23 December 2024, Monday
KSFE Galaxy Chits Banner 2

നാണനും രമേശനും ഹിഗ്വിറ്റയും!

ദേവിക
വാതിൽപ്പഴുതിലൂടെ
December 5, 2022 4:53 am

ഞങ്ങളുടെ പുരാതനമായ കണിയാപുരം പുത്തന്‍വീട്ടു തറവാട്ടില്‍ പണ്ട് രണ്ട് കാര്യസ്ഥന്മാരുണ്ടായിരുന്നു. നാണനും പുല്ലനും. പാടങ്ങളിലെ കൃഷിയുടെ മേല്‍നോട്ടം പുല്ലനായിരുന്നു. പറമ്പിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് നാണനും. ഇരുവരും ദളിതര്‍. അവര്‍ വിളയിച്ചെടുക്കുന്ന നെല്ലും പച്ചക്കറികളും പാചകം ചെയ്തു അവര്‍ക്ക് വിളമ്പിയിരുന്നത് കുഴികുത്തി അതില്‍ പൂഴ്ത്തിയ ഇലയിലും. എഴുപത് വര്‍ഷമെങ്കിലും മുമ്പാണ്. പുല്ലന് ആദ്യ കുഞ്ഞുണ്ടായപ്പോള്‍ തറവാട്ടിലെ കാരണോത്തി ചോദിച്ചു; പുല്ല, പെണ്ണു പിറന്നോ, പേരെന്താ? പുല്ലന്‍ ഭവ്യതയോടെ പറഞ്ഞു പങ്കജാക്ഷി. അതെന്താ വേറെ പേരൊന്നും ഇടാന്‍ മേലായിരുന്നോ? അവളെ പങ്കിയെന്നു വിളിച്ചാല്‍ മതി. ഈയടുത്ത എഴുപത്തെട്ടാം വയസില്‍ മരിക്കുന്നതുവരെ പങ്കജാക്ഷി നാട്ടുകാരുടെ പങ്കിയായിരുന്നു. കുറേക്കാലം കഴിഞ്ഞ് താരതമ്യേന ഇളമുറക്കാരനായ നാണനു പിറന്നത് ആണ്‍കുഞ്ഞ്. അവനു പേരിട്ടത് രമേശനെന്ന്. ഗൃഹനാഥ നാണനോട് ചോദിച്ചു, മോന്‍ ചെറുക്കനു പേരിട്ടോ. നാണന്‍ ഭവ്യതയോടെയും ജാള്യതയോടെയും അതിലേറെ കുറ്റബോധത്തോടെയും പറഞ്ഞു. പേര് രമേശന്‍. കാരണവത്തിയുടെ മുഖം രോഷംകൊണ്ട് ജ്വലിച്ചു. നിനക്കു വേറെ പേരൊന്നുമിടാന്‍ കിട്ടിയില്ലേ. കാരണം അവരുടെ മകന്റെ പേര് രമേശനെന്നാണ്. പുലയന്മാര്‍ കളിച്ചു കളിച്ചു മുറത്തില്‍ കൊത്തുന്ന കാലം. മേലാളന്മാര്‍ മക്കള്‍ക്കിടുന്ന പേര് കീഴാളന്മാര്‍ ഇട്ടു പോകരുതെന്ന കെട്ടകാലം.
ഈ ചരിത്രം പറഞ്ഞുവന്നത് ഈ അത്യാധുനിക കാലത്തും കീഴാള‑മേലാള ആശയപരിസരം നിലനില്ക്കുന്നുവെന്ന് ഓര്‍ത്തുപോയപ്പോഴാണ്. സാഹിത്യ അക്കാദമി അധ്യക്ഷനും സാഹിത്യ സാര്‍വഭൗമനുമായ സച്ചിദാനന്ദന്‍ പണ്ടൊരു കവിതയില്‍ ആത്മവിമര്‍ശനപൂര്‍വം പറഞ്ഞതോര്‍ക്കുന്നു; ‘വാക്കുകളില്‍ നമുക്ക് നക്സലെെറ്റായിടാം ആത്മവഞ്ചനയ്ക്കിവിടെ ശിക്ഷകളില്ലല്ലോ!’ അതേ സച്ചിദാനന്ദന്‍ തന്നെ ഇപ്പോള്‍ പറയുന്നു; എന്‍ എസ് മാധവന്‍ എഴുതിയ ‘ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ കഥയുടെ പേര് ഏതോ ഒരു സംവിധായകന്‍ പയ്യന്‍ തന്റെ സിനിമയുടെ പേരാക്കിയത് നിയമലംഘനമായിപ്പോയെന്ന്. തന്റെ സിനിമയ്ക്ക് മാധവന്‍ സാറിന്റെ ഹിഗ്വിറ്റയുമായി പുലബന്ധം പോലുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍ ആണയിട്ടു പറയുന്നു. എന്നിട്ടും ‘വാക്കുകളില്‍ നമുക്ക് ആധുനികനാവുക, ആത്മവഞ്ചനയ്ക്കിവിടെ ശിക്ഷകളില്ലല്ലോ’ എന്ന മട്ടില്‍ സച്ചിദാനന്ദന്‍ പുലമ്പുന്നു സംവിധായകനെ മൂക്കുംനുള്ളി ഭക്ഷിച്ചുകളയുമെന്ന്. ഇത്തരക്കാരെയാണ് ജനം വിളിക്കുന്നത് സാഹിത്യമാടമ്പിമാരെന്ന്.
ഇനി ആരാണീ ഹിഗ്വിറ്റ എന്നു നോക്കാം. കൊളംബിയന്‍ ഫുട്ബോള്‍ ടീമിന്റെ വിചിത്ര സ്വഭാവക്കാരനായ റെനേ ഹിഗ്വിറ്റ. ഗോള്‍ വലയം ഉപേക്ഷിച്ച് മെെതാന മധ്യത്തും എതിരാളിയുടെ ഗോള്‍മുഖത്തും പാഞ്ഞുകയറി ഗോളടിച്ചിരുന്ന വിദഗ്ധന്‍. പ്രതിയോഗിയുടെ ഗോള്‍വലയ്ക്ക് സമാന്തരമായി അന്തരീക്ഷത്തില്‍ പറന്ന് ഗോള്‍ മുഖത്തേക്ക് നോക്കി പിന്‍കാലുകളാല്‍ ഷോട്ട് പായിച്ച് ഗോള്‍ വല കുലുക്കുന്ന ഫിഫ ലോകകപ്പിലെ തേള്‍ കിക്ക് അഥവാ സ്കോര്‍പിയോ കിക്ക് എന്ന കേളീശെെലിയുടെ ഉപജ്ഞാതാവ്. തന്നെ ഏല്പിച്ച ചുമതല ഏല്‍ക്കാതെ എതിര്‍വലയത്തില്‍ നുഴഞ്ഞുകയറി ഗോളടിക്കാന്‍ മലര്‍ന്നുപറന്ന ഹിഗ്വിറ്റയില്‍ നിന്നും പന്ത് തട്ടിയെടുത്ത് ഹിഗ്വിറ്റ നില്ക്കേണ്ട പോസ്റ്റില്‍ കൊണ്ടുപോയി ഗോളടിച്ച എതിര്‍ടീമിലെ റോജര്‍ മില്ലയുടെ ചരിത്രവുമുണ്ട്. കളികഴിഞ്ഞാല്‍ കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകളുടെ തലവനാകുന്നു. മരുന്നടിയോട് മരുന്നടി. തങ്ങളുടെ കയ്യിലിരുപ്പുകൊണ്ട് ഭൂലോക പ്രശസ്തരായ ഗോള്‍കീപ്പര്‍മാരായ ലെവ്‌യാഷിനേയും ഗോള്‍ഡന്‍ ബാങ്കിനേയും കവച്ചുവച്ച് പ്രസിദ്ധി നേടി‍. അങ്ങനെയെങ്കില്‍ പീറ്റര്‍ ഹാന്‍മേ എഴുതിയ കൃതിയിലെ ജോസഫ് ബോഹ് എന്ന കളിഭ്രാന്തനായ കെട്ടിടം പണിക്കാരനെ കഥാതന്തുവാക്കി രചിച്ച കൃതിയുടെ അനുകരണമാണ് മാധവന്റെ ഹിഗ്വിറ്റയിലെ ഗീവര്‍ഗീസ് അച്ചന്‍ എന്നു പറയേണ്ടിവരും. പെണ്‍വാണിഭം, ഗുണ്ടായിസം തുടങ്ങി കര്‍ത്താവിന്റെ ഗോള്‍മുഖം കാക്കേണ്ട ഗീവര്‍ഗീസ് അച്ചന് ജോസഫ് ബോഹുമായി സാദൃശ്യമുണ്ടായത് യാദൃച്ഛികമെന്നു പറഞ്ഞ് എന്‍ എസ് മാധവന്‍ തടിതപ്പാന്‍ നോക്കണ്ട! ടി പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ അതേ തലക്കെട്ടില്‍ സക്കറിയ അടിച്ചുമാറ്റിയപ്പോള്‍ പത്മനാഭന്‍ മാഷ് കേസിനു പോയോ. അദ്ദേഹത്തിന്റെ ‘ഗൗരി’ എന്ന കൃതിയുടെ പേര് ഒരു സിനിമയ്ക്ക് നല്കിയപ്പോള്‍ പത്മനാഭന്‍ തീപ്പെട്ടിയും പെട്രോളുമായി സിനിമാ കൊട്ടകയ്ക്ക് തീയിട്ടോ. ഇതെല്ലാം നാണന് സ്വന്തം കുഞ്ഞിന് രമേശന്‍ എന്നു പേരിട്ടുകൂടാ എന്ന മട്ടിലുള്ള മാടമ്പി മനോഭാവം മാത്രം.
ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ ക്രിക്കറ്റ് പര്യടനത്തിലാണിപ്പോള്‍. എന്നാല്‍ മലയാളിതാരം സഞ്ജുസാംസണെ ഗാലറിയിലിരുത്തിയാണ് കളിയെല്ലാം. പകരം നിറംമങ്ങിയ റിഷഭ് പന്തിനെയും ശുഭ്മാന്‍ ഗില്ലിനെയും കളത്തിലിറക്കിയാണ് കളി. സഞ്ജുവിനു ഫോമില്ലത്രേ. ടീമില്‍ ഏറ്റവും തിളങ്ങുന്ന സൂര്യകുമാര്‍ യാദവിനും മുന്നിലാണ് സഞ്ജുവെന്ന കാര്യം ടീം മാനേജ്മെന്റ് മറച്ചുപിടിച്ചു. യാദവിന്റെ ഏറ്റവും മികച്ച സ്ട്രെെക്ക് റേറ്റ് 185 ആയിരുന്നു. സഞ്ജുവിന്റേത് 187.5.63. പന്തില്‍ നിന്നും 83 റണ്‍സും 36 പന്തില്‍ നിന്ന് 30 റണ്‍സും 30 പന്തില്‍ നിന്ന് 49 റണ്‍സുമെടുത്ത സഞ്ജുവിന് ഫോം പോരത്രേ. ഈ കളിയിലെ കളികള്‍ക്കെല്ലാം പിന്നില്‍ മറ്റൊരു കളിയുണ്ട്. മണ്ടന്മാരായ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കെതിരായ കളിപ്പീരുകളി. ഒരു മലയാളി ടീമിലുണ്ടെങ്കില്‍ പിന്നെ നമുക്ക് ആഘോഷമാണ്. പണ്ട് പ്രശസ്ത ലോങ്ജമ്പറായ ടി സി യോഹന്നാന്റെ പുത്രന്‍ ടിനു യോഹന്നാനെ ടീമംഗമാക്കി കുറേക്കാലം കൊണ്ടുനടന്നു. മൂന്ന് സീസണ്‍ കഴിഞ്ഞപ്പോള്‍ തഴഞ്ഞു. ശ്രീശാന്തിനെ ഒത്തുകളിയില്‍ കുടുക്കി പുറത്താക്കി. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസി ഗുണാണ്ടര്‍മാര്‍ ശ്രീശാന്തിനു മാപ്പ് നല്കിയില്ല. ഇപ്പോള്‍ സഞ്ജു സാംസണും. ടീമംഗമെന്ന പുല്ലുകാട്ടി കഴുതപ്പുറത്തിരുന്നു സഞ്ചരിക്കുന്ന ബിസിസിയെ സാക്ഷാല്‍ അമിത്ഷായുടെ മകന്‍ ജയ്ഷാ നയിക്കുമ്പോള്‍ ഇനി ഇതിനപ്പുറവും പ്രതീക്ഷിക്കാം.
പ്രതികരിക്കാന്‍ നമുക്കറിയില്ലല്ലോ. പ്രതികരിച്ചാലോ കാര്യമറിയാതെയും. ഇത് അത്തരമൊരു പ്രതികരണത്തിന്റെ സംഭവകഥയാണ്. ഒരമ്മയും മകനും തീവണ്ടിയില്‍ സഞ്ചരിക്കുന്നു. മകന് ഇരുപത്തഞ്ച് വയസുവരും. തീവണ്ടിയുടെ പുറത്തേക്ക് നോക്കിയിരുന്ന മകന് ഓരോ കാഴ്ചകള്‍ കാണുമ്പോഴും ആഹ്ലാദം. ‘അമ്മേ, ഇതാ മേഘങ്ങള്‍ നമ്മോടൊപ്പം വരുന്നു. ദേ അമ്മേ മരങ്ങളും വീടുകളും പിന്നോട്ടേക്ക് പോകുന്നു. മനുഷ്യര്‍ ഇതാ ഓടിമറയുന്നു. യാത്രക്കാര്‍ കരുതി ആ യുവാവ് കടുത്ത മാനസികരോഗിയാണെന്ന് . ഒരു സ്ത്രീ ആ അമ്മയോട് ചോദിച്ചു, മകനെയെന്താ ഒരു ഡോക്ടറെ കാണിക്കാത്തെ. അമ്മ പറഞ്ഞു. ‘ഡോക്ടറെ കണ്ടിട്ടു വരികയാ. അവന് ആദ്യമായി കാഴ്ചശക്തി കിട്ടിയിരിക്കുകയാണ്. കാര്യമറിയാതെ പ്രതികരിച്ച സ്ത്രീയുടെ മുഖത്ത് സഹതാപം. കാര്യമറിയാതെ പ്രതികരിക്കുന്ന സച്ചിദാനന്ദന്മാരുടെ നാടായിപ്പോയല്ലോ ഈ പ്രിയ കേരളം!

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.