22 December 2024, Sunday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിര് കടന്നു: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2022 10:33 pm

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാപരമായ അധികാരപരിധി ലംഘിക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാർട്ടികൾ നല്‍കുന്ന വാഗ്ദാനങ്ങൾ പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തി പാര്‍ട്ടി കത്ത് നല്കിയതായി അദ്ദേഹം അറിയിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത് കൗര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നിർദ്ദേശവും നിയന്ത്രണവും മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമായിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കാനുള്ള അധികാരം ഭരണഘടനയുടെ 327-ാം അനുച്ഛേദമനുസരിച്ച് പാർലമെന്റിനാണ്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ഫലം വരുന്നതുവരെ തുടരുകയും ചെയ്യും. സർക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ നയപരമായ കാര്യങ്ങളിൽ ഇടപെടാന്‍ കമ്മിഷന് അധികാരമില്ല. ഭരണഘടനയ്ക്ക് വിരുദ്ധമാകാത്ത വാഗ്ദാനങ്ങൾ നല്‍കിയാണ് പാർട്ടികൾ ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. മതത്തിന്റെയോ ഭാഷയുടെയോ പേരിലോ സമുദായസ്പര്‍ധ വളർത്തിയോ വോട്ട് ചോദിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. വ്യത്യസ്ത പാർട്ടികൾക്ക്‌ വ്യത്യസ്ത മുൻഗണനകളായതിനാൽ നയവും ചെലവുകളും വ്യത്യസ്തമായിരിക്കും. ജനങ്ങൾക്ക് നല്കുന്ന സൗജന്യങ്ങള്‍ക്കുള്ള ധന സ്രോതസുകള്‍ വിവിധ പാർട്ടികൾ വ്യത്യസ്തമായാണ് കണ്ടെത്തുക.

തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും വിതരണം ചെയ്യുന്നതും നയപരമായ തീരുമാനമാണെ ന്ന് ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയിൽ കമ്മിഷന്‍ ബോധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെ പരിഗണനയിലുമാണ്. ഇക്കാര്യത്തില്‍ അന്തിമ വ്യാഖ്യാതാവ് ബന്ധപ്പെട്ട വോട്ടർമാരാണെന്ന് സിപിഐ കരുതുന്നു. രാഷ്ട്രീയ പാർട്ടികൾ അജണ്ടയുമായി വോട്ടർമാരിലേക്ക് എത്തുന്നതിനെ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കരുത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും ഭരണത്തെയും വിമർശിക്കുന്നത് പ്രതിപക്ഷ പാർട്ടികളുടെ ജോലിയാണ്, അത് അവർക്ക് വിട്ടുകൊടുക്കണം. 

പല സര്‍ക്കാര്‍ പദ്ധതികളും പൗരന്മാരെ- പ്രത്യേകിച്ച്, സ്ത്രീകൾ, കുട്ടികൾ പിന്നാക്കവിഭാഗക്കാര്‍ തുടങ്ങിയവരെ- ശക്തരാക്കുക എന്നതിനുള്ളതാണ്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നൽകുന്നതിനും ഇന്റർനെറ്റ് നൽകുന്നതിനുമുള്ള ചെലവുകളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല. ഒരു പൗരന് ആവശ്യമായ നിക്ഷേപം ആണത്. സാമൂഹിക മേഖലയിൽ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം പട്ടിണി പോലുള്ള വിനാശകരമായ ഫലങ്ങളുണ്ടാക്കും. നമ്മുടെ പ്രധാനമന്ത്രി സൗജന്യങ്ങളെ ‘റെവിഡി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത് ഖേദകരമാണ്. സൗജന്യവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തില്‍ അവിഭാജ്യമാണ് എന്ന കമ്മിഷന്റെ നിരീക്ഷണം സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ പാർട്ടികൾ നല്‍കുന്ന വാഗ്ദാനങ്ങൾ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം തെരഞ്ഞെടുപ്പിലെ പണാധിപത്യം വെട്ടിക്കുറയ്ക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. തെരഞ്ഞെടുപ്പിനുള്ള ധനസഹായം സംബന്ധിച്ച് ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി നൽകിയ ശുപാർശകൾ പരിഗണിക്കണമെന്നും ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Eng­lish Summary:Election Com­mis­sion has crossed the line: CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.