19 December 2024, Thursday
KSFE Galaxy Chits Banner 2

മനുഷ്യാവകാശം: ഇന്ത്യയുടെ നിലപാടും ലോകത്തിന്റെ കാഴ്ചപ്പാടുകളും

Janayugom Webdesk
November 14, 2022 5:00 am

ക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ ആനുകാലിക അവലോകനത്തില്‍ കഴിഞ്ഞയാഴ്ച ഇന്ത്യയുടെ റിപ്പോര്‍ട്ടാണ് പരിഗണിക്കപ്പെട്ടത്. കൗണ്‍സിലില്‍ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശം സംബന്ധിച്ച് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് അവലോകനം ചെയ്യുക പതിവാണ്. അതനുസരിച്ചാണ് ഇന്ത്യ അവതരിപ്പിച്ച റിപ്പോര്‍ട്ട് കൗണ്‍സിലിന്റെ പരിഗണനയ്ക്കു വന്നത്. നിലവില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 47 രാജ്യങ്ങളാണ് ഇതിനായുള്ള സമിതിയിലുള്ളത്. ആഫ്രിക്കയില്‍ നിന്ന് 13, ഏഷ്യ‑പസഫിക് മേഖലയില്‍ നിന്ന് 13, കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആറ്, ലാറ്റിന്‍ അമേരിക്ക — കരീബിയന്‍ മേഖലയില്‍ നിന്ന് എട്ട്, പടിഞ്ഞാറന്‍ യൂറോപ്പ്- മറ്റ് മേഖലകളില്‍ നിന്ന് ഏഴ് വീതം രാജ്യങ്ങളാണ് അംഗങ്ങള്‍. വിവിധ മേഖലകളില്‍ നിന്നുള്ള യുഎസ്, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, നോര്‍ത്ത് യുഎഇ, കൊറിയ, വെനസ്വേല, ക്യൂബ തുടങ്ങിയവയ്ക്കൊപ്പമാണ് ഇന്ത്യക്കും സമിതിയില്‍ അംഗത്വമുള്ളത്. ഇന്ത്യയെ സംബന്ധിച്ച അവലോകനത്തിന്റെ ഘട്ടത്തില്‍ രാജ്യം അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയ്ക്കെടുക്കുന്നത്. അതിനു മുന്നോടിയായി വിവിധ അംഗരാജ്യങ്ങള്‍ക്ക് അവരുടെ സംശയങ്ങള്‍ ഉന്നയിക്കുവാനും ആശങ്കകള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതനുസരിച്ച് രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍, ദളിത് പീഡനങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഹിജാബ് പ്രശ്നം, ഇന്റര്‍നെറ്റ് നിരോധനം തുടങ്ങി നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രൂക്ഷമായതിനെ തുടര്‍ന്ന് ലോകത്തിന്റെ മുന്നില്‍ ഉയര്‍ന്നുവന്ന എല്ലാ മനുഷ്യാവകാശ പ്രശ്നങ്ങളും വിവിധ രാജ്യങ്ങള്‍ അവരുടെ സംശയങ്ങളും ആശങ്കകളുമായി ഉന്നയിക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരണവും സ്വതസിദ്ധമായ ന്യായീകരണവും നടത്തിയെങ്കിലും ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ യഥാര്‍ത്ഥ അവസ്ഥ അവകാശവാദത്തിനു പുറത്താണെന്ന് ലോകം മനസിലാക്കിയെന്ന വസ്തുത അടിവരയിടുന്നതായിരുന്നു അംഗരാജ്യങ്ങളുടെ പ്രതികരണങ്ങള്‍.


ഇതുകൂടി വായിക്കൂ: നാണം കെടുത്തരുത് രാജ്യത്തെ


പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ വിരുദ്ധമാണെന്നായിരുന്നു ബെല്‍ജിയത്തിന്റെ ആശങ്ക. പ്രസ്തുത നിയമവും മത പരിവര്‍ത്തന നിയമവും മത ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതും പുനഃപരിശോധിച്ച് റദ്ദാക്കേണ്ടതുമാണെന്ന് ബെല്‍ജിയം അഭിപ്രായപ്പെട്ടു. വര്‍ഗീയമായും, ചില മതങ്ങള്‍ക്കെതിരെ ബോധപൂര്‍വവുമായും നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യവും ബെല്‍ജിയം മുന്നോട്ടുവച്ചു. മനുഷ്യാവകാശ സംരക്ഷകർ, പൗരസംഘടനകള്‍, പത്രപ്രവർത്തകർ എന്നിവർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒത്തുചേരലിനും ഉള്ള അവകാശങ്ങൾ വിനിയോഗിക്കാമെന്നും ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും മുക്തമാണെന്ന് ഉറപ്പുവരുത്തണമെന്നും ബെല്‍ജിയം അഭിപ്രായപ്പെട്ടു. ഇതേ ആശങ്ക പങ്കുവച്ച യുഎസ്, രാജ്യത്ത് വ്യാപകമായ വിദ്വേഷ പ്രസംഗവും ഇന്റര്‍നെറ്റ് നിയന്ത്രണവും ഉന്നയിച്ചു. കര്‍ണാടകയില്‍ വിവാദമായ ഹിജാബ് പ്രശ്നവും മനുഷ്യാവകാശ വിഷയമായാണ് യുഎസ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കുന്നത് തടയുന്നതിന് നിയമമുണ്ടാക്കുന്നു, ന്യൂനപക്ഷ സമുദായത്തെ ഭയപ്പെടുത്തുന്നു, അവരുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നിങ്ങനെ കുറ്റപ്പെടുത്തലിന്റെ ഭാഷയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ച യുഎസ് മതന്യൂനപക്ഷ വിഭാഗങ്ങളെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരായുകയും ചെയ്തു. സ്പെയിന്‍, പനാമ, കാനഡ, സ്ലോവേനിയ തുടങ്ങിയ അംഗരാജ്യങ്ങളും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും അതിക്രമങ്ങളെയും സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ അവതരിപ്പിക്കുകയുണ്ടായി. ലോകത്തെ പല രാജ്യങ്ങളുടെ മുന്നിലും ഇന്ത്യയെ കുറിച്ചുള്ള പൊതുധാരണ എന്താണെന്ന് വ്യക്തമാക്കുന്നവയായിരുന്നു അംഗരാജ്യങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍.


ഇതുകൂടി വായിക്കൂ: നാണം കെടുത്തരുത് രാജ്യത്തെ


ഇതിനെല്ലാം മറുപടി പറയാന്‍ ഉത്തരവാദപ്പെട്ടത് തുഷാര്‍ മേത്തയായിരുന്നു. പൗരത്വ ഭേദഗതി നിയമം, സര്‍ക്കാരിതര സന്നദ്ധ സംഘടകള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവയിലൂന്നി സംസാരിച്ച അദ്ദേഹം മറ്റെല്ലാ വിഷയങ്ങളെയും ഒഴിവാക്കുകയാണുണ്ടായത്. സുപ്രധാനമായതും ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതുമായ പല വിഷയങ്ങളിലും അദ്ദേഹം മൗനം പാലിച്ചു. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യ വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ക്ക്, വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടും വിശദീകരണം നല്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ ലോകത്തിന്റെ പൊതു കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് വ്യക്തമാകുന്നു. തുഷാര്‍ മേത്തയുടെ വിശദീകരണത്തിനു ശേഷമാണ് നോയിഡയില്‍ നടന്ന ഒരു ചടങ്ങില്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ദുരവസ്ഥയ്ക്കെതിരെ പ്രതികരിച്ചത്. ന്യൂനപക്ഷ അവകാശങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നായിരുന്നു അവരുടെ പ്രസംഗത്തിന്റെ കാതല്‍. ഇതില്‍ നിന്ന് ഇന്ത്യയുടെ അവകാശവാദങ്ങള്‍ ലോകത്തിന് ഉള്‍ക്കൊള്ളാനായില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.