27 July 2024, Saturday
KSFE Galaxy Chits Banner 2

റീസര്‍വേയുടെ പൂര്‍ത്തീകരണം

Janayugom Webdesk
March 19, 2022 5:00 am

അഴിച്ചിട്ടും അഴിച്ചിട്ടും അഴിയാത്ത കുരുക്കുപോലെ തുടരുകയാണ് സംസ്ഥാനത്തെ റീസര്‍വേ. ഇപ്പോഴത്തെ സാഹചര്യത്തില്‍ റീസര്‍വേ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ദശകങ്ങള്‍ വേണ്ടിവരുമെന്നാണ് സ്ഥിതി. രാജവാഴ്ചക്കാലത്തും ബ്രിട്ടീഷ് ഭരണകാലത്തുമൊക്കെ ആയിരുന്നു, പിന്നീട് ഐക്യകേരളത്തിന്റെ ഭാഗമായി മാറിയ പ്രദേശങ്ങളില്‍ സര്‍വേയും ഭൂവിസ്തൃതി നിര്‍ണയവും നടന്നത്. സ്വാതന്ത്ര്യം നേടി ഭാഷാ സംസ്ഥാന രൂപീകരണം നടന്നിട്ടും അതില്‍ മാറ്റമുണ്ടായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രീകൃത രീതിയില്‍ നിന്നും വിഭജിക്കപ്പെട്ടതോടെയും ജീവനോപാധിയും വിനിമയോപാധിയുമായി മാറിയതോടെയും അളവും വിസ്തൃതിയും പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം ശക്തമായി. അങ്ങനെ 1966ലാണ് കേരളത്തില്‍ റീസര്‍വേ പ്രക്രിയ ആരംഭിച്ചത്. നിശ്ചിത വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന ധാരണയിലാണ് സര്‍വേയ്ക്ക് പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കിയത്. 1961ലുണ്ടാക്കിയ കേരള സര്‍വേസ് ആന്റ് ബൗണ്ടറീസ് ആക്ട് 1964ല്‍ പരിഷ്കരിച്ചാണ് സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാലത്തുണ്ടായിരുന്ന ഭൂബന്ധങ്ങളുടെയും വിസ്തൃതിയുടെയും അടിസ്ഥാനത്തിലുള്ള ജോലിക്കായി ജീവനക്കാരെയും സംവിധാനങ്ങളും ഒരുക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും വേണ്ടത്ര വേഗതയുണ്ടായില്ല. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ നടപ്പിലാക്കിയ സമഗ്രമായ ഭൂപരിഷ്കരണത്തിന്റെ ഫലമായി ഭൂബന്ധങ്ങളിലും വിസ്തൃതിയിലും അതിര്‍ത്തികളിലും പിന്നെയും മാറ്റങ്ങളുണ്ടായി. ഇത് റീസര്‍വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ പുനര്‍നിര്‍ണയം ആവശ്യമാക്കി. അതോടൊപ്പം ഒരുപറ്റം ജീവനക്കാരുടെ ശുഷ്കാന്തിയില്ലായ്മയും നിക്ഷിപ്ത താല്പര്യങ്ങളും കൂടിചേര്‍ന്ന് റവന്യു രേഖകളില്‍ പുതിയ പ്രശ്നങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കി. അതുകൊണ്ടുതന്നെ റീസര്‍വേ പ്രക്രിയ പണിതീരാത്ത വീടുപോലെ നിലകൊണ്ടു. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ നല്കിയ മറുപടി. 1966 ല്‍ ആരംഭിച്ച പദ്ധതിയിലൂടെ നാളിതു വരെ 1666 വില്ലേജുകളുള്ളതില്‍ 911 ലാണ് റീസര്‍വേ ചെയ്യാനായത് എന്നായിരുന്നു മന്ത്രിയുടെ മറുപടിയിലുള്ളത്. പുതിയ കാലത്തെ നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് തന്നെ പത്ത്- പതിനഞ്ച് വര്‍ഷത്തോളമായി. ‍ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രകാരം പദ്ധതി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചിട്ടും വേഗതയുണ്ടായില്ലെന്നാണ് മനസിലാക്കേണ്ടത്. 89 വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റലായി സര്‍വേ ചെയ്തിട്ടുള്ളത്.


ഇതുകൂടി വായിക്കാം; ഭൂമി തരംമാറ്റല്‍: സ്വാഗതാര്‍ഹമായ ദൗത്യം


ഈ രീതി അവലംബിച്ചിട്ടുതന്നെ പത്തുവര്‍ഷത്തിലധികമായിട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന റവന്യുവകുപ്പ് ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ഇത്തരം കാലപരിധി നേരത്തെയുമുണ്ടായിരുന്നുവെങ്കിലും എന്തൊക്കെയോ കാരണങ്ങളാല്‍ വിജയം കണ്ടില്ല. ഇത്തവണ അതായിരിക്കില്ലെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് കരുതാവുന്നതാണ്. ഭൂമിയുടെ മൊത്ത വിസ്തൃതി കൂടിയില്ലെങ്കിലും തുണ്ടുവല്ക്കരണത്തെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളെയും തുടര്‍ന്ന് വന്‍ തോതിലുള്ള പരാതികളാണ് റീസര്‍വേ നടന്ന വില്ലേജുകളില്‍ ഉണ്ടായത്. 1,19,446 പരാതികളാണ് ഇപ്പോഴും നിലനില്ക്കുന്നത്. ഇതിൽ 61,943 കേസുകൾ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടതും 36,834 കേസുകൾ വിസ്തീർണവുമായി ബന്ധപ്പെട്ടതുമാണ്. പരാതിയുടെ ബാഹുല്യം കാരണം ജീവനക്കാരുടെ ജോലി പരിഗണന മാറുകയും സര്‍വേ പ്രക്രിയയുടെ വേഗക്കുറവിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് 1500 ഓളം സർവേയർമാരെയും 3200 ഹെൽപ്പർമാരെയും താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുമെന്നും അതുപോലെതന്നെ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലായി ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ചങ്ങല ഉപയോഗിച്ച് മാനുഷികമായി നടക്കുന്ന സര്‍വേയുടെ കാലത്തുണ്ടാക്കിയ നിയമമാണ് ഇപ്പോഴും നിലനില്ക്കുന്നത്. ആധുനിക സാങ്കേതികതയുടെ ഉപയോഗത്തിലൂടെ വേഗത്തിലും കൃത്യതയോടെയും റീസര്‍വേ നടത്തുന്നതിന് നിയമം കാലാനുസൃതമായി പരിഷ്കരിക്കുന്നത് ഉചിതമാണ്. എല്ലാ വിഭാഗവുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഭൂമിയും അതിന്റെ സംരക്ഷണവും. അതുകൊണ്ടുതന്നെ നടന്നുകഴിഞ്ഞ റീസര്‍വേയിലെ പ്രശ്നങ്ങളും നടക്കാനിരിക്കുന്ന വില്ലേജുകളിലെ ഭൂരേഖകള്‍ പഴയതായി കിടക്കുന്നതും എല്ലാ വിഭാഗത്തിനും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റൽ സർവേ പൂർത്തിയാക്കി സർവേ, റവന്യു, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂസംബന്ധമായ സേവനങ്ങൾ ഒരു പോർട്ടലിന് കീഴിൽ കൊണ്ട് വരുന്നത് വിപ്ലവകരമായിരിക്കും. അതിനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എങ്കിലും ഏത് പുരോഗമന പ്രവര്‍ത്തനത്തെയും തുരങ്കം വയ്ക്കുന്ന ചിലരുണ്ട്. ജീവനക്കാരിലെ ഒരു വിഭാഗം, ഭൂരേഖകളുടെ സങ്കീര്‍ണാവസ്ഥയെ മുതലെടുത്ത് നേട്ടമുണ്ടാക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ എന്നിവരെല്ലാം അക്കൂട്ടത്തില്‍ ഉണ്ടാകും. അവരെയെല്ലാം നിലയ്ക്കുനിര്‍ത്തി എത്രയുംവേഗം ആധുനിക രീതിയിലുള്ള റീസര്‍വേ പൂര്‍ത്തിയാക്കി ലക്ഷക്കണക്കിന് ഭൂരേഖ — അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.