ഗോതബയ രാജപക്സെ പ്രസിഡന്റായിരിക്കെ ചൈനീസ് വായ്പയില്‍ നടപ്പാക്കിയ വെള്ളാന പദ്ധതികളിലൊന്നായ കമ്മ്യൂണിക്കേഷൻ ടവർ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. 113 മില്യണ്‍ ഡോളറിലാണ് 350 മീറ്റര്‍ ഉയരത്തിലുള്ള ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പച്ച, പർപ്പിൾ നിറങ്ങളിലുള്ള ഈ ടവര്‍ ലോട്ടസ് ടവർ എന്നാണ് അറിയപ്പെടുന്നത്.
2012ൽ നിർമ്മാണം ആരംഭിച്ച ഈ ടവർ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയാണ് ഇതുവരെ തുറക്കാതിരുന്നത്. കൊളംബോയുടെ എല്ലാ ഭാഗത്ത് നിന്നും ഈ ടവർ കാണാനാകും. നാളെ മുതൽ ടവറിലെ ഒബ്സർവേഷൻ ഡെക്ക് സന്ദർശകർക്ക് തുറന്നുകൊടുക്കുമെന്ന് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊളംബോ ലോട്ടസ് ടവർ മാനേജ്മെന്റ് കമ്പനി അറിയിച്ചു. മിനുക്ക് പണികൾക്കും മറ്റും ചെലവായ വൻ തുക ടിക്കറ്റ് നിരക്കിലൂടെ തിരിച്ചുപിടിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ടവറിലെ ഓഫീസും ഷോപ്പ് സ്പേസും വാടകയ്ക്ക് നൽകാനാകുമെന്നും അധികൃതർ പറയുന്നു. ഒബ്സർവേഷൻ ഡെക്കിന് തൊട്ടുതാഴെയുള്ള റെസ്റ്റോറന്റും ഇതിൽപ്പെടുന്നു.
ഒരു കമ്മ്യൂണിക്കേഷൻ ടവറായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നാണ് ശ്രീലങ്കൻ ബ്രോഡ്കാസ്റ്റർമാരുടെ പ്രതികരണം. ശ്രീലങ്കയെ ടവറിന്റെ പരിധിക്കുള്ളിൽ മുഴുവനായി ഉൾക്കൊള്ളിക്കാനോ നിലവിലെ പ്രക്ഷേപണം മെച്ചപ്പെടുത്താനോ കഴിയില്ല എന്നതാണ് കാരണം.
ബെയ്ജിങ്ങിലെ 405 മീറ്റർ ഉയരമുള്ള സെൻട്രൽ റേഡിയോ ആന്റ് ടിവി ടവറിന്റെ മാതൃകയിലാണ് രാജപക്സെ ലോട്ടസ് ടവറിനെ അവതരിപ്പിച്ചത്.
രാജപക്സെ ഭരണകാലത്ത് ചൈനീസ് വായ്പയിൽ നിർമ്മിച്ചവയെല്ലാം വെള്ളാനകൾ ആയി മാറിയ ചരിത്രമാണുള്ളത്. ഹാംബൻടോട്ടയിലെ തുറമുഖം ഇതിനുദാഹരണമാണ്. ചൈനീസ് വായ്പയിൽ നിർമ്മിച്ച ഹാംബൻടോട്ട ഒടുവിൽ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ 2017ൽ ചൈനയ്ക്ക് തന്നെ 99 വർഷത്തെ പാട്ടത്തിന് കൊടുക്കേണ്ടി വന്നിരുന്നു.
English Summary: Sri Lanka’s ‘Vellana Construction’ Lotus Tower opens
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.