22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

റീ സർവേയിൽ ഡിജിറ്റൽ വിപ്ലവം

കെ രാജൻ
റവന്യു വകുപ്പ് മന്ത്രി
October 31, 2022 4:45 am

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ഡിജിറ്റൽ റീ സർവേ നവകേരള നിർമ്മിതിയിൽ ഒരു നിർണായക ചുവടുവയ്പാണ്. ഇത് കേരളത്തിന്റെ ഭാവി വികസന പാതയിൽ ഒരു നാഴികക്കല്ലാവും എന്ന കാര്യത്തിൽ സംശയമില്ല. നാലു വർഷംകൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോഡുകൾ തയാറാക്കി ഒരു സമഗ്ര ഭൂരേഖ തയാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കേരളത്തിന്റെ സർവേ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഐക്യകേരളം രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടു രാജ്യങ്ങളിൽ സർവേ പൂർത്തീകരിച്ച് സെറ്റിൽമെന്റ് രജിസ്റ്ററുകൾ തയാറാക്കിയിരുന്നു. തിരുവിതാംകൂറിൽ 1886 മുതൽ 1911 വരെയും കൊച്ചിയിൽ 1905 മുതൽ 1909 വരെയും മലബാറിൽ 1926 മുതൽ 1934 വരെയുമാണ് സർവേ സെറ്റിൽമെന്റ് നടന്നിട്ടുള്ളത്. കേട്ടെഴുത്തും കണ്ടെഴുത്തും പത്തടിക്കോലുകൊണ്ടുള്ള ഖസറ സർവേയും ഉപയോഗിച്ച് അക്കാലത്ത് തയാറാക്കിയ സർവേ സെറ്റിൽമെന്റ് രേഖകളാണ് ഇന്നും സംസ്ഥാനത്ത് ഭൂമി സംബന്ധിച്ച അടിസ്ഥാന രേഖയായി ഉപയോഗിക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്ക് കേരളം മാറ്റപ്പെട്ടതോടെ ധാരാളം ഭൂമി കൈമാറ്റങ്ങളും ക്രയവിക്രയങ്ങളും ഉണ്ടാവുകയും എന്നാൽ ഭൂസ്ഥിതിയിലെ മാറ്റങ്ങൾ സർവേ റെക്കോഡുകളിൽ ഉൾപ്പെടാതെ പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1966ൽ കേരളത്തിൽ റീ സർവേ നടപടികൾ ആരംഭിച്ചത്. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ അഭാവംകൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മകൊണ്ടും 56 വർഷം പിന്നിട്ടിട്ടും റീ സർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലുള്ള 1666ൽ 911 വില്ലേജുകളിൽ മാത്രമാണ് 56 വർഷത്തിനുള്ളിൽ റീ സർവേ നടപടികൾ നടന്നിട്ടുള്ളത്. ഇതിലും 91 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റലായി സർവേ നടന്നത്. ബാക്കി എല്ലാ വില്ലേജുകളിലും പരമ്പരാഗത സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് സർവേ നടത്തിയവയാണ്. ഈ രീതിയിൽ സർവേ തുടരുകയാണെങ്കിൽ റീസർവേ പൂർത്തീകരിക്കുന്നതിന് ഇനിയും 50 വർഷം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും കേരള സർക്കാർ തീരുമാനിച്ചത്. നിലവിൽ ഡിജിറ്റലായി സർവേ നടന്ന 91 വില്ലേജുകളിലും ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്ന 25 വില്ലേജുകളിലും ഒഴികെ ഇതിനകം പരമ്പരാഗത സർവേ നടത്തിയതടക്കമുള്ള 1550 വില്ലേജുകളിലും നാല് വർഷത്തിനകം ഡിജിറ്റലായി സർവേ നടത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


ഇതുകൂടി വായിക്കൂ: സേവനങ്ങളുടെ ഡിജിറ്റൽ കാലം വരവായി


അത്യാധുനിക സർവേ ഉപകരണങ്ങളായ സിഒആര്‍എസ്, ആര്‍ടികെ-റോവര്‍, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും സർവേ നടത്തുന്നത്. ഇതു കൂടാതെ സംസ്ഥാനത്ത് പത്തു ശതമാനം വരുന്ന തുറസായ പ്രദേശങ്ങളിൽ ഡ്രോൺ അധിഷ്ഠിത സർവേ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ജിപിഎസ് ടവറാണ് സിഒആര്‍എസ്. സാറ്റ്‌ലൈറ്റിൽ നിന്നും ലഭിക്കുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിൽ സിഒആര്‍ സ്റ്റേഷനിൽ നിന്നുള്ള സിഗ്നലുകൾ കൂടി പ്രയോജനപ്പെടുത്തി ഭൂമിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്നതിനാണ് ആര്‍ടികെ മെഷീനുകൾ ഉപയോഗിക്കുന്നത്. സ്വയമേവ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ മെഷീനുകളാണ് റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ. ഈ ആധുനിക ഉപകരണങ്ങൾ വഴി വിസ്തീർണം കണക്കാക്കി ഭൂമിയുടെ രേഖാചിത്രം തത്സമയം തന്നെ ഭൂ ഉടമയ്ക്ക് നല്കാൻ കഴിയും. സർവേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യു വകുപ്പിന് കൈമാറുന്നതിന് മുമ്പുതന്നെ ഇതിന്റെ കരട് ഭൂ ഉടമയ്ക്ക് കാണാനും അതിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉന്നയിക്കാനും അവസരം ലഭിക്കും എന്നുള്ളതുകൊണ്ട് സർവേ പൂർത്തീകരണത്തിന് ശേഷമുള്ള പരാതികൾ ഒഴിവാക്കാൻ കഴിയും. സംസ്ഥാനത്ത് റവന്യു, സർവേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളാണ് പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. റവന്യു ഭരണത്തിന്റെ ഭാഗമായി റെല്‍ഐഎസ് എന്ന സോഫ്റ്റ്‌വേറും ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനായി രജിസ്ട്രേഷൻ വകുപ്പിൽ പേള്‍ എന്ന സോഫ്റ്റ്‌വേറും സർവേ മാപ്പുകൾ തയാറാക്കുന്നതിന് ഇ‑മാപ്സ് എന്ന സോഫ്റ്റ്‌വേറുമാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഇത്തരത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുകിടക്കുകയാണ് ഭൂ സംബന്ധമായ സേവനങ്ങൾ. ഡിജിറ്റൽ സർവേ പദ്ധതി പൂർത്തിയാകുന്നതോടെ ഈ വകുപ്പുകളുടെ ഭൂ സംബന്ധമായ സേവനങ്ങൾ സംയോജിപ്പിച്ച് ഒരു ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും ഇതോടെ പൂർണമായും സുതാര്യമാകും. ഇതിനായി ‘എന്റെ ഭൂമി’ എന്ന സമഗ്രമായ പോർട്ടൽ തയാറാക്കിയിട്ടുണ്ട്. www.entebhoomi. kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയാം. തുടർന്ന് ലഭ്യമാകുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ വില്ലേജ് രേഖകളിൽ റെല്‍ഐഎസ് ഡാറ്റയിൽ ഉൾപ്പെട്ടുവന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ വിവരങ്ങൾ റെല്‍ഐഎസ് രേഖകളിൽ ഉൾപ്പെടാതിരിക്കുകയോ അല്ലെങ്കിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായോ ശ്രദ്ധയിൽപ്പെടുന്നപക്ഷം കരം തീരുവ, പട്ടയം/ആധാരം/കോടതി ഉത്തരവ് തുടങ്ങിയ അവകാശരേഖകളുടെ പകർപ്പുകൾ സഹിതം പ്രസ്തുത വിവരം അറിയിക്കുന്നതിനുമുള്ള സംവിധാനവും ടി പോർട്ടലിൽ നല്‍കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: റീസര്‍വേയുടെ പൂര്‍ത്തീകരണം


ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോടുകൂടിയുള്ള അളവും ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കണമെങ്കിൽ ഭൂ ഉടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. ഡിജിറ്റൽ സർവേ നടപടികൾ സംബന്ധിച്ച് ജനങ്ങളെ ബോധവല്ക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സർവേ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സർവേയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി കാണുന്ന വിധം തെളിച്ചിടുക, അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്തപക്ഷം സർവേയ്ക്ക് മുമ്പുതന്നെ അവ സ്ഥാപിക്കുക എന്നിവക്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. മുൻകാല സർവേ പ്രവർത്തനങ്ങളിൽ ഭൂ ഉടമസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതും ദീർഘകാലത്തിന് ശേഷം റെക്കോഡുകൾ പരസ്യപ്പെടുത്തി നടപടികൾ സ്വീകരിച്ചതും നിരവധി പരാതികൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ റീ സർവേ ഭൂ ഉടമസ്ഥരുടെ സാന്നിധ്യത്തിൽ നടത്താനാണ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സർവേ സഭ എന്ന പേരിൽ ഗ്രാമസഭകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽ സർവേ സഭകൾ പൂർത്തിയായി കഴിഞ്ഞു. ഡിജിറ്റൽ സർവേയുടെ പ്രാധാന്യവും പദ്ധതിയിൽ ജനങ്ങളുടെ പങ്കും ഡിജിറ്റൽ സർവേ പദ്ധതിയുടെ ഗുണങ്ങളും വിശദീകരിച്ച് വ്യക്തമായ മാർഗരേഖയും സർവേ സഭകളിൽ നല്കിയിട്ടുണ്ട്. സർവേ സഭകൾക്ക് ലഭിച്ച വൻ ജനപങ്കാളിത്തം തന്നെ ഡിജിറ്റൽ സർവേ പദ്ധതിയെ ജനങ്ങൾ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്. സ്വന്തം ഭൂമിയുടെ കൃത്യമായ അളവും, തർക്കമില്ലാത്ത അവകാശവും ഒരു പൗരന്റെ അവകാശമാണ്. ഭൂമിയുടെ കൈവശമാണ് ഉടമസ്ഥതയുടെ അടിസ്ഥാനം. നിലവിൽ ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം സർക്കാർ ഭൂമിയല്ലാത്തതും തർക്കമില്ലാത്ത കൈവശത്തോടു കൂടിയതുമായ അധിക വിസ്തീർണം കാണുന്ന സാഹചര്യത്തിൽ അതിനു കൂടി ഉടമസ്ഥത നല്കുന്ന നിയമം നമ്മുടെ സംസ്ഥാനത്ത് നിലവിലില്ല. ഇത്തരത്തിലുള്ള കൈവശങ്ങൾക്ക് കൂടി ഉടമസ്ഥത നല്കുന്ന ഒരു സെറ്റിൽമെന്റ് ആക്ട് സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ സ്വന്തം ഭൂമിയുടെ ഉടമസ്ഥത തെളിയിക്കേണ്ട ബാധ്യത അതത് ഭൂ ഉടമസ്ഥർക്കാണ്. എന്നാൽ ഡിജിറ്റൽ സർവേ രേഖകൾ അന്തിമമാകുന്നതോടു കൂടി ഭൂരേഖകൾ ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഒരു കൺക്ലൂസീവ് പ്രൂഫ് ആകുന്നതരത്തിലുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. നമ്മുടെ നാട്ടിലെ വ്യവഹാരങ്ങളിൽ ഏറിയ പങ്കും ഭൂമി സംബന്ധമായ തർക്കങ്ങളാണ്. ഇത്തരത്തിൽ ഒരു സെറ്റിൽമെന്റ് ആക്ട് വരുന്നതോടു കൂടി ഭൂമി സംബന്ധമായ വ്യവഹാരങ്ങൾ ഒരു പരിധി വരെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ: ജനക്ഷേമ‑വികസന നിലപാടുമായി എൽഡിഎഫ് സർക്കാർ ആറുമാസം പിന്നിട്ടു


ഡിജിറ്റൽ സർവേയിലൂടെ ലഭിക്കുന്ന ഭൂമിയുടെ ടോപ്പോഗ്രാഫിക് വിവരങ്ങൾ അടങ്ങുന്ന ഈ സമഗ്ര രേഖ കേരളത്തിന്റെ ഭാവി വികസനത്തിനും ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2021ലെ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത്, കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ച പ്രകടനപത്രികയിൽ നല്‍കിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി നടപ്പിലാക്കിവരികയാണ്. നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്കുകൂടി വികസനത്തിന്റെ രുചിയും ഗുണവും അനുഭവവേദ്യമാകണമെന്നും സർക്കാരിന് ആഗ്രഹമുണ്ട്. കേരളത്തിലെ ഭൂമി ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി സേവനങ്ങളെല്ലാം ഓൺലൈൻ ആക്കി പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്ന ഈ ഘട്ടത്തിൽ ഏവരുടെയും പിന്തുണയും സഹകരണവും സർക്കാരിന് ആവശ്യമുണ്ട്. കേരളീയരുടെ കലവറയില്ലാത്ത സഹായസഹകരണങ്ങൾ തന്നെയാണല്ലോ സർക്കാരിന്റെ കരുത്തും ഊർജവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.