തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനാ ഫലങ്ങള്‍ മൊബൈല്‍ ഫോണിലും ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായാണിവിടെ നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിള്‍ കളക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരിച്ചിട്ടുണ്ട്. അതിനാല്‍ ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധനാ ഫലങ്ങള്‍ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുന്നത്. ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒപി രജിസ്‌ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിങ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ആ ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ്, ആര്‍ജിസിബി, എസിആര്‍ എന്നീ ലാബുകളിലെ പരിശോധനാ ഫലങ്ങള്‍ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍ നിന്നും 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഇ ഹെല്‍ത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോള്‍ തന്നെ തുടര്‍ചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കും.
മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡിക്കല്‍ കോളജുകളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്ന ടീമാണ് മേല്‍നോട്ട സമിതി.
അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയായിരുന്നുപ്രധാന ലക്ഷ്യം.
മെഡിക്കല്‍ കോളജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കള്‍ക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവില്‍ ഇതുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Medical college test results on mobile phone too
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.