26 May 2024, Sunday

മാന്നാർ വള്ളംകളിയിലെ കൊമ്പുകോര്‍ക്കല്‍; ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി

Janayugom Webdesk
ആലപ്പുഴ
September 7, 2022 10:04 pm

മാന്നാർ മഹാത്മാ വള്ളംകളിക്കിടെ ചെറുതന ചുണ്ടന്റെ അമരക്കാരനെ അപായപ്പെടുത്താൻ പൊലീസ് ക്ലബ്ബ് ശ്രമിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്.
പൊലീസ് ബോട്ട്ക്ലബ്ബിന്റെ ചുമതലയുള്ള എആർ ക്യാമ്പ് ഡെപ്യുട്ടി കമാന്റന്റിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പമ്പാനദിയിൽ നടന്ന മഹാത്മാഗാന്ധി വള്ളംകളിയിൽ ചെറുതന ചുണ്ടനെ പൊലീസ് ക്ലബ്ബിന്റെ നിരണം ചുണ്ടൻ തോല്പിച്ചത്. മത്സരം തുടങ്ങിയപ്പോൾ തന്നെ പൊലീസ് ബോട്ട് ക്ലബ്ബ് അംഗങ്ങൾ തങ്ങളെ ഉപദ്രവിച്ച് തുടങ്ങിയതായി ചെറുതന ചുണ്ടനിലെ തുഴച്ചിലുകാർ പറയുന്നു.
പൊലീസ് ക്ലബ്ബിനെതിരെ ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കും. മത്സരഫലം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞുവെന്നും ഇവർ വ്യക്തമാക്കി. എന്നാൽ നിരണം ചുണ്ടന്റെ മൂന്നാം ട്രാക്കിലേക്ക് ചെറുതന ചുണ്ടൻ കടന്നുകയറിയെന്നാണ് പൊലീസിന്റെ വിശദീകരണം. മുന്നോട്ട് തുഴഞ്ഞ് പോകാൻ തടസം സൃഷ്ടിച്ചു. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ് പിന്നീട് നടന്നത്.
ചെറുതനയുടെ തുഴച്ചിലുകാരുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക് സംഭവിച്ചെന്നും ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് വിശദീകരിക്കുന്നു. ഇക്കാര്യങ്ങൾ തന്നെയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുകയെന്ന് എആർ ക്യാമ്പ് ഡെപ്യൂട്ടി കമാന്റന്റ് മാധ്യമങ്ങളോട് വിശദീകരിച്ചു.

Eng­lish Sum­ma­ry: Man­nar Boat Fes­ti­val issue; The Home Depart­ment has sought a report

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.