20 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 21, 2024
August 17, 2024
July 22, 2024
June 24, 2024
January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023

കൃഷിവകുപ്പ് നേരിട്ട് പച്ചതേങ്ങ സംഭരിക്കും: മന്ത്രി പി പ്രസാദ്

അനിശ്ചിതത്വത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പിടിവാശി
Janayugom Webdesk
കോട്ടയം
November 3, 2022 9:36 pm

തേങ്ങ സംഭരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പിടിവാശിയാണെന്ന് മന്ത്രി പി പ്രസാദ്.
തേങ്ങ സംഭരണം കാര്യക്ഷമമാക്കാനായാൽ മേഖലയിലെ വിലയിടിവിന് ഒരു പരിധി വരെ സഹായകരമാവും. പച്ചത്തേങ്ങ സംഭരിക്കുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടി കൊപ്ര സംഭരിക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. ഇതിന് അനുവാദം ലഭിച്ചതിനെ തുടർന്ന് ടെൻഡർ വിളിക്കുകയും തുടർന്ന് കേരഫെഡ് വിവിധ സഹകരണ സംഘങ്ങൾ വഴി കൊപ്ര സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനായി ഡ്രെയർ സംവിധാനമുള്ള സഹകരണസംഘങ്ങളെ തെരഞ്ഞെടുത്ത് പരിശീലനവും നൽകി.  എന്നാൽ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ വഴിയുള്ള കൊപ്രസംഭരണം അനുവദിക്കാനാവില്ലെന്ന കേന്ദ്ര നിലപാടാണ് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതെന്ന് കോട്ടയം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് കൃഷിവകുപ്പ് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ 100 കേന്ദ്രങ്ങൾ വഴി തേങ്ങ സംഭരിക്കും. മതിയാവാത്ത കേന്ദ്രങ്ങളിൽ വാഹനങ്ങൾ ഏർപ്പെടുത്തി തേങ്ങ സംഭരിക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

വാല്യു ആഡഡ് മിഷൻ വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരുടെ വരുമാന വർധനവ് ഉറപ്പാക്കുക, കാർഷിക ഉല്പന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് വാല്യു ആഡഡ് മിഷൻ. 2806 കോടി രൂപയാണ് ഇതിന്റെ മുടക്ക്. പ്രാദേശിക താൽപ്പര്യം കൂടി കണക്കിലെടുത്ത് ഒരു കൃഷിഭവന് കീഴിൽ ഒരു മൂല്യവർദ്ധിത ഉൽപ്പന്നം എന്ന ലക്ഷ്യവുമായാണ് പ്രവർത്തനം. ഗുണനിലവാരം ഉറപ്പാക്കൽ, ബ്രാൻഡിങ്ങ് എന്നീ ലക്ഷ്യവുമായി കേരള അഗ്രോ ബിസിനസ് കമ്പനിയും രൂപപ്പെടുത്തും. പ്രാദേശിക ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൃഷിയും, മറ്റ് പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. 26000ത്തോളം കൃഷിക്കൂട്ടത്തിന് ഇതുവരെ രൂപം നൽകിക്കഴിഞ്ഞു. നെൽകൃഷിയിലെ കുറവ് പച്ചക്കറി, പഴം, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ തുക കർഷകരുടെ അക്കൗണ്ടിൽ അധികം വൈകാതെ എത്തുമെന്നും, കൊയ്ത്ത് തടസ്സമില്ലാതെ നടത്താൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനവും പ്രാദേശിക കൃഷി രീതികളും പരിഗണിച്ച് കാർഷിക കലണ്ടർ പുതുക്കും. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ യന്ത്രവത്കൃത സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനുവും മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Agri­cul­ture depart­ment will direct­ly pro­cure green coconut: Min­is­ter P Prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.