22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024

വിലക്കയറ്റം തടയാന്‍ : വിപണി ഇടപെടല്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
November 5, 2022 10:52 pm

വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍. പൊതുവിപണിയിലെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യത്തില്‍, പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ നല്‍കുകയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ പ്രവണതകള്‍ കണ്ടെത്തി തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് വിലക്കയറ്റം തടയാന്‍ ഫലപ്രദമായ ഇടപെടലുകള്‍ ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നയം കേരളത്തിലെ അരിവില വര്‍ധനവിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞമാസം വരെ 50 ശതമാനം പുഴുക്കലരിയും അമ്പത് ശതമാനം പച്ചരിയും എന്ന നിലയിലാണ് എഫ്‌സിഐയില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്. കേരളത്തിലെ എഫ്‌സിഐ ഗോഡൗണുകളിലെ സ്റ്റോക്കിന്റെ 75 ശതമാനവും പച്ചരിയാണെന്നാണ് കിട്ടുന്ന വിവരമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം കേരളത്തില്‍ പുഴുക്കലരിക്ക് വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും എഫ്‌സിഐ വഴി 50 ശതമാനം പുഴുക്കലരി ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്കും ഈ മാസം ഒന്ന് മുതല്‍ എട്ട് കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യുന്ന പദ്ധതിക്കും ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ജയ, കുറുവ, മട്ട, പച്ചരി എന്നി ഇനങ്ങളാണ് കാര്‍ഡ് ഒന്നിന് ആകെ 10 കിലോ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വരെ അരിവണ്ടികളില്‍ നിന്നും 39,694 കിലോ അരി സബ്സിഡി നിരക്കില്‍ വില്പന നടത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു താലൂക്കില്‍ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ സഞ്ചാരം ക്രമീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചയോടെ അരിവണ്ടിയിലൂടെയുള്ള അരി വിതരണം പൂര്‍ത്തീകരിക്കും. തുടര്‍ന്നും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ജനങ്ങളിലേക്ക് കുറഞ്ഞ വിലയില്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ വില്പനശാലകളിലൂടെ ഒരു വര്‍ഷം ശരാശരി 87,168 മെട്രിക്ക് ടണ്‍ അരി സബ്സിഡി ഇനത്തില്‍ വില്പന നടത്തിവരുന്നു. ഒരു മാസം ശരാശരി 35 ലക്ഷം കാര്‍ഡുടമകള്‍ സപ്ലൈകോയില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം‌ ഫലപ്രദമായി പിടിച്ചുനിര്‍ത്തിയത് കേരളം

കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയത് കേരളം. ഉപഭോക്തൃവില സൂചികയുടെ ദേശീയ ശരാശരി ഏപ്രില്‍-മേയ് മാസങ്ങളില്‍ 7.04 ആയിരിക്കുമ്പോള്‍ കേരളത്തിലേത് അഞ്ചിന് താഴെയായിരുന്നു. സെപ്റ്റംബര്‍ മാസം ഉപഭോക്തൃവില സൂചികയുടെ ദേശീയ ശരാശരി അഞ്ച് മാസത്തെ ഉയരത്തിലെത്തി 7.41 ആയിരിക്കെ കേരളത്തിലെ ഉപഭോക്തൃവില സൂചിക 6.45 ശതമാനമാണ്. ഗുജറാത്ത്, രാജ്യസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉപഭോക്തൃവില സൂചിക യഥാക്രമം 7.95, 7.45, 8.65, 8.03, 7.79 എന്നിങ്ങനെയാണ്. പൊതുവിപണിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ പൊതുവിതരണ സമ്പ്രദായവുമാണ് ഈ നേട്ടത്തിന് കേരളത്തെ പ്രാപ്തമാക്കിയതെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Eng­lish Sum­ma­ry: the gov­ern­ment will inter­vene more to stop the price rise
You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.