കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് രാവിലെ വിളിച്ച് ചേര്‍ത്തപ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ അപ്രതീക്ഷിത സാന്നിധ്യമായി ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും.
കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസുമായി അകലം പാലിച്ച് വരികയായിരുന്നു ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. ഇന്ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനുള്ള സംയുക്ത തന്ത്രം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്തത്. ഇടതുപാര്‍ട്ടികള്‍, ഡി എം കെ, ആര്‍ ജെ ഡി, എന്‍ സി പി, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍ എസ് പി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തിനെത്തിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യോഗങ്ങളിലും പരിപാടികളിലും നിന്ന് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനിന്നിരുന്നു. മണ്‍സൂണ്‍ സമ്മേളനത്തില്‍, പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു നീക്കത്തിനും ഇരുപാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നില്ല. ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങളില്‍ സമവായം ഉണ്ടാക്കുന്നതിനായി നവംബര്‍ 29ന് നടന്ന പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കായി ഖാര്‍ഗെ നടത്തിയ യോഗത്തിലും ആം ആദ്മിയും തൃണമൂലും പങ്കെടുത്തിരുന്നില്ല. ജൂലൈയില്‍, ഖാര്‍ഗെ വിളിച്ച സമാനമായ യോഗം എഎപിയും തൃണമൂലും ഒഴിവാക്കിയിരുന്നു.
തൃണമൂല്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനൊപ്പം നീക്കം നടത്തുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തില്‍ ചേരുന്നതിനുപകരം തൃണമൂല്‍ പാര്‍ലമെന്റില്‍ വെവ്വേറെ പ്രതിഷേധങ്ങള്‍ ആയിരുന്നു നടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ന് ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് വിളിച്ച യോഗത്തിനെത്തിയത് ശ്രദ്ധേയമാകുന്നത്. അതേസമയം പാര്‍ലമെന്റ് ജനാധിപത്യ ചര്‍ച്ച നടക്കേണ്ട സ്ഥലമാണ് എന്നും ജനങ്ങള്‍ക്ക് പ്രസക്തമായ എല്ലാ വിഷയങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും എന്നും യോഗത്തില്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്ററി പ്രക്രിയകളിലും സംവാദങ്ങളിലും പൂര്‍ണ സഹകരണം നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും ഖാര്‍ഗെ വ്യക്തമാക്കി.
English Summary:
Aam Aadmi Party and Trinamool participated in a joint meeting of opposition parties convened by Mallikarjun Kharge.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.