23 December 2024, Monday
KSFE Galaxy Chits Banner 2

ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെടുന്ന സമ്പദ്ഘടന

Janayugom Webdesk
October 9, 2022 5:00 am

‘ജനങ്ങളുടെയും ഇന്ത്യൻ ബൂർഷ്വാസിയിലെ തന്നെ വിശാല വിഭാഗങ്ങളുടെയും ചെലവിൽ സമ്പന്നരായ വൻകിട കുത്തകകളുടെ കൈകളിൽ അവരെ സാമ്പത്തിക ശക്തിയാക്കി മൂലധനം കേന്ദ്രീകരിക്കുന്നത് മുതലാളിത്ത വികസന പാതയിലെ വിനാശകരമായ ഫലങ്ങളിലൊന്നാണ്…’ 2015 മാർച്ച് 25–29ന് പുതുച്ചേരിയിൽ നടന്ന സിപിഐ 22-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പരിപാടിയിൽ പറയുന്നു. ചിലരിൽ മാത്രം കേന്ദ്രീകരിച്ചാണ് ധനമൂലധനത്തിന്റെ പ്രയാണം. വിവിധ ശക്തികളുടെ ലയനം ഉണ്ടാകുമ്പോൾ മാത്രമാണ് ധനമൂലധനം അതിന്റെ സ്വഭാവം രൂപപ്പെടുത്തുന്നത്. സംവിധാനങ്ങളുടെ കേന്ദ്രീകരണം ഇതിന് വേഗത നൽകുന്നു. ഫലമോ കുത്തകവല്ക്കരണ പ്രക്രിയ കടുക്കുന്നതിനൊപ്പം വിഭവങ്ങൾ ഒരു വശത്ത് കുമിഞ്ഞുകൂടുന്നു. ഈ പ്രക്രിയയിൽ, ചെറുകിട‑ഇടത്തരം വ്യവസായങ്ങളും കൃഷിയും ഗ്രാമീണ‑നഗര പ്രദേശങ്ങളിലെ ഇതര ഉല്പാദന കേന്ദ്രങ്ങളും നശിക്കുന്നു. ദശലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടുന്നു, വ്യവസായങ്ങൾ അവസാനിക്കുന്നു, തൊഴിൽ നിരക്ക് കുറയുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും നശിക്കുന്നു. ആൾക്കൂട്ടങ്ങൾ വിശപ്പടക്കാൻ വഴിതേടി മൈലുകൾ നടക്കുന്നു. കിട്ടുന്ന തൊഴിലുകൾ പട്ടിണിക്കു പരിഹാരമാകുന്നതുമില്ല. ഇതേ പ്രതിസന്ധിയാണ് ഇടത്തരം തൊഴിലാളികളും സംരംഭകരും നേരിടുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. തൊഴിൽ ശക്തിയുടെ ഗതി പിന്നിലേക്കാണ്. ഇത് സമ്പദ്‌വ്യവസ്ഥയിലെ തൊഴിൽ പങ്കാളിത്തം താളം തെറ്റിച്ചു. ഭയാനകമാംവിധം ഇടിഞ്ഞു താഴുകയും ചെയ്തു.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ രണ്ടു ദശലക്ഷം കുറഞ്ഞ് 394.6 ദശലക്ഷത്തിലെത്തി. 2022 ഓഗസ്റ്റിൽ ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയർന്നു. 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണിത്. ജൂലൈയിൽ, തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനവും തൊഴിലില്ലായ്മ 397 ദശലക്ഷവുമായിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിലെ പുനരുജ്ജീവനത്തിനുതകുന്ന സാമ്പത്തിക പുനരുജ്ജീവനവും ഇന്ത്യക്ക് ഇന്ന് അനിവാര്യമാണ്. സമ്പത്തിന്റെ 70 ശതമാനവും ഇപ്പോൾ പത്ത് ശതമാനത്തിന്റെ കൈകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ഡൗണിന്റെ നാളുകളിലും തുടർന്നും പട്ടിണിയും ദാരിദ്ര്യവും മരണനിരക്കും പെരുകുന്നു. ധനമൂലധനത്തിന്റെ കേന്ദ്രീകരണത്തിന് മഹാമാരിക്കാലം വഴിയൊരുക്കി. ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വഴുതിവീണപ്പോൾ, സാമ്പത്തിക ഭീമന്മാർ മുമ്പെങ്ങുമില്ലാത്ത വിധം സ്വത്ത് സമാഹരിച്ചു. മുഖ്യമായും ഊഹക്കച്ചവടത്തിലൂടെയായിരുന്നു ഇത്. ഇങ്ങനെ, അതിവേഗതയിലുള്ള സമ്പത്തിന്റെ ശേഖരണവും ചിലരിൽ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്ന ദുരവസ്ഥയും ലോകത്തിന് പരിചിതമായിരുന്നില്ല. സമ്പദ്‌വ്യവസ്ഥയുടെ തളർച്ചയ്ക്കാണ് ഇത് വഴിയൊരുക്കിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട പുതിയ കണക്കിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഓഗസ്റ്റിൽ 7.62 ശതമാനമായിരുന്നു.


ഇതുകൂടി വായിക്കൂ: അഡാനിയുടെ വളര്‍ച്ചയും ചങ്ങാത്ത മുതലാളിത്തവും  


ജൂലൈയിൽ 6.69 ശതമാനവും 2021 ഓഗസ്റ്റിൽ 3.11 ശതമാനവുമായിരുന്നു ഇതിന്റെ ക്രമം. പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലക്കയറ്റത്തിന്റെ നിരക്ക് പത്തുശതമാനത്തിൽ അധികരിച്ചു. ഇന്ധന ഊർജനിരക്കുകളിലെ കുതിപ്പും ചേരുമ്പോൾ സാധാരണക്കാരന്റെ ജീവിതം അസാധ്യമായി. വിലക്കയറ്റം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി സർക്കാർ മടിക്കുകയാണ്. ഭരണകൂടത്തിന്റെ വികലമായ നയങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തടസമായി. ആശങ്കാജനകമാണ് ഭക്ഷ്യവിലക്കയറ്റ നിരക്ക്. നോട്ട് നിരോധനം തുടങ്ങിയുള്ള വികല നടപടികൾ ആഭ്യന്തര ബജറ്റുകൾ പൊളിച്ചു. സമ്പദ്‌വ്യവസ്ഥയിൽ പാലിക്കേണ്ട എല്ലാ അനിവാര്യതകളും കേന്ദ്രത്തിന് അനാവശ്യ നടപടികളായി. കേന്ദ്രസർക്കാര്‍ ജനങ്ങളുടെ ദുരിതങ്ങളുടെ മേൽ കണ്ണടയ്ക്കുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കണക്കുകളെ മറയ്ക്കുകയും ചെയ്തു. സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കുന്നതിനൊപ്പം സംഭവിക്കാത്ത വളർച്ച ഉയർത്തിക്കാട്ടുന്നതിനുമായിരുന്നു ശ്രമം. ഉല്പാദന പ്രക്രിയ താളംതെറ്റുകയും കുത്തകകൾ നേട്ടങ്ങൾ കൊയ്ത് വികസിക്കുകയും ചെയ്യുമ്പോൾ കുത്തക മുതലാളിത്തവും കുത്തക മൂലധനവും കരുത്താർജിക്കുന്നു. വൈരുധ്യാത്മകതയുടെ പരിണാമമാണ് ഇത്. പഴയതും പുതിയതുമായ സവിശേഷതകൾ ചേരുന്ന കുഴഞ്ഞുമറിഞ്ഞ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു. വികസനം എല്ലായ്പ്പോഴും ആപേക്ഷികമാണ്. പുതിയ ഇടങ്ങൾ കണ്ടെത്തുമ്പോൾ മാത്രമാണത് പ്രസക്തമാകുന്നത്.

കുത്തകവല്ക്കരണം കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ട് പോകുമ്പോൾ, മുൻഗണനകളില്ലാത്ത ഒരു പുതിയ സാമൂഹിക‑സാമ്പത്തിക യാഥാർത്ഥ്യം ഉയർന്നുവരും. രാജ്യത്തിന്റെ വർത്തമാന സാഹചര്യം ഇതിന് സാക്ഷിയാണ്. ഈ പ്രതിഭാസം അഭൂതപൂർവവും പുതിയതുമാണ്. ഇതിന് പുതിയ അടിസ്ഥാനങ്ങളുണ്ട്. ശാസ്ത്ര‑സാങ്കേതിക വിപ്ലവത്തിലേക്ക് നീങ്ങുകയും കുത്തക ഇതര വിഭാഗങ്ങളിൽ നവീനമായ രീതിയിൽ ജനാധിപത്യവല്ക്കരണം സാധ്യമാക്കുന്ന അനുകൂല ശക്തികൾ വികസിക്കുകയും ചെയ്യുന്നു. മറുവശത്ത്, മൂലധനത്തിന്റെ കേന്ദ്രീകരണത്തോടൊപ്പം, മൂലധനം ഉല്പാദനത്തിൽ നിന്നും ഊഹക്കച്ചവടത്തിലേക്കും ഓഹരി വിപണിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതാകട്ടെ വൈരുധ്യങ്ങളുടെ മൂർച്ച കൂട്ടുന്നു. സാമ്രാജ്യത്വത്തെക്കുറിച്ചും ധനമൂലധനത്തെക്കുറിച്ചും എഴുതിയപ്പോൾ, മഹാനായ ലെനിൻ കുത്തക ഇതര വിഭാഗങ്ങളുടെ വ്യഥ ദൃശ്യവല്ക്കരിച്ചു. ഈ വെല്ലുവിളിയെ നേരിടാൻ ഐക്യത്തിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സാമൂഹിക ജനാധിപത്യ തന്ത്രങ്ങൾ’ എല്ലാ വിഭാഗങ്ങളുടെയും ഐക്യത്തിനായുള്ള ജനാധിപത്യ വിപ്ലവത്തിന്റെ തിരക്കഥയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 2015ൽ അംഗീകരിച്ച പരിപാടിയിൽ ജനാധിപത്യ വിപ്ലവം എന്ന ആശയം വിശദമാക്കുന്നു’, ഇത് ജന്മിത്ത വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവുമാകണം’ (ഖണ്ഡിക 9.1) പാർട്ടി ഊന്നിപ്പറയുന്നു.

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.