23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

ലോകത്ത് 1.5 കോടി ആളുകള്‍ക്ക് സ്ട്രോക്ക് വരുന്നു, 50 ലക്ഷംപേര്‍ക്ക് സ്ഥിര വൈകല്യവും: ചെയ്യേണ്ടതെന്ത് ? ഡോക്ടര്‍ പറയുന്നു

ഡോ. ആനന്ദ് രാജ 
October 25, 2022 3:23 pm

‘സ്‌ട്രോക്ക്’ എന്ന പദത്തിന്റെ അര്‍ത്ഥം ‘പ്രഹരം’ എന്നാണ്. ഈ അവസ്ഥ ഒരു വ്യക്തിയുടെ ശരീരത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന പ്രഹരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ലോകത്താകമാനം ഏകദേശം 1.5 കോടി ആളുകള്‍ക്ക് ഓരോ വര്‍ഷവും സ്‌ട്രോക്ക് വരികയും അതില്‍ ഏകദേശം 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും ചെയ്യുന്നു.
സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം മസ്തിഷ്‌കത്തിലേക്കുള്ള രക്തചംക്രമണം കുറയുമ്പോഴാണ് ഉണ്ടാകുന്നത്. തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനക്ഷയത്തിനും തന്മൂലം ചലന വൈകല്യം ഉള്‍പ്പെടെയുള്ള അനവധി ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകുന്നു. വൈകല്യത്തിന്റെ തലങ്ങളും ഏറ്റക്കുറച്ചിലുകളും തലച്ചോറിന്റെ ഏതു ഭാഗത്താണ് ആഘാതം ഉണ്ടായത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സ്‌ട്രോക്കിനു ശേഷം പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ സാധിക്കും. പക്ഷേ ഈ ‘റിക്കവറി’ അഥവാ പുനസ്ഥാപനം തലച്ചോറില്‍ കോശങ്ങള്‍ നശിച്ചതിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിക്കും. ഒരു വശത്ത് പൂര്‍ണ്ണമായ പുനസ്ഥാപനം ഉണ്ടാകുമ്പോള്‍ മറ്റൊരു വശത്ത് യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല. ഓരോ വ്യക്തിയിലും ഫംഗ്ഷണല്‍ റിക്കവറി അഥവാ പ്രാവര്‍ത്തിക പുനഃസ്ഥാപനം എത്രത്തോളം ഉണ്ടാകും എന്നത് സ്‌ട്രോക്ക് ബാധിച്ച ആദ്യത്തെ ആഴ്ചകളില്‍ തന്നെ മുന്‍കൂട്ടി പറയാന്‍ സാധിക്കും.
സ്‌ട്രോക്ക് വന്ന രോഗി അത്യാസന്ന നില തരണം ചെയ്താലുടന്‍ ‘റീഹാബിലിറ്റേഷന്‍’ അഥവാ ‘പുനരധിവാസം’ ആരംഭിക്കാവുന്നതാണ്. സ്‌ട്രോക്ക് വന്ന് ആദ്യത്തെ മൂന്നു മുതല്‍ ആറു മാസമാണ് ഏറ്റവും അധികം പുനസ്ഥാപനം സംഭവിക്കുക. ഇതിനെ ‘ഗോള്‍ഡന്‍ പിരീഡ്’ അഥവാ ‘സുവര്‍ണ്ണ കാലാവധി’ എന്നു പറയുന്നു. അതിനു ശേഷവും 18 മാസത്തോളം കുറഞ്ഞ തോതില്‍ പുനസ്ഥാപനത്തിനുള്ള സാദ്ധ്യതയുണ്ട്. ഇങ്ങനെ പുനസ്ഥാപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ രോഗിയുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ രോഗിയെ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് റീഹാബിലിറ്റേഷന്‍.

സ്‌ട്രോക്കിനു ശേഷം സാധാരണയായി കാണാറുള്ള വൈകല്യങ്ങള്‍ ഇവയാണ്. ഒരു വശത്തെ ചലനശേഷിക്കുറവ്, സംസാര ശേഷിക്കുറവ്, ബോധവും ഓര്‍മ്മയിലും കുറവ്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, സ്പര്‍ശന ശേഷിക്കുറവ്, ബാലന്‍സ് — കോ ഓര്‍ഡിനേഷന്‍ കുറവ്, കാഴ്ചക്കുറവ്, നടക്കുന്ന രീതിയിലെ വ്യതിയാനം, വിഷാദ — ഉത്കണ്ഠ രോഗങ്ങള്‍ മുതലായവയാണ് ഏറ്റവും സാധാരണയായി കാണുന്നത്.

ഇത്തരത്തിലുള്ള വൈവിധ്യമായ ബുദ്ധിമുട്ടുകള്‍ ചികിത്സിക്കാനായി പ്രത്യേകമായി സജ്ജീകരിച്ച ‘സ്‌ട്രോക്ക് റീഹാബിലിറ്റേഷന്‍ യൂണിറ്റു‘കളില്‍ ചികിത്സ തേടുകയാണെങ്കില്‍ പരിണിതഫലം മെച്ചപ്പെട്ടതായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്‌ട്രോക്കിനു ശേഷം രോഗിക്ക് ട്രാക്കിയോസ്റ്റമി, ബവല്‍ — ബ്ലാഡര്‍ ശുശ്രൂഷ, തുടങ്ങി പലതരത്തിലുള്ള പരിചരണങ്ങള്‍ നല്‍കേണ്ടി വരും. അതു കൊണ്ട് തന്നെ പല വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആശുപത്രിയില്‍ ഒരു ഫിസിയാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ റീഹാബിലിറ്റേഷന്‍ എടുക്കുകയാണെങ്കില്‍ അനന്തരഫലം കൂടുതല്‍ നല്ലതായിരിക്കും.
മള്‍ട്ടി ഡിസിപ്ലിനറി സ്‌ട്രോക്ക് ടീമില്‍ ഫിസിയാട്രിസ്റ്റിനു പുറമേ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് — ലാംഗ്വേജ് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരും ഉണ്ടാകും.

രോഗികളില്‍ എത്രത്തോളം മെച്ചം വരാന്‍ സാദ്ധ്യതയുണ്ടെന്നതിനനുസരിച്ച് റീഹാബിലിറ്റേഷന്‍ ഗോള്‍ അഥവാ ലക്ഷ്യം തീരുമാനിക്കുന്നു. അതിനനുസരിച്ച് വ്യായാമങ്ങളും അവയുടെ തോതും നിശ്ചയിക്കുന്നു. പുനഃസ്ഥാപനത്തിനു തടസ്സമാകുന്ന ഘടകങ്ങളെ മാറ്റുകയും തലച്ചോറില്‍ കൂടുതല്‍ വ്യത്യാസമുണ്ടാക്കാന്‍ സാദ്ധ്യതയുള്ള ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസം പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയകളും അനുഷ്ഠാനങ്ങളും ആരംഭിക്കുന്നു എന്നുള്ളതും റീഹാബിലിറ്റേഷനില്‍ പെടുന്നു.

സ്‌ട്രോക്ക് ബാധിതരിയില്‍ 80% പേരിലും പലതോതില്‍ കാണുന്ന വൈകല്യം ചലനശേഷിക്കുറവാണ്. ആദ്യഘട്ടം മുതല്‍ റേഞ്ച് ഓഫ് മോഷന്‍ കൂട്ടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വ്യായാമങ്ങളും സ്‌ട്രെന്‍ത്തനിംഗ് വ്യായാമങ്ങളും ആരംഭിക്കുന്നതിനു പുറമേ മെച്ചമുണ്ടാകാന്‍ സാദ്ധ്യതയുള്ളവരില്‍ ‘കണ്‍സ്ട്രെയിന്റ് ഇന്‍ഡ്യുസ്ഡ് മൂവ്‌മെന്റ് തെറാപ്പി (Con­straint Induced Move­ment Ther­a­py)’ എന്ന ചികിത്സാ രീതി പരിശീലിപ്പിക്കുന്നു. ഇലക്ട്രോമയോഗ്രാഫിക് ബയോ ഫീഡ്ബാക്ക് തെറാപ്പിയാണ് മറ്റൊരു ചികിത്സ അല്ലെങ്കില്‍ പരിശീലന രീതി. വെര്‍ച്വല്‍ റീഹാബിലിറ്റേഷന്‍, റോബോട്ടിക് തെറാപ്പി, എന്നിവ പരിശീലനം കൂടുതല്‍ രസകരവും അതോടൊപ്പം തന്നെ കൂടുതല്‍ നേരം കൂടുതല്‍ ഉഗ്രതയോടെ ചെയ്യാനും രോഗിയെ സഹായിക്കുന്നു.

ചലനശേഷി പുനസ്ഥാപനം നടക്കുമ്പോള്‍ പല രോഗികളിലും പേശികള്‍ അമിതമായി കട്ടി പിടിക്കുന്ന ‘സ്പാസ്റ്റിസിറ്റി’ എന്ന അവസ്ഥ ഉണ്ടായേക്കാം. ഇത് മരുന്നും വ്യായാമവും ബോട്ടോക്‌സ് പോലുള്ള ഇഞ്ചക്ഷനുകള്‍ കൊണ്ട് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

ബാധിക്കപ്പെട്ട ഭാഗത്തെ തോളില്‍ വേദനയും സന്ധിയുടെ അനക്കം കുറയുന്നതുമായ ലക്ഷണങ്ങള്‍ ധാരാളം പേരില്‍ കാണാറുണ്ട്. ഇവ പെരി ആര്‍ത്രയ്റ്റിസ്, സബ്‌ലക്‌സേഷന്‍, കോംപ്ലക്‌സ് റീജണല്‍ പെയിന്‍ സിന്‍ഡ്രോം, തലാമിക് പെയിന്‍, സ്പാസ്റ്റിസിറ്റി എന്നിങ്ങനെ അനേകം കാരണങ്ങളാല്‍ ഉണ്ടാകാം. ഇവ നേരത്തെ തന്നെ കണ്ടെത്തി അനുചിത ചികിത്സ നല്‍കിയാല്‍ മാത്രമേ രോഗം ബാധിക്കപ്പെട്ട വശത്തെ തോളും കൈകളും രോഗി ഉപയോഗിക്കുകയുള്ളൂ. ഇത് വൈകും തോറും ‘ലേണ്‍ഡ് നോണ്‍ യൂസ് (Learnt Non Use)’ എന്ന പ്രതിഭാസത്താല്‍ പുനസ്ഥാപനത്തിന്റെ സാദ്ധ്യതയും തോതും കുറയും.

സ്‌ട്രോക്കിനു ശേഷം രോഗിയുടെ ഓര്‍മ്മയ്ക്കും ബോധാവസ്ഥയ്ക്കും കുറവ് സംഭവിച്ചേക്കാം. ഇതിനെ മറികടക്കാനുള്ള കൊഗ്‌നിറ്റീവ് പരിശീലനം പുനരധിവാസത്തിന്റെ ഭാഗമാണ്. സംസാരശേഷി ബാധിക്കപ്പെട്ടവര്‍ക്ക് സ്പീച്ച് തെറാപ്പി വഴി സംസാരശേഷി തിരികെ കൊണ്ടുവരികയോ അല്ലെങ്കില്‍ മറ്റു വിധങ്ങളിലൂടെ ആശയവിനിമയം നടത്താനുള്ള പരിശീലനം നല്‍കുന്നു. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സ്വാലോ തെറാപ്പിയും വിഷാദം — ഉത്കണ്ഠ രോഗമുള്ളവര്‍ക്ക് സൈക്കോളജി കൗണ്‍സിലിംഗും ഇതിനൊപ്പം നല്‍കുന്നു.

സ്‌ട്രോക്കിനു ശേഷം കൈകളിലോ കാലുകളിലോ ‘ഡീഫോര്‍മിറ്റി’ അഥവാ വൈരൂപ്യം വരുന്നവര്‍ക്ക് അത് അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെങ്കില്‍ സ്പ്ലിന്റ് അല്ലെങ്കില്‍ ഓര്‍ത്തോസിസ് വഴിയോ ശസ്ത്രക്രിയ വഴിയോ അതിന്റെ ബുദ്ധിമുട്ട് മാറ്റുകയും ചെയ്യുന്നു.

നടക്കാനുള്ള ‘ഗൈറ്റ്’ പരിശീലനം ട്രഡ്മില്‍ അല്ലെങ്കില്‍ പാരലല്‍ ബാറിന്റെ സഹായത്താല്‍ നല്‍കുന്നു. അസ്സിസ്റ്റീവ് ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ പരിശീലനവും ആവശ്യാനുസരണം നല്‍കുന്നു. രോഗികളുടെ വീട്ടില്‍ അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനും ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുവാനും വേണ്ട സജ്ജീകരണങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും അതിനുള്ള ഉപദേശങ്ങളും റീഹാബിലിറ്റേഷന്റെ ഭാഗമായി നല്‍കുന്നു.

സ്‌ട്രോക്ക് വന്ന വ്യക്തിയ്ക്ക് വീണ്ടും സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതയേറെയാണ്. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മരുന്നുകളും ക്രമീകരണവും വ്യായാമവും ജീവിതശൈലിയിലെ വ്യതിയാനങ്ങളും മറ്റും പുനരധിവാസ സമയത്ത് പരിശീലിപ്പിക്കുന്നു.

തലച്ചോറിലെ കോശങ്ങള്‍ക്ക് അതിവ്യാപകമായ ക്ഷതമേറ്റവര്‍ക്ക് പുനസ്ഥാപനം ഒട്ടും തന്നെ വരികയില്ല. എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണ്ണമായി ഒരു വശത്തെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ദൈനംദിന ജീവിത കര്‍മ്മങ്ങള്‍ പരസഹായ രഹിതമായി ജീവിക്കാനുള്ള പരിജ്ഞാനവും പരിശീലനവും റീഹാബിലിറ്റേഷന്‍ മുഖേന നല്‍കുന്നു.

ഏറ്റവും ഒടുവില്‍ നിലനില്‍ക്കുന്ന വൈകല്യം വച്ചുകൊണ്ട് തന്നെ വരുമാനം ഉണ്ടാക്കാവുന്ന ജോലികള്‍ അഭ്യസിപ്പിക്കുകയും അതിനായി കൗണ്‍സില്‍ ചെയ്യുകയെന്നതും പുനരധിവാസത്തിന്റെ വിശാല വിഭാവനയില്‍ പെടുന്നു.

സ്‌ട്രോക്ക് പുനരധിവാസം പരിവര്‍ത്തനാത്മകമായ ഒരു പ്രക്രിയയാണ്. ഇതിന്റെ ആദ്യന്തമായ ലക്ഷ്യം സ്‌ട്രോക്ക് സംബന്ധമായ വൈകല്യം കുറയ്ക്കുക എന്നതാണ്. റീഹാബിലിറ്റേഷന്‍ ഇത്തരം വൈകല്യം വന്നവരെ സ്വതന്ത്രമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.

ഡോ. ആനന്ദ് രാജ
കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.