21 May 2024, Tuesday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

വര്‍ഗീയ വിദ്വേഷവും സംവരണത്തില്‍; ഇരട്ടത്താപ്പുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2024 11:07 pm

തെരഞ്ഞെടുപ്പ് കാലമായതോടെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ശക്തിപകരുന്ന രീതിയാണ് ബിജെപിയും സംഘ്പരിവാറും സ്വീകരിച്ചുവരുന്നത്. ആര്‍എസ്എസ് സംവരണത്തിന് എതിരാണെന്ന് പ്രഖ്യാപിക്കുന്ന അമിത് ഷായുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇതുസംബന്ധിച്ച ബിജെപിയുടെ നിലപാടിലെ വെെരുധ്യം വീണ്ടും ചര്‍ച്ചയായത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി വന്നിരിക്കുന്ന ഭരണഘടനാവിരുദ്ധമായ സംവരണം ഇല്ലാതാക്കണമെന്നാണ് അമിത് ഷാ വീഡിയോയില്‍ പറയുന്നത്. വീഡിയോ വ്യാജമാണെന്ന വിശദീകരണവുമായി ബിജെപിയും ആര്‍എസ്എസും സംവരണത്തെ പിന്തുണച്ച് രംഗത്തെത്തിയിയിട്ടുണ്ട്. എന്നാല്‍ സംഘ്പരിവാറും ബിജെപി-ആര്‍എസ്എസ് നേതാക്കളും നടത്തിയ മുന്‍കാല പ്രസ്താവനകള്‍ സംവരണ വിരുദ്ധത വിളിച്ചോതുന്നു.
ചില സംസ്ഥാനങ്ങള്‍ നല്‍കി വരുന്ന നാല് ശതമാനം മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെയും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഈ സംവരണം ഇല്ലാതാക്കുമെന്നും അവ പട്ടികജാതി-പട്ടികവര്‍ഗ‑ഒബിസി വിഭാഗങ്ങള്‍ക്ക് ആനുപാതികമായി നല്‍കുമെന്നും അമിത് ഷാ പറയുന്നുണ്ട്. 2017 ജനുവരിയില്‍ ആര്‍എസ്എസിന്റെ പബ്ലിസിറ്റി മേധാവിയായിരുന്ന മന്‍മോഹന്‍ വൈദ്യ പറഞ്ഞത് സംവരണത്തിന് സമയപരിധിയുണ്ടെന്നായിരുന്നു. എസ്‌സി/എസ‌്ടി സംവരണങ്ങളൊക്കെ കൊണ്ടുവന്നത് വ്യത്യസ്ത പശ്ചാത്തലത്തിലാണ്. ഇത് ശാശ്വതമായി തുടരുന്നത് നല്ലതല്ലെന്ന് അംബേദ്കര്‍ പോലും പറഞ്ഞിട്ടുണ്ട്. എല്ലാക്കാലവും സംവരണം തുടരുന്നത് വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. നിലവില്‍ ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് മന്‍മോഹന്‍ വൈദ്യ. 

ആര്‍എസ്എസ് സൈദ്ധാന്തികനായ കെ എന്‍ ഗോവിന്ദാചാര്യ ഭരണഘടനയ്ക്ക് പുതിയൊരു ചട്ടക്കൂട് നിര്‍മ്മിക്കണമെന്ന് 2016ല്‍ ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംവരണം ഒരു പരിധിവരെ സഹായകവും വൈകാരികമായി പ്രാധാന്യമർഹിക്കുന്നതുമാണെങ്കിലും, ആളുകളെ സഹായിക്കാൻ കൂടുതൽ എന്തുചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് കെ എന്‍ ഗോവിന്ദാചാര്യ പറഞ്ഞത്. 

സംവരണം രാഷ്ട്രീയ നേട്ടത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഇത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും 2015ല്‍ നിലവിലെ ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും എത്രകാലം ഇത് തുടരണമെന്നതും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്വയംഭരണ കമ്മിഷനുകള്‍ പോലുള്ള രാഷ്ട്രീയേതര സമിതികള്‍ രൂപീകരിക്കുമെന്നും സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കാന്‍ രാഷ്ട്രീയ മേല്‍നോട്ടം വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. സംവരണം സംബന്ധിച്ച സ്വന്തം നിലപാട് വ്യക്തമാക്കാതെ സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ യോജിപ്പുള്ള അന്തരീക്ഷത്തിൽ സംഭാഷണം നടത്തണമെന്ന് 2019ല്‍ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. 

സംവരണത്തിനെതിരെ തുടര്‍ച്ചായ അഭിപ്രായപ്രകടനങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടും വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രീണനം വര്‍ഗീയ വിഭജനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ കരുതുന്നു. 

Eng­lish Sum­ma­ry: com­mu­nal hatred and reser­va­tion; BJP with dou­ble standards

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.