25 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 5, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024
February 11, 2024
February 10, 2024

ഒരു സാധാരണ സ്റ്റെതസ്കോപ്പിലൂടെ എങ്ങനെ രോഗം നിര്‍ണയിക്കാം; ഡോ. ആർ കൃഷ്ണകുമാർ പറയുന്നു

Janayugom Webdesk
കൊച്ചി
September 28, 2022 7:05 pm

സാധാരണ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് കൃത്യതയോടെയുള്ള ഹൃദയസ്പന്ദങ്ങൾ ശ്രവിക്കുന്നതിലൂടെ ഹൃദയത്തിലെ തകരാറുകൾ വേർതിരിച്ചറിയാൻ കഴിയുമെന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ജന്മനാലുള്ള ഹൃദയ വൈകല്യങ്ങളുണ്ടെന്ന് സംശയിക്കുന്ന 545 കുട്ടികളിൽ നടത്തിയ ഈ പഠനം ബിഎംജെ പീഡിയാട്രിക്‌സ് ഓപ്പണിൽ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളിലെ ഹൃദയസംവിധാനത്തിന്റെ ശാരീരിക പരിശോധനയിലൂടെ രോഗനിർണയത്തിന്റെ കൃത്യത വ്യവസ്ഥാപിതമായി പരിശോധിക്കുകയും ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുന്നതിനുള്ള നിലവിലെ ഏറ്റവും മികച്ച എക്കോകാർഡിയോഗ്രാഫിയുമായി താരതമ്യം ചെയ്യുകയുമാണ് ഈ പഠനത്തിൽ ചെയ്തത്. പഠനത്തിന് നേതൃത്വം നൽകിയ കൊച്ചി അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. ആർ കൃഷ്ണകുമാർ പറയുന്നു, ” കാർഡിയോളജി ചികിത്സാ രംഗത്ത് എക്കോകാർഡിയോഗ്രാഫിയുടെ രൂപത്തിൽ ആൾട്രാസൗണ്ട് സാങ്കേതികവിദ്യ ലഭ്യമായതോടെ മുൻപുണ്ടായിരുന്ന സ്റ്റെതസ്കോപ്പ് ഉപയോഗിച്ചുള്ള രോഗിയുടെ ശാരീരിക പരിശോധന അനാവശ്യമായിക്കൊണ്ടിരിക്കുകയാണെന്ന ഒരു ധാരണയുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ കാര്യമെടുത്താൽ ഡോക്ടർമാർ സ്റ്റെതസ്കോപ്പ് ഉപയോഗം പൂർണ്ണമായും നിർത്തിയ നിലയിലേക്ക് എത്തിയിരിക്കുന്നു.
എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പല ഡോക്ടർമാരും സ്റ്റെതസ്കോപ്പ് ഉപയോഗിക്കുകയും ഇതിലൂടെ കൃത്യമായി രോഗനിർണ്ണയം ചെയ്യുന്നുണ്ട്. ഗൗരവമുള്ള ഹൃദ്രോഗാവസ്ഥയുണ്ടെങ്കിൽ മാത്രമേ അവർ എക്കോകാർഡിയോഗ്രാഫി പോലെയുള്ളവ ശുപാർശ ചെയ്യുന്നുള്ളു. സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് രോഗിയെ പരിശോധിക്കുകയും ഇതിലൂടെ ലഭിക്കുന്ന ഫലങ്ങൾ എക്കോകാർഡിയോഗ്രാഫിയുമായി താരതമ്യം ചെയത് കൃത്യത സാധൂകരിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. രോഗിയുടെ ചരിത്രവും ശാരീരിക പരിശോധനയും കൃത്യമായ രോഗനിർണയത്തിൽ എത്തിച്ചേരുന്നതിനായി ഡോക്ടർമാർ ആശ്രയിച്ചിരുന്ന പരമ്പരാഗത സംവിധാനങ്ങളാണ്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ വരവോടെ അടുത്ത കാലത്തായി ഹൃദ്രോഗമുള്ള രോഗികളിൽ ശാരീരിക പരിശോധനയുടെ പ്രാധാന്യം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. എന്നാൽ ഔട്ട് പേഷ്യൻറ് ക്ലിനിക്കുകളിലെ രോഗികളെ പരിശോധിക്കുന്നതിന് സാധാരണ സ്റ്റെതസ്കോപ്പ് ഉപയോഗം ഒരു ഫലപ്രദമായ മാർഗമാണെന്ന് ഞങ്ങളുടെ പഠനം കണ്ടെത്തി. കുട്ടികളിലുണ്ടാവുന്ന ഹൃദ്രോഗങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിന് സ്റ്റെതസ്കോപ്പ് ഉപയോഗിച്ചുള്ള ശാരീരിക പരിശോധനകൾ വളരെ ഫലപ്രദമാണ്.
സാധാരണ ഹൃദയങ്ങളെയും അസാധാരണമായ പ്രവർത്തനമുള്ളവയെയും 95 ശതമാനത്തിനു മുകളിൽ കൃത്യതയോടെ വേർതിരിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. ശരിയായ സ്റ്റെതസ്കോപ്പ് പ്രയോഗത്തിലൂടെ എക്കോകാർഡിയോഗ്രാഫി പോലെയുള്ള ചെലവേറിയ പരിശോധനകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ചിലവ് ഗണ്യമായി കുറയ്ക്കാനുമാകും. ഇത്തരമൊരു കണ്ടെത്തൽ ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ പ്രാധാന്യമുള്ളതാണ്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ജന്മനാലുള്ള ഹൃദയസങ്കീർണതകൾക്ക് പ്രാഥമിക പരിശോധന വളരെ പ്രയോജനകരമാണെന്നും ഈ പഠനം അടിവരയിടുന്നു. ഔട്ട്പേഷ്യൻറ് സംവിധാനങ്ങളിൽ സ്റ്റെതസ്കോപ്പ് വളരെ വിശ്വസനീയമാണെന്ന് ഇത് തെളിയിച്ചിട്ടുണ്ട്. അതെ സമയം ഇൻപേഷ്യൻറ് സംവിധാനത്തിലും, ഹൃദ്രോഗമുണ്ടെന്ന് സംശയിക്കുന്ന നവജാതശിശുക്കളിലും ഹൃദയം പരിശോധിക്കുന്നതിലും സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നതിലും ഡോക്ടർമാർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്ത സാഹചര്യത്തിലും ഇവ ബാധകമായേക്കില്ല”. ഡോ. ആർ. കൃഷ്ണകുമാർ വ്യക്‌തമാക്കി. സ്റ്റെതസ്കോപിന് ഒരു ചരമക്കുറിപ്പെഴുതാൻ സമയമായിട്ടില്ലെന്നാണ് ഈ പഠനം തെളിയിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പീഡിയാട്രിക് വിഭാഗം പ്രൊഫസർ ഡോ . മനുരാജ് പറഞ്ഞു. 

Eng­lish Sum­ma­ry: A stan­dard stetho­scope test can detect heart defects in chil­dren with 95% accu­ra­cy, study finds

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.