അനശ്വര രക്തസാക്ഷി ജയപ്രകാശിന്റെ സ്മരണകളിരമ്പുന്ന കുടപ്പനക്കുന്നിലെ ചുവന്ന മണ്ണിൽനിന്നും സിപിഐ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണത്തെ ആവേശോജ്ജ്വലമായി നാട് വരവേറ്റു. സിപിഐ ദേശീയ കൗൺസിൽ അംഗവും മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി വസന്തം മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി.1991ലെ യുഡിഎഫ് ഭരണകാലത്തെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന യുവജന പ്രക്ഷോഭത്തിൽ പൊലീസ് വെടിവയ്പിൽ മരണമടഞ്ഞ ധീര രക്തസാക്ഷി ജയപ്രകാശിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണം ആരംഭിച്ചത്. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയിൽ കനത്ത മഴയെ അവഗണിച്ചുകൊണ്ട് ചെങ്കൊടിയേന്തി നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് ജയപ്രകാശിന്റെ ധീരമായ സ്മരണ പുതുക്കിയത്.
ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, അഡ്വ. ഇന്ദിര രവീന്ദ്രൻ, രാഖി രവികുമാർ, ബി ശോഭന തുടങ്ങിയവർ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് മുരുകൻ നന്ദിയും പറഞ്ഞു.
അഡ്വ. പി വസന്തത്തിന്റെ നേതൃത്വത്തിൽ അത്‍ലറ്റുകളുടെ അകമ്പടിയോടെയാണ് വഴുതക്കാടുള്ള സംസ്ഥാന സമ്മേളന നഗരിയിലേക്ക് ദീപശിഖ പ്രയാണം ആരംഭിച്ചത്. യാത്രയിലുടനീളം ഇരുവശങ്ങളിലും പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ദീപശിഖജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. സമ്മേളനനഗരിയിലേക്കുള്ള വഴിയിലെ ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ദീപശിഖ പ്രയാണത്തിന് ലഭിച്ചത്. പ്രവർത്തകരും പാർട്ടി പ്രതിനിധികളും മുദ്രാവാക്യം മുഴക്കിയാണ് ദീപശിഖ പ്രയാണത്തെ എതിരേറ്റത്. തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ സ്ഥാപിച്ചു. ഇനി സമ്മേളനനഗരിയുടെ പ്രകാശമായി ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പകർന്ന ദീപശിഖ ജ്വലിച്ച് നിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.