ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുന്‍ പരിശീലകന് ആയിരുന്ന മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സ് പുതിയ റോളുകളിലേക്ക് മാറ്റിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖ്യ കോച്ചായി വിലസുകയായിരുന്ന ബൗച്ചറെ വന്‍ തുക ഓഫര്‍ ചെയ്ത് മുംബൈ അവിടെ നിന്നും ‘ചാടിക്കുകയായിരുന്നു’. മുംബൈ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ബൗച്ചറുടെ നിയമനത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാകാന്‍ ഭാഗ്യം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ബൗച്ചര്‍ പറഞ്ഞു. 2019 ഡിസംബര്‍ മുതല്‍ ബൗച്ചര്‍ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലക വേഷം അണിയുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ പരമ്പര വിജയം ഉള്‍പ്പെടെ 11 ടെസ്റ്റ് വിജയങ്ങളിലേക്ക് ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ ബൗച്ചറിനായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുംബൈ ഇന്ത്യന്‍സിനെ പഴയ പ്രതാപത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയെന്നതാണ് മാര്‍ക്ക് ബൗച്ചര്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു മുംബൈ ടീം കാഴ്ചവച്ചത്. ചരിത്രത്തിലാദ്യമായി അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
English Summary: Mark Boucher appointed coach of Mumbai Indians
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.