4 May 2024, Saturday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ബിൽക്കീസ് ബാനു കേസ് പ്രതികളുടെ മോചനം: ശുപാര്‍ശ ചെയ്തത് ബിജെപി സമിതി

Janayugom Webdesk
ന്യൂഡൽഹി
August 18, 2022 9:32 pm

2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിക്കാൻ ശുപാർശ ചെയ്തത് ബിജെപി നേതാക്കളുടെ സമിതി. രണ്ട് എംഎല്‍എമാരടക്കം നാല് ബിജെപി നേതാക്കളാണ് ഗോധ്ര കളക്ടറുടെയും ജില്ലാ മജിസ്ട്രേറ്റ് സുജൽ മയാത്രയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി എംഎല്‍എമാരായ സി കെ റൗൾജി, സുമൻ ചൗഹാന്‍, മുൻ ബിജെപി ഗോധ്ര മുനിസിപ്പൽ കൗൺസിലര്‍ മുരളി മുൽചന്ദാനി, ബിജെപി വനിതാ വിഭാഗം പ്രവര്‍ത്തക സ്നേഹബെൻ ഭാട്ടിയ എന്നിവര്‍ സമിതിയംഗങ്ങളായിരുന്നുവെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ, സെഷൻസ് ജഡ്ജി, ജയിൽ സൂപ്രണ്ട് എന്നിവരും സമിതിയിലുണ്ടായിരുന്നു. അയോധ്യയിൽ നിന്ന് മടങ്ങിയ 59 തീർത്ഥാടകരെ ചുട്ടുകൊന്ന ഗോധ്ര ട്രെയിൻ കൂട്ടക്കൊലക്കേസിലെ മുഖ്യ ദൃക്‌സാക്ഷിയാണ് മുൽചന്ദാനി. ഒരു സ്വകാര്യ മാധ്യമം നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിൽ മുൽചന്ദാനിയും നിതിൻ പഥക്, രഞ്ജിത് ജോധ പട്ടേൽ എന്നീ സാക്ഷികളും സത്യവിരുദ്ധമായ മൊഴികൾ നൽകിയതായി തെളിയിച്ചിരുന്നു.

എന്നാല്‍ ഈ കണ്ടെത്തലുകൾ കേസ് കൈകാര്യം ചെയ്ത പ്രത്യേക അതിവേഗ കോടതി അംഗീകരിച്ചില്ല. ഗുജറാത്ത് സർക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നടത്തിയ ദീർഘവും സങ്കീർണവുമായ നിയമപോരാട്ടത്തെ തുടർന്നാണ് ഇപ്പോൾ മോചിപ്പിക്കപ്പെട്ടവർ ശിക്ഷിക്കപ്പെട്ടത്. അന്ന് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഗുജറാത്ത് പൊലീസും ഭരണകൂടവും കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന എൻഎച്ച്ആർസിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.

സ്വതന്ത്രവും നീതിയുക്തവുമായ നടപടികൾ ഉറപ്പാക്കുന്നതിൽ മോഡി സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിചാരണയും മഹാരാഷ്ട്രയിലേക്ക് മാറ്റി. ഗുജറാത്ത് സർക്കാർ 1992 ലെ വിവേചനാധികാര നിയമം വിനിയോഗിച്ചാണ് 11 കുറ്റവാളികളെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ ഈ അവകാശവാദം നിയമ വിദഗ്ധർ ചോദ്യം ചെയ്യുന്നു. ഗുജറാത്ത് സർക്കാരിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, ജീവപര്യന്തം തടവിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ടവരെ ശിക്ഷയിളവ് നല്കി മോചിപ്പിക്കാൻ അനുവദിക്കരുതെന്ന സ്വന്തം നയത്തിന് വിരുദ്ധമാകും. അതുകൊണ്ടു തന്നെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

പ്രതികള്‍ ബ്രാഹ്മണര്‍; നല്ല സംസ്കാരമുള്ളവര്‍

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ ന്യായീകരിച്ച് ബിജെപി എംഎല്‍എ. ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിട്ട 11 പ്രതികളും ബ്രാഹ്മണന്മാരാണെന്നും നല്ല സംസ്കാരമുള്ളവരുമാണെന്നുമായിരുന്നു ഗോധ്ര എംഎല്‍എ സി കെ റൗള്‍ജിയുടെ പ്രതികരണം. ‘അവര്‍ എന്തെങ്കിലും കുറ്റം ചെയ്തോ ഇല്ലയോ എന്നെനിക്കറിയില്ല. എന്നാൽ കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരിക്കാം. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്ക്കാരമുള്ളവരായിട്ടാണ് അറിയപ്പെടുന്നത്.

അവരെ ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിന്നിരിക്കാം’ എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച പാനലിലെ രണ്ട് ബിജെപി എംഎല്‍എമാരിലൊരാളാണ് റൗള്‍ജി. ജയില്‍ മോചിതരായ പ്രതികളെ മധുരം നല്‍കിയും മാലയണിയിച്ചുമാണ് റൗള്‍ജി സ്വീകരിച്ചത്.

Eng­lish Sum­ma­ry: Release of accused in Bilkis Banu case updation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.