കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും, ആനന്ദ്ശര്‍മ്മയും പാര്‍ട്ടി അവരില്‍ ഏല്‍പ്പിച്ച ചുമതലകളില്‍ നിന്നും രാജിവെച്ചത് പാര്‍ട്ടി കേന്ദ്രങ്ങള്‍ വലിയ ഗൗരവത്തിലാണ് വിലയിരുത്തുന്നത്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് നേതാക്കള്‍ വില കല്‍പ്പിക്കാത്ത സാഹചര്യം വരുന്നത് വലിയ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഈ വേളയില്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ അടുത്ത പ്രസിഡന്റ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് വരട്ടെ എന്ന അഭിപ്രായമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചതത്രെ. ഇനിയും തുടരില്ലെന്ന് സോണിയ ഗാന്ധിയും സൂചിപ്പിച്ചുവെന്നാണ് വാര്‍ത്ത. ഈ വേളയിലാണ് വിമത നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നിരിക്കുകയാണ്.നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ആരും തനിക്കൊപ്പമില്ലെങ്കിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ ഏഴിന് കോണ്‍ഗ്രസ് ആരംഭിക്കാന്‍ പോകുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടിയുള്ള ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 150 സാമൂഹ്യ സംഘടനകള്‍, പ്രൊഫഷണലുകള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 3500 കിലോമീറ്റര്‍ പിന്നിട്ടാണ് ഡല്‍ഹിയില്‍ അവസാനിക്കുക. ജനകീയ വിഷയങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ആരുടെയും പിന്തുണയില്ലെങ്കിലും താനത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ദേശീയ യാത്ര എന്ന് ജയറാം രമേശ് വിശദീകരിച്ചു.
പണപ്പെരുപ്പം വര്‍ധിച്ചിരിക്കുന്നു, തൊഴിലില്ലായ്മ കൂടിവരുന്നു, സമ്പത്ത് ഒരു വിഭാഗത്തിലേക്ക് കുന്നുകൂടുകയാണ്, പ്രാദേശിക അസന്തുലിതാവസ്ഥ വര്‍ധിച്ചു, മതത്തിന്റെ പേരിലുള്ള വിഭാഗീയത കൂടി, ജാതിയും വസ്ത്രവും ഭക്ഷണവും ഭാഷയുമെല്ലാം വിഭാഗീയ നീക്കങ്ങള്‍ക്ക് ഇടയാക്കുന്നു, കേന്ദ്രം എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത്രയും ദൂരം പിന്നിടുന്ന യാത്ര കോണ്‍ഗ്രസ് ഈ നൂറ്റാണ്ടില്‍ നടത്തിയിട്ടില്ല.
മിക്ക സംസ്ഥാനങ്ങളും പിന്നിടുന്ന യാത്രയില്‍ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍ കൂടിയാണ് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഒരു തപസ്യയാണ്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നത് വലിയ ദൗത്യമാണ്. അതിന് വേണ്ടി ഞാന്‍ തയ്യാറാണ്. വിഭാഗീയതയുടെ രാഷ്ട്രീയം ഒഴിവാക്കണം. ഒരു ഭാഗത്ത് സംഘപരിവാറാണ്. മറുഭാഗത്ത് എല്ലാവരും ഐക്യപ്പെടണമെന്ന ആശയവും. ഈ രണ്ടു കാര്യങ്ങളാണ് യാത്രയില്‍ ഊന്നിപ്പറയുക എന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു.
ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് യാത്ര ആരംഭിക്കാന്‍ പോകുന്നത്. വിഭജനം ആരും ഇഷ്ടപ്പെടുന്നില്ല. ആരൊക്കെ എനിക്കൊപ്പം യാത്രയിലുണ്ടാകും എന്നത് വിഷയമേയല്ല. ഞാന്‍ ഒറ്റയ്ക്ക് നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രമുഖ നേതാക്കളുടെ രാജിയും വിമത ഭീഷണിയും നിലനില്‍ക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ക്ക് മുമ്പില്‍ യാത്രയെ സംബന്ധിച്ച് ദിഗ്വിജയ് സിങ് വിശദീകരിച്ചു. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര കടന്നുപോകുക. 150 ദിവസത്തിനിടെ 3500 കിലോമീറ്റര്‍ പിന്നിടും. രാജ്യത്തെ ഐക്യപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
English Summary: Warning to rebel leaders; Rahul will fight against Modi even if there is no one
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.