എഴുത്തുകാരനാണ്. നന്മതിന്മകൾ തമ്മിലുള്ള സംഘർഷങ്ങളാണ് ഇദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും. ദുര എന്ന നാടകത്തിലും വ്യാജ മാർഗ്ഗങ്ങളിലൂടെയുള്ള ധനസമ്പാദനവും അതുവഴിയുണ്ടാകുന്ന ദുരന്തവുമാണ് കഥാതന്തു. പ്രമേയത്തിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ സോദ്ദേശമായ അവതരണത്തിലൂടെ അനുവാചകശ്രദ്ധ പിടിച്ചുപറ്റാൻ ഈ കൃതിക്കു കഴിഞ്ഞിട്ടുണ്ട്. ലളിതമായ ഭാഷയും ഹാസ്യാത്മകമായ സംഭാഷണശൈലിയും ഈ നാടകത്തിന്റെ പ്രത്യേകതകളാണ്. വായനയ്ക്കും രംഗാവിഷ്ക്കാരത്തിനും അനുയോജ്യമായ ലഘുനാടകമാണ് ദുര.
പ്രൊഫ. വിശ്വമംഗലം സുന്ദരേശന്റെ പഠനാർഹമായ അവതാരികയും വി ആർ അജിത്കുമാർ, ഡോ. ആർ ഗോപാലകൃഷ്ണൻ എന്നിവരുടെ ആസ്വാദനവും ഈ കൃതിയെ കൂടുതൽ ഈടുറ്റതാക്കിരിക്കുന്നു. 


ദുര
(നാടകം)
ഇടവാ ഷുക്കൂർ
പ്രഭാത് ബുക്ക് ഹൗസ്
വില: 60 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.