3 May 2024, Friday

Related news

May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024

കുത്തകതാല്പര്യ ബില്ലുകളുമായി പാര്‍ലമെന്റ് സമ്മേളനം: ബിജെപിക്ക് അടിയറവുപറഞ്ഞ് കോണ്‍ഗ്രസ്

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
December 7, 2022 1:07 am

രാജ്യത്തിന്റെ സമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന സുപ്രധാന ബില്ലുകളുമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം. പരിഗണനയ്ക്കെടുക്കുന്ന 16 ബില്ലുകളും എതിര്‍ശബ്ദമില്ലാതെ എളുപ്പത്തില്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് സൗകര്യമൊരുക്കി രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് നേതാക്കളെല്ലാം സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ആശയംകൊണ്ട് സംഘടനയ്ക്കും ലക്ഷ്യംകൊണ്ട് നാടിനും ഗുണമില്ലാത്ത ഭാരത് ജോഡോ യാത്രയുടെ പേരിലാണ് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഒളിച്ചോട്ടം.

ദേശീയ രാഷ്ട്രീയം ഏറെ ശ്രദ്ധയോടെ നോക്കിക്കണ്ട ഗുജറാത്ത് തെരഞ്ഞെടുപ്പിലും ജോഡോ യാത്രയുടെ പേരില്‍ രാഹുല്‍ ബിജെപിയെ നേരിടാന്‍ നിന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിനിര്‍ണായകമായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഒരു ദിവസം മാത്രമാണ് രാഹുല്‍ ഗുജറാത്തില്‍ എത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ ജനവിരുദ്ധ ബിജെപി സര്‍ക്കാരിന് ബദലുകളുയര്‍ത്തുന്ന കേരളത്തിലായിരുന്നു യാത്രയുടെ നല്ല പങ്കും.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്‍ ഉള്‍പ്പെടെ പരിഗണിക്കുന്ന സമ്മേളനത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഒളിച്ചോടുന്നത്. വനമേഖലയില്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈകടത്താന്‍ അവകാശം കൊടുക്കുന്ന വനസംരക്ഷണ ഭേദഗതി ബില്ലും മോഡി ഭരണകൂടം ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷൻ ബില്‍, റിപ്പീലിങ് ആന്റ് അമെൻഡിങ് ബില്‍ എന്നിവയും ലോക്‌സഭയുടെയും രാജ്യസഭയുടെയും ഷെഡ്യൂള്‍ അനുസരിച്ച് നിലവിലെ സാമ്പത്തിക വര്‍ഷം അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ തുക ചെലവഴിക്കാനുള്ള അനുമതി തേടുന്ന ബില്ലും അവതരിപ്പിക്കുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ കച്ചവടക്കണ്ണുള്ള ഒന്നാണ് ട്രേഡ് മാര്‍ക്ക് ഭേദഗതി ബില്‍ 2022.

അനാവശ്യവും കാലഹരണപ്പെട്ടതുമായ ചില നിയമങ്ങള്‍ റദ്ദാക്കുന്നതിനായി റിപ്പീലിങ് ആന്റ് അമെൻഡിങ് ബില്ലും അവതരിപ്പിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്ക് അടിയറവുപറയുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.